ഞങ്ങളുടെ കോളേജ് സംഗീത ഗ്രൂപ്പിന്റെ നേതാവ് ഗ്രൂപ്പിനെ നയിക്കുകയും അതേ സമയം പിയാനോയില്‍ ഞങ്ങളോടൊപ്പം ചേരുകയും വൈദഗ്ധ്യത്തോടെ ആ ഉത്തരവാദിത്വങ്ങള്‍ സന്തുലനപ്പെടുത്തുകയും ചെയ്തു. ഒരു കച്ചേരിയുടെ അവസാനത്തില്‍, അദ്ദേഹം പ്രത്യേകിച്ച് ക്ഷീണിതനായി കാണപ്പെട്ടതിനാല്‍ ഞാന്‍ അദ്ദേഹത്തോട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു, ”എനിക്ക് മുമ്പ് ഇത് ചെയ്യേണ്ടി വന്നിട്ടില്ല.” തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു. ”പിയാനോ ട്യൂണ്‍ ചെയ്യാഞ്ഞതിനാല്‍ എനിക്ക് രണ്ട് വ്യത്യസ്ത കീകളിലായി ആദ്യാവസാനം വായിക്കേണ്ടി വന്നു – എന്റെ ഇടത് കൈ ഒരു കീയിലും വലതു കൈ മറ്റൊന്നിലും എന്ന നിലയില്‍!” അദ്ദേഹം പ്രകടിപ്പിച്ച അമ്പരപ്പിക്കുന്ന വൈദഗ്ദ്ധ്യം എന്നെ ആകര്‍ഷിച്ചു, അത്തരം കാര്യങ്ങള്‍ക്ക് കഴിവുള്ളവരായി മനുഷ്യരെ സൃഷ്ടിക്കുന്നവനെ ഞാന്‍ അത്ഭുതത്തോടെ സ്മരിച്ചു.

ദാവീദ് രാജാവ് ഇതിലും വലിയ ആശ്ചര്യബോധം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു, ”ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാല്‍ ഞാന്‍ നിനക്കു സ്‌തോത്രം ചെയ്യുന്നു. നിന്റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു’ (സങ്കീര്‍ത്തനം 139:14). ആളുകളുടെ കഴിവുകളിലോ പ്രകൃതിയുടെ അത്ഭുതങ്ങളിലോ ആകട്ടെ, സൃഷ്ടിയുടെ അത്ഭുതങ്ങള്‍ നമ്മുടെ സ്രഷ്ടാവിന്റെ മഹിമയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഒരു ദിവസം, നാം ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍, എല്ലാ തലമുറകളിലുമുള്ള ആളുകള്‍ ഈ വാക്കുകളോടെ അവനെ ആരാധിക്കും, ”കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും
സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍’ (വെളിപ്പാട് 4:11). ദൈവം നമുക്ക് നല്‍കുന്ന അത്ഭുതകരമായ കഴിവുകളും ദൈവം സൃഷ്ടിച്ച മഹത്തായ സൗന്ദര്യവും അവനെ ആരാധിക്കുന്നതിനുള്ള ധാരാളം കാരണങ്ങളാണ്.