അടുത്ത കാലത്ത്, ഒരു ഫോട്ടോഗ്രാഫര്‍ ഒരു കൃഷിക്കാരന് നിരാശനായി തനിച്ച് തന്റെ ഉണങ്ങി വരണ്ട കൃഷിസ്ഥലത്ത് ഇരിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പകര്‍ത്തി. വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പശ്ചാത്തലത്തില്‍ കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി നിരവധി പത്രങ്ങളുടെ മുന്‍ പേജുകളില്‍ ഈ ഫോട്ടോ അച്ചടിച്ചു വന്നു.
യെരുശലേമിന്റെ നാശത്തിന്റെ പശ്ചാത്തലത്തില്‍ യഹൂദയുടെ നിരാശയുടെ മറ്റൊരു ചിത്രം വിലാപങ്ങളുടെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. നഗരം നശിപ്പിക്കാന്‍ നെബൂഖദ്നേസറിന്റെ സൈന്യം എത്തുന്നതിനുമുമ്പ്, ഉപരോധത്തിന്റെ ഫലമായി ജനങ്ങള്‍ പട്ടിണി അനുഭവിച്ചിരുന്നു (2 രാജാക്കന്മാര് 24:10-11). വര്‍ഷങ്ങളോളം ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമായിരുന്നു അവരുടെ തകര്‍ച്ച എങ്കിലും, വിലാപങ്ങളുടെ എഴുത്തുകാരന് തന്റെ ജനത്തിനുവേണ്ടി ദൈവത്തോട് നിലവിളിച്ചു (വിലാപങ്ങള്‍ 2:11-12).
107-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവും യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിരാശാജനകമായ സമയത്തെക്കുറിച്ച് വിവരിക്കുന്നു (യിസ്രായേല്‍ മരുഭൂമിയിലെ അലച്ചിലിനെക്കുറിച്ച്, വാ. 4-5). അവരുടെ പ്രയാസകരമായ സമയങ്ങളില്‍ അവര്‍ ചെയ്ത കാര്യത്തിലേക്ക് പിന്നീട് ശ്രദ്ധ തിരിക്കുന്നു: ”അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു’ (വാ. 6). എന്തൊരു അത്ഭുതകരമായ ഫലമാണുണ്ടായത്: ”അവന് അവരെ അവരുടെ ഞെരുക്കങ്ങളില്നിന്നു വിടുവിച്ചു.”
നിരാശയിലാണോ? മിണ്ടാതിരിക്കരുത്. ദൈവത്തോട് നിലവിളിക്കുക. അവന് കേള്‍ക്കുകയും നിങ്ങളുടെ പ്രത്യാശ പുനഃസ്ഥാപിക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. അവന് എല്ലായ്പ്പോഴും നമ്മെ വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് പുറത്തെടുക്കുന്നില്ലെങ്കിലും, അവന് എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
സ്വര്‍ഗ്ഗീയപിതാവേ, അങ്ങയുടെ ആശ്വാസകരമായ സാന്നിധ്യത്തിന് ഞാന്‍ നന്ദിയുള്ളവനാണ്.