തന്റെ ഒടിഞ്ഞ കാല് സുഖപ്പെടുത്താന്‍ സഹായിച്ച ഒരാളെ ഒരു കടല്‍ക്കാക്ക പന്ത്രണ്ട് വര്‍ഷം ദിവസേന സന്ദര്‍ശിക്കുമായിരുന്നു. ജോണ്‍ നായ ബിസ്‌ക്കറ്റ് കൊണ്ട് അതിനെ ഇണക്കുകയും പിന്നീട് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ പക്ഷി വേനല്‍ക്കാലത്തേക്കു മാത്രമാണ് ഈ കൊച്ചു കടല്‍ത്തീര പട്ടണത്തില്‍ എത്തുന്നതെങ്കിലും അവനും ജോണും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നു- ജോണ്‍ ഓരോ ദിവസവും കടല്‍ത്തീരത്ത് എത്തുമ്പോള്‍ പക്ഷി നേരെ അവന്റെ അടുത്തെത്തുന്നു. മറ്റൊരു മനുഷ്യനെയും അതു സമീപിക്കുകയില്ല. ഇത് ഉറപ്പായും അസാധാരണമായ ഒരു ബന്ധമാണ്.

കടല്‍ക്കാക്കയും ജോണും തമ്മിലുള്ള ഈ അതുല്യമായ ബന്ധം മനുഷ്യനും പക്ഷിയും തമ്മിലുള്ള അസാധാരണമായ മറ്റൊരു ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ പ്രവാചകന്മാരില്‍ ഒരാളായ ഏലിയാവിനെ വരള്‍ച്ചയുടെ സമയത്ത് ”കെരിത്ത് തോട്ടില്‍ ഒളിച്ചിരിക്കാന്‍” ദൈവം അയച്ചപ്പോള്‍, തോട്ടില്‍ നിന്ന് കുടിച്ചുകൊള്ളാനും അവനു ഭക്ഷണം നല്‍കാന്‍ കാക്കകളെ അയയ്ക്കാമെന്നും ദൈവം പറഞ്ഞു (1 രാജാക്കന്മാര്‍ 17:3-4). പ്രയാസകരമായ സാഹചര്യങ്ങളും ചുറ്റുപാടുകളും ഉണ്ടായിരുന്നിട്ടും, ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ഏലിയാവിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടു. ഭക്ഷണം വിളമ്പാന്‍ തീരെ അനുയോജ്യരല്ല കാക്കകള്‍ – സ്വാഭാവികമായും മലിനമായ വസ്തുക്കള്‍ ഭക്ഷിക്കുന്നവയാണ് അവ – എന്നിട്ടും അവ ഏലിയാവിന് ആരോഗ്യകരമായ ഭക്ഷണം കൊണ്ടുവന്നു.

ഒരു മനുഷ്യന്‍ ഒരു പക്ഷിയെ സഹായിക്കുമെന്നതില്‍ നമുക്ക് അതിശയിക്കാനില്ല, പക്ഷേ പക്ഷികള്‍ ഒരു മനുഷ്യന് ”രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും” നല്‍കുമ്പോള്‍, അത് ദൈവത്തിന്റെ ശക്തിയും കരുതലും കൊണ്ട് എന്നു മാത്രമേ വിശദീകരിക്കാനാകൂ (വാ. 6). ഏലിയാവിനെപ്പോലെ നമുക്കും നമുക്കുവേണ്ടിയുള്ള അവിടുത്തെ കരുതലില്‍ വിശ്വസിക്കാം.