പ്രശസ്ത ശില്പിയായ ലിസ് ഷെപ്പേര്‍ഡ് ഒരിക്കല്‍ അവളുടെ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവളുടെ ഡാഡിയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ കട്ടിലില്‍ അവള്‍ ചെലവഴിച്ച വിലയേറിയ അന്ത്യ നിമിഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു അത്. ഇത് ശൂന്യതയും നഷ്ടവും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാവാത്തയിടത്താണ് എന്ന തോന്നലും ഉളവാക്കുന്നതായിരുന്നു.

മരണം വിലപ്പെട്ടതാണെന്ന ആശയം സാധാരണ ധാരണകള്‍ക്ക് വിരുദ്ധമായതാണെന്നു തോന്നാം; എന്നിരുന്നാലും, ‘തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു’ എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രഖ്യാപിക്കുന്നു (സങ്കീര്‍ത്തനം 116:15). ദൈവം തന്റെ ജനത്തിന്റെ മരണത്തെ അമൂല്യമായി കരുതുന്നു, കാരണം അവര്‍ കടന്നുപോകുമ്പോള്‍ അവരെ അവന്‍ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ്.

ദൈവത്തിന്റെ വിശ്വസ്തരായ ഈ ദാസന്മാര്‍ (”വിശുദ്ധന്മാര്‍”) ആരാണ്? സങ്കീര്‍ത്തനക്കാരന്റെ അഭിപ്രായത്തില്‍, ദൈവത്തിന്റെ വിടുതലിനോടുള്ള നന്ദിയോടെ ദൈവത്തെ സേവിക്കുന്നവരും അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരും അവന്റെ മുമ്പില്‍ സംസാരിക്കുന്ന വാക്കുകളെ മാനിക്കുന്നവരുമാണ് (സങ്കീര്‍ത്തനം 116:16-18). അത്തരം പ്രവൃത്തികള്‍ ദൈവത്തോടൊപ്പം നടക്കാനും അവന്‍ നല്‍കുന്ന സ്വാതന്ത്ര്യം സ്വീകരിക്കാനും അവനുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള മനപ്പൂര്‍വമായ തിരഞ്ഞെടുപ്പുകളെ പ്രതിനിധീകരിക്കുന്നു.

അങ്ങനെ ചെയ്യുമ്പോള്‍, ”ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലപ്പെട്ടവനുമായ’ യേശുവിന്റെ കൂട്ടായ്മയില്‍ നാം ഉള്‍പ്പെടുന്നു. തിരുവെഴുത്ത് ഇപ്രകാരം പറയുന്നു: ‘ഞാന്‍ ശ്രേഷ്ഠവും മാന്യവുമായൊരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകുകയില്ല” (1 പത്രൊസ് 2:4-6). നമ്മുടെ വിശ്വാസം ദൈവത്തില്‍ ആയിരിക്കുമ്പോള്‍, ഈ ജീവിതത്തില്‍ നിന്ന് നാം അകന്നുപോകുന്നത് അവിടുത്തെ ദൃഷ്ടിയില്‍ വിലപ്പെട്ടതാണ്.