ഞാന്‍ കോളേജില്‍ പഠിക്കുന്ന ഒരു വര്‍ഷം, ഞാന്‍ വിറക് വെട്ടുകയും അടുക്കിവയ്ക്കുകയും വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇത് ഒരു കഠിനമായ ജോലിയായിരുന്നു, അതിനാല്‍ 2 രാജാക്കന്മാര് 6-ാം അധ്യായത്തിലെ മരംവെട്ടുകാരനോട് എനിക്കു സഹാനുഭൂതിയുണ്ട്.
എലീശയുടെ പ്രവാചകന്മാര്ക്കുള്ള വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു, അവരുടെ ക്ലാസ് മുറി വളരെ ചെറുതായിത്തീര്‍ന്നു. കാട്ടിലേക്ക് പോയി മരങ്ങള്‍ വെട്ടിക്കൊണ്ടുവന്ന് അവരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ആരോ നിര്‍ദ്ദേശിച്ചു. എലീശ സമ്മതിച്ച് ജോലിക്കാരോടൊപ്പം പോയി. കാര്യങ്ങള്‍ വളരെ നന്നായി നടക്കുന്നതിനിടയിലാണ് ആരുടെയോ കോടാലി വെള്ളത്തില്‍ വീണത് (വാ. 5).
ചിലര്‍ അഭിപ്രായപ്പെടുന്നത് എലീശ ഒരു വടികൊണ്ട് വെള്ളത്തില്‍ പരതി നോക്കി കോടാലി കണ്ടെത്തിയശേഷം കമ്പുകൊണ്ട് പതുക്കെ പൊക്കിയെടുത്തു എന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അത് എടുത്തുപറയേണ്ട കാര്യമില്ല. ഇല്ല, അതൊരു അത്ഭുതമായിരുന്നു: ദൈവത്തിന്റെ കരത്താല്‍ കോടാലി ചലിച്ച് പൊങ്ങിക്കിടക്കാന് തുടങ്ങി, അങ്ങനെ ആ മനുഷ്യന് അത് വീണ്ടെടുക്കാന്‍ കഴിഞ്ഞു (വാ. 6-7).
ലളിതമായ അത്ഭുതം അഗാധമായ ഒരു സത്യം ഉള്‍ക്കൊള്ളുന്നു: നഷ്ടപ്പെട്ട കോടാലി, നഷ്ടപ്പെട്ട താക്കോലുകള്‍, നഷ്ടപ്പെട്ട ഗ്ലാസുകള്‍, നഷ്ടപ്പെട്ട ഫോണുകള്‍ എന്നിങ്ങനെ നമ്മെ വിഷമിപ്പിക്കുന്ന ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈവം ശ്രദ്ധാലുവാണ്. നഷ്ടപ്പെട്ടവയെ അവന് എല്ലായ്പ്പോഴും പുനഃസ്ഥാപിക്കുകയില്ല, പക്ഷേ നമ്മുടെ ദുരിതത്തില്‍ അവന് നമ്മെ മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ രക്ഷയുടെ ഉറപ്പിന് അടുത്തായി, ദൈവത്തിന്റെ കരുതലിന്റെ ഉറപ്പ് അത്യാവശ്യമാണ്. അതില്ലാതെ നമുക്ക് ലോകത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും, അസംഖ്യം ആശങ്കകള്‍ക്ക് നാം വിധേയരാകും. അവന് കരുതുന്നുവെന്നും നമ്മുടെ നഷ്ടങ്ങള്‍ – അവ എത്ര ചെറുതായിരുന്നാലും – അവനെ ചലിപ്പിക്കുമെന്നും അറിയുന്നത് നല്ലതാണ്. നമ്മുടെ ആശങ്കകള്‍ അവന്റെ ആശങ്കകളാണ്.
നിങ്ങള്‍ക്ക് ഇപ്പോള്‍ ദൈവത്തില്‍ ഇടുവാന്‍ കഴിയുന്ന ''ചെറിയ'' കാര്യങ്ങള്‍ ഏതാണ്? നിങ്ങള്‍ക്കായുള്ള അവന്റെ ദൈനംദിന കരുതലിനെക്കുറിച്ചു ഉറപ്പുള്ളവരാകാന് കഴിയുമെന്ന് അറിയാന്‍ ഇത് നിങ്ങളെ എങ്ങനെ സഹായിക്കുന്നു?
സ്നേഹവാനായ ദൈവമേ, ഇതാ എന്റെ ആശങ്കകള്‍. ദയവായി അവയെ എടുത്ത് അങ്ങ് ആഗ്രഹിക്കുന്ന രീതിയില്‍ അങ്ങയുടെ സമാധാനം എനിക്കു നല്കണമേ.