ജോ ജോലിയില്‍ നിന്ന് എട്ട് ആഴ്ചത്തെ ”അവധി” എടുത്തത് ആഘോഷിക്കാനായിരുന്നില്ല, പ്രകൃതിദുരന്തത്തിന് ഇരയായവരെ സഹായിക്കാനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ”ഭവനരഹിതരുടെ ഇടയില്‍ വീണ്ടും ജീവിക്കുക, അവരില്‍ ഒരാളാകുക, വിശപ്പും ക്ഷീണവും മറ്റുള്ളവരാല്‍ വിസ്മരിക്കപ്പെടുന്നതും എന്താണെന്ന് ഓര്‍മിക്കുക” എന്നതായിരുന്നു ആ ഇടവേള. ജോയുടെ തെരുവുകളുമായുള്ള പരിചയം ഒന്‍പത് വര്‍ഷം മുമ്പ് ആദ്യമായി നഗരത്തിലെത്തിയപ്പോള്‍ ജോലിയോ താമസിക്കാനുള്ള സ്ഥലമോ ഇല്ലാതെ ജീവിച്ചതാണ്. പതിമൂന്ന് ദിവസം അദ്ദേഹം തെരുവുകളില്‍ കാര്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ താമസിച്ചു. അങ്ങനെയാണ് ദരിദ്രരായ ആളുകളുടെ ഇടയില്‍ പതിറ്റാണ്ടുകളുടെ ശുശ്രൂഷയ്ക്കായി ദൈവം അവനെ ഒരുക്കിയത്.
യേശു ഭൂമിയില്‍ വന്നപ്പോള്‍, താന്‍ രക്ഷിക്കാനെത്തിയവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും തിരഞ്ഞെടുത്തു. ”മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു
കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രായര്‍ 2:14,15). ജനനം മുതല്‍ മരണം വരെ, ക്രിസ്തുവിന്റെ മാനുഷിക അനുഭവത്തില്‍ നിന്ന് പാപം മാത്രമേ മാറിനിന്നുള്ളു (4:15). അവന് പാപത്തെ ജയിച്ചതിനാല്‍, നാം പാപം ചെയ്യാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ അവന് നമ്മെ സഹായിക്കാന്‍ കഴിയും.
നമ്മുടെ ഭൗമിക ഉത്ക്കണ്ഠകളെ യേശുവിന് വീണ്ടും പരിചയപ്പെടേണ്ടതില്ല. നമ്മെ രക്ഷിക്കുന്നവന് നാമുമായി ആഴമായി ബന്ധപ്പെട്ടിരിക്കുന്നു; അവനു നമ്മില്‍ ആഴത്തിലുള്ള താത്പര്യവുമുണ്ട്. നാം ജീവിതത്തില്‍ എന്തുതന്നെ നേരിട്ടാലും, നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് നമ്മെ രക്ഷിച്ചവന് (2:14), നമ്മുടെ ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.
നമ്മോടൊപ്പം താദാത്മ്യപ്പെടാനും സഹായിക്കാനും കഴിയേണ്ടതിന് യേശു നമ്മില്‍ ഒരാളായിത്തീര്ന്നുവെന്ന് അറിയുന്നത് നിങ്ങളെ എങ്ങനെ ധൈര്യപ്പെടുത്തുന്നു? നിങ്ങളുടെ ജീവിതത്തിലെ ഈ പരിതസ്ഥിതിയില്‍ അവന് സമാന അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് അറിയുന്നത് എന്ത് വ്യത്യാസമാണു വരുത്തുന്നത്?
പിതാവേ, എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ സഹായിക്കാന്‍ അങ്ങു തയ്യാറാണെന്ന് ഓര്‍മ്മിക്കാന്‍ എന്നെ സഹായിക്കണമേ.