ദൈവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് മൗ തന്റെ റെസ്റ്റ്‌ലെസ് ഫെയ്ത്ത് എന്ന ഗ്രന്ഥത്തില്‍ ഭൂതകാലത്തിന്റെ പാഠങ്ങള്‍ ഓര്‍മ്മിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. സോഷ്യോളജിസ്റ്റ് റോബര്‍ട്ട് ബെല്ലയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, ”ആരോഗ്യമുള്ള രാഷ്ട്രങ്ങള്‍ ഓര്‍മ്മയുള്ള സമൂഹങ്ങള്‍ ആയിരിക്കണം.” ബെല്ല ആ തത്ത്വം കുടുംബങ്ങള്‍ പോലുള്ള മറ്റ് സാമൂഹിക ബന്ധങ്ങളിലേക്കും വ്യാപിപ്പിച്ചു. സമൂഹത്തില്‍ ജീവിക്കുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് ഓര്‍മ്മിക്കല്‍.

സാമൂഹിക സ്മരണയുടെ മൂല്യം തിരുവെഴുത്തുകളും പഠിപ്പിക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനായി യിസ്രായേല്യര്‍ക്ക് പെസഹാ പെരുന്നാള്‍ നല്‍കി (പുറപ്പാട് 12:1-30 കാണുക). ഇന്നും, ലോകമെമ്പാടുമുള്ള യെഹൂദന്മാര്‍ ഓരോ വസന്തകാലത്തും ആ സമൃദ്ധമായ സാമൂഹിക സ്മരണ വീണ്ടും പുതുക്കുന്നു.

ക്രിസ്തുവിന്റെ അനുയായികളെ സംബന്ധിച്ചും പെസഹയ്ക്ക് വലിയ അര്‍ത്ഥമുണ്ട്, കാരണം പെസഹ എപ്പോഴും മശിഹായുടെ ക്രൂശിലെ പ്രവൃത്തിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ക്രൂശിന്റെ തലേരാത്രിയില്‍ പെസഹായുടെ സമയത്താണ് യേശു സ്വന്തം സ്മാരക അത്താഴം സ്ഥാപിച്ചത്. ലൂക്കൊസ് 22:19 രേഖപ്പെടുത്തുന്നു, ”പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കു കൊടുത്തു: ഇതു നിങ്ങള്‍ക്കു വേണ്ടി
നല്കുന്ന എന്റെ ശരീരം; എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്നു പറഞ്ഞു..”

തിരുമേശ ആഘോഷിക്കുന്നതിനായി നാം ഒത്തുചേരുമ്പോഴെല്ലാം, ക്രിസ്തു നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ച് നമുക്കു നിത്യജീവന്‍ നല്‍കി എന്നു നാം ഓര്‍മ്മിക്കുന്നു. യേശുവിന്റെ രക്ഷാകരമായ സ്‌നേഹം അവിടുത്തെ ക്രൂശിനെ നാം ഒരുമിച്ച് ഓര്‍മ്മിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കട്ടെ.