Month: ജൂൺ 2020

ഒരു അതുല്യമായ ജോലി വാഗ്ദാനം

“ശിമോന്‍ പത്രൊസ് അവരോട്: ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകുന്നു എന്ന് പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ…

ജീവിതത്തിന്റെ കുത്തൊഴുക്കുകളില്‍ വഞ്ചി നിയന്ത്രിക്കുക

''ഇടതുവശത്തുള്ള എല്ലാവരും, ശക്തമായി മൂന്ന് പ്രാവശ്യം തുഴയുക!'' ഞങ്ങളുടെ തോണിക്കാരന്‍ ഗൈഡ് അലറി. ഇടതുവശത്തുള്ളവര്‍ ശക്തിയായി തുഴഞ്ഞു ചുഴിയില്‍ നിന്ന് ഞങ്ങളുടെ വഞ്ചി വലിച്ചകറ്റി. മണിക്കൂറുകളോളം, ഞങ്ങളുടെ ഗൈഡിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കി. തുഴച്ചില്‍ പരിചയമില്ലാത്ത ആറ് പേര്‍ക്ക് കുത്തൊഴുക്കുള്ള ഒരു നദിയിലൂടെ സുരക്ഷിതമായി വഞ്ചി തുഴയുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ തുടര്‍മാനമായ ആജ്ഞകള്‍ സഹായിച്ചു.

ജീവിതത്തിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്, അല്ലേ? ഒരു നിമിഷം, ഇത് സുഗമമായ യാത്രയാണ്. അതിനുശേഷം ഒരു മിന്നല്‍, പെട്ടെന്ന് അപകടങ്ങള്‍ ഒഴിവാക്കാന്‍ നാം ഭ്രാന്തമായി തുഴയുന്നു. പ്രക്ഷുബ്ധമായ സമയങ്ങളില്‍ വഞ്ചിയെ നിയന്തരിക്കാന്‍ നമ്മെ സഹായിക്കുന്നതിന് വിദഗ്ദ്ധനായ ഒരു ഗൈഡ്, വിശ്വസനീയമായ ഒരു ശബ്ദം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ആ പിരിമുറുക്ക നിമിഷങ്ങള്‍ നമ്മെ വളരെയധികം ബോധവാന്മാരാക്കുന്നു.

32-ാം സങ്കീര്‍ത്തനത്തില്‍, ആ ശബ്ദമാകാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു: ''ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും' (വാ. 8). നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുന്നതും (വാ. 5), പ്രാര്‍ത്ഥനയോടെ അവനെ അന്വേഷിക്കുന്നതും (വാ. 6) അവന്റെ ശബ്ദം കേള്‍ക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. എന്നിരുന്നാലും, ''ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവച്ചു നിനക്ക് ആലോചന പറഞ്ഞുതരും'' (വാ. 8) എന്നു ദൈവം വാഗ്ദാനം ചെയ്യുന്നതില്‍ ഞാന്‍ ആശ്വസിക്കുന്നു. അവന്റെ മാര്‍ഗനിര്‍ദേശം അവന്റെ സ്‌നേഹത്തില്‍ നിന്ന് ഒഴുകുന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണത്. അധ്യായത്തിന്റെ അവസാനത്തോടുകൂടി സങ്കീര്‍ത്തനക്കാരന്‍ ഉപസംഹരിക്കുന്നു, ''യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും'' (വാ. 10). നാം അവനില്‍ വിശ്വസിക്കുമ്പോള്‍, ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഭാഗങ്ങളിലൂടെ നമ്മെ നയിക്കാമെന്ന അവിടുത്തെ വാഗ്ദാനത്തില്‍ നമുക്ക് വിശ്രമിക്കാം.

ലളിതമായി ചോദിക്കുക

അവളുടെ വേര്‍പെട്ട റെറ്റിനകള്‍ നന്നാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, പതിനഞ്ച് വര്‍ഷത്തോളം കാഴ്ചയില്ലാതെ ജീവിച്ച ശേഷം - ബ്രെയ്ലി പഠിക്കുകയും വടിയും സേവന നായയെയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം - ഭര്‍ത്താവ് മറ്റൊരു നേത്രരോഗ ഡോക്ടറോട് 'അവളെ സഹായിക്കാമോ?' എന്ന ലളിതമായ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു സ്ത്രീയുടെ ജീവിതം മാറി. 'സഹായിക്കാം' എന്നായിരുന്നു ഉത്തരം. ഡോക്ടര്‍ കണ്ടെത്തിയതുപോലെ, സ്ത്രീക്ക് ഒരു സാധാരണ നേത്രരോഗമായ തിമിരം ആയിരുന്നു. വലത് കണ്ണില്‍ നിന്ന് ഡോക്ടര്‍ അതു നീക്കം ചെയ്തു. അടുത്ത ദിവസം കണ്ണ് മൂടിയിരുന്ന ബാന്‍ഡേജ് നീക്കം ചെയ്തപ്പോള്‍ അവളുടെ കാഴ്ച 20/20 ആയിരുന്നു. അവളുടെ ഇടത് കണ്ണിന് നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയ തുല്യ വിജയം നേടി.

ലളിതമായ ഒരു ചോദ്യം, കുഷ്ഠരോഗമുള്ള ശക്തനായ സൈനികനായ നയമാന്റെ ജീവിതത്തെയും മാറ്റിമറിച്ചു. ''യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോള്‍ നിന്റെ ദേഹം
മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും'' (2 രാജാക്കന്മാര്‍ 5:10) എന്ന എലീശാ പ്രവാചകന്റെ നിര്‍ദേശം നയമാനെ കോപിഷ്ഠനാക്കി. എന്നിരുന്നാലും, നയമാന്റെ ദാസന്മാര്‍ സൈനിക നേതാവിനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു: ''പ്രവാചകന്‍ വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍: കുളിച്ചു ശുദ്ധനാകുക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം?'' (വാ. 13). അനുനയിച്ച നയമാന്‍ ''യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായിത്തീര്‍ന്നു'' (വാ. 14).

നമ്മുടെ ജീവിതത്തില്‍, നാം ദൈവത്തോട് ചോദിക്കാത്തതിനാല്‍ ഒരു പ്രശ്‌നവുമായി പൊരുതുന്നു: അങ്ങു സഹായിക്കുമോ? ഞാന്‍ പോകണമോ? അങ്ങു നയിക്കുമോ? നമ്മെ സഹായിക്കാന്‍ അവന് നമ്മില്‍ നിന്ന് സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ആവശ്യമില്ല. ''അവര്‍ വിളിക്കുന്നതിനുമുമ്പെ ഞാന്‍ ഉത്തരം നല്‍കും,'' ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്തു (യെശയ്യാവ് 65:24). അതിനാല്‍ ഇന്നുതന്നെ അവനോട് ചോദിക്കുക.

വീണ്ടെടുപ്പിന്‍ പ്രത്യാശ

ആ മനുഷ്യന്‍ വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നി. അയാളുടെ കുറ്റകൃത്യങ്ങളില്‍ എട്ട് വെടിവയ്പുകളും (ആറ് പേര്‍ കൊല്ലപ്പെട്ടു) 1970 കളില്‍ ന്യൂയോര്‍ക്ക് നഗരത്തെ ഭയപ്പെടുത്തുന്ന 1,500 ഓളം തീപിടുത്തങ്ങള്‍ക്കു കാരണമായതും ഉള്‍പ്പെടുന്നു. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് പോലീസിനെ നിന്ദിച്ചുകൊണ്ട് അയാള്‍ കത്തുകള്‍ നിക്ഷേപിച്ചിരുന്നു. ഒടുവില്‍ അയാളെ പിടികൂടുകയും ഓരോ കൊലപാതകത്തിനും തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷം വീതം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

എന്നിട്ടും ദൈവം ഈ മനുഷ്യന്റെ അടുത്തെത്തി. ഇന്ന് അവന്‍ ക്രിസ്തുവിലുള്ള ഒരു വിശ്വാസിയാണ്, അവന്‍ ദിവസവും തിരുവെഴുത്തുകളില്‍ സമയം ചെലവഴിക്കുകയും ഇരകളുടെ കുടുംബങ്ങളോട് അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നാലു പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും, വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നിയ ഈ മനുഷ്യന്‍ ദൈവത്തില്‍ പ്രത്യാശ കണ്ടെത്തി, ''എന്റെ സ്വാതന്ത്ര്യം ഒരൊറ്റ വാക്കില്‍ കണ്ടെത്തി: യേശു'' എന്നയാള്‍ പറയുന്നു.

സാധ്യതയില്ലാത്ത മറ്റൊരു മാനസാന്തരത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദമാസ്‌കൊസിലേക്കുള്ള യാത്രയില്‍ കണ്ടുമുട്ടുന്നതിനുമുമ്പ്, ശൗല്‍ (പിന്നീട് അപ്പൊസ്തലനായ പൗലൊസ് ആയി) ''കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിക്കുകയായിരുന്നു'' (പ്രവൃത്തികള്‍ 9:1). എന്നിട്ടും പൗലൊസിന്റെ ഹൃദയവും ജീവിതവും യേശുവിനാല്‍ രൂപാന്തരപ്പെട്ടു (വാ. 17-18), ചരിത്രത്തിലെ ഏറ്റവും ശക്തനായ സാക്ഷികളില്‍ ഒരാളായി അദ്ദേഹം മാറി . ഒരിക്കല്‍ ക്രിസ്ത്യാനികളുടെ മരണത്തിന് ഗൂഢാലോചന നടത്തിയ മനുഷ്യന്‍ സുവിശേഷത്തിന്റെ പ്രത്യാശ പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു.

വീണ്ടെടുപ്പ് എപ്പോഴും ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയാണ്. ചില കഥകള്‍ കൂടുതല്‍ നാടകീയമാണ്, എന്നാല്‍ അന്തര്‍ലീനമായ സത്യം അതേപടി നിലനില്‍ക്കുന്നു: നമ്മില്‍ ആരും അവന്റെ പാപമോചനത്തിന് അര്‍ഹരല്ല, എന്നിട്ടും യേശു ശക്തനായ ഒരു രക്ഷകനാണ്! അവന്‍ 'താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിക്കുന്നു' (എബ്രായര്‍ 7:25).

കൈമാറി വരുന്ന സ്‌നേഹം

എന്റെ മകള്‍ നാന്‍സി ഡ്രൂവില്‍ (ഒരു ഡിറ്റക്ടീവ് നോവല്‍ പരമ്പര) വല്ലാതെ ആകൃഷ്ടയായി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍, ഈ അപസര്‍പ്പക പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു ഡസനോളം നോവലുകള്‍ അവള്‍ വായിച്ചു. ഡിറ്റക്ടീവ് സ്റ്റോറികളെ അവള്‍ സത്യസന്ധമായിട്ടാണ് കാണുന്നത്: കുട്ടിക്കാലത്ത് ഞാനും ഈ പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്നു, 1960 കളില്‍ എന്റെ അമ്മ വായിച്ച നീല കവറുള്ള പുസ്തകങ്ങള്‍ ഇപ്പോഴും അവളുടെ വീട്ടിലെ അലമാരയിലുണ്ട്.

ഈ താല്പര്യം കൈമാറുന്നത് കാണുമ്പോള്‍ ഞാന്‍ എന്താണ് കൈമാറാന്‍ പോകുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. തിമൊഥെയൊസിനുള്ള രണ്ടാമത്തെ കത്തില്‍, തിമൊഥെയൊസിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അവന്റെ മുത്തശ്ശിയിലും അമ്മയിലും വസിച്ചിരുന്ന ''നിര്‍വ്യാജ വിശ്വാസത്തെ''ക്കുറിച്ചു തന്നെ ഓര്‍മിപ്പിച്ചുവെന്ന് പൗലൊസ് എഴുതി. രഹസ്യങ്ങളോടുള്ള അവളുടെ സ്‌നേഹത്തോടൊപ്പം, എന്റെ മകള്‍ക്ക് വിശ്വാസവും കൈമാറിക്കിട്ടി എന്നും, അത് അവളുടെ മുത്തശ്ശിമാര്‍ചെയ്തതുപോലെ പ്രാര്‍ത്ഥിക്കാനും, ''ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തത്തിനായി'' (2 തിമൊഥെയൊസ് 1:1) മുറുകെപ്പിടിക്കാനും അവളെ സഹായിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

യേശുവിനെ അിയുന്ന മാതാപിതാക്കളോ മുത്തശ്ശിയോ ഇല്ലാത്തവര്‍ക്കും ഞാന്‍ ഇവിടെ പ്രത്യാശ കാണുന്നു. തിമൊഥെയൊസിന്റെ പിതാവിനെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പൗലൊസ് തിമൊഥെയൊസിനെ ''പ്രിയപുത്രന്‍'' എന്ന് വിളിക്കുന്നു (വാ. 2). വിശ്വാസം കൈമാറാന്‍ കുടുംബങ്ങളില്ലാത്തവര്‍ക്ക് ഇപ്പോഴും സഭയില്‍ മാതാപിതാക്കളെയും മുത്തശ്ശിമാരെയും കണ്ടെത്താന്‍ കഴിയും - എങ്ങനെ 'വിശുദ്ധ ജീവിതം'' നയിക്കാമെന്നും (വാ. 9) ദൈവം നമുക്കു നല്‍കിയ 'ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും' (വാ. 7) ദാനങ്ങള്‍ എങ്ങനെ സ്വീകരിക്കാമെന്നും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന ആളുകള്‍. തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും മനോഹരമായ ഒരു അവകാശമുണ്ട്.