മൊബൈല്‍ സേവനമോ വഴിയുടെ മാപ്പോ ഇല്ലാത്തതിനാല്‍, മുമ്പു കണ്ട ഒരു മാപ്പിന്റെ ഓര്‍മ്മ മാത്രമേ ഞങ്ങളെ നയിക്കാനായി ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒടുവില്‍ കാട്ടില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് വന്നു. അര മണിക്കൂര്‍ മാത്രം നടക്കേണ്ടിയിരുന്ന ഞങ്ങള്‍ തെറ്റായ ഒരു വഴി തിരഞ്ഞെടുത്തതിന്റെ ഫലമായി വളരെക്കൂടുതല്‍ നടക്കേണ്ടി വന്നു.

ജീവിതം അങ്ങനെയാകാം: ഒരു കാര്യം ശരിയോ തെറ്റോ എന്ന് നാം ചോദിക്കേണ്ടതില്ല, മറിച്ച് അത് എവിടേക്കാണ് നയിക്കുന്നത് എന്നാണു ചോദിക്കേണ്ടത്. 1-ാം സങ്കീര്‍ത്തനം രണ്ട് ജീവിതരീതികളെ താരതമ്യം ചെയ്യുന്നു – നീതിമാന്മാരുടെ (ദൈവത്തെ സ്‌നേഹിക്കുന്നവരുടെ) വഴിയും ദുഷ്ടന്മാരുടെ (ദൈവത്തെ സ്‌നേഹിക്കുന്നവരുടെ ശത്രുക്കളുടെ) വഴിയും. നീതിമാന്‍ ഒരു വൃക്ഷംപോലെ തഴച്ചുവളരുന്നു, എന്നാല്‍ ദുഷ്ടന്മാര്‍ പതിരുപോലെ പറന്നുപോകുന്നു (വാ. 3-4). തഴച്ചുവളരുന്നത് യഥാര്‍ത്ഥത്തില്‍ എങ്ങനെയിരിക്കുമെന്ന് ഈ സങ്കീര്‍ത്തനം വെളിപ്പെടുത്തുന്നു. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തി പുതുക്കലിനും ജീവനുമായി ദൈവത്തെ ആശ്രയിക്കുന്നു.

അപ്പോള്‍ നമ്മള്‍ എങ്ങനെ അത്തരത്തിലുള്ള വ്യക്തിയാകും? വിനാശകരമായ ബന്ധങ്ങളില്‍ നിന്നും അനാരോഗ്യകരമായ ശീലങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും ദൈവത്തിന്റെ പ്രബോധനത്തില്‍ ആനന്ദിക്കാനും 1-ാം സങ്കീര്‍ത്തനം നമ്മെ പ്രേരിപ്പിക്കുന്നു (വാ. 2). ആത്യന്തികമായി, നമ്മുടെ അഭിവൃദ്ധിക്ക് കാരണം ദൈവത്തിനു നമ്മിലുള്ള ശ്രദ്ധയാണ്: ‘യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു” (വാ. 6).

നിങ്ങളുടെ വഴി ദൈവത്തിനു സമര്‍പ്പിക്കുക, അവന്‍ നിങ്ങളെ എങ്ങുമെത്താത്ത പഴയ വഴികളില്‍ നിന്ന് വഴിതിരിച്ചുവിടുകയും നിങ്ങളുടെ ഹൃദയത്തിന്റെ മൂലവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന നദിയായി മാറുവാന്‍ തിരുവെഴുത്തുകളെ അനുവദിക്കുകയും ചെയ്യട്ടെ.