അവര്‍ അവരെ ”വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍” എന്ന് വിളിക്കുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ നോര്‍ത്ത് കരോലിന തീരത്ത് സ്ഥിതിചെയ്യുന്ന ഹാറ്റെറാസ് ദ്വീപിലെ വിളക്കുമാടത്തില്‍, 1803 മുതല്‍ അവിടെ സേവനം അനുഷ്ഠിച്ച സൂക്ഷിപ്പികാര്‍ക്കുവേണ്ടി ഒരു സ്മാരകം ഉണ്ട്. തീരദേശത്തെ മണ്ണൊലിപ്പ് കാരണം നിലവിലുള്ള കെട്ടിടം കൂടുതല്‍ ഉള്ളിലേക്ക് മാറ്റിയതിനുശേഷം, സൂക്ഷിപ്പുകാരുടെ പേരുകള്‍ പഴയ അടിസ്ഥാന കല്ലുകളില്‍ പതിക്കുകയും പുതിയ സൈറ്റിന് അഭിമുഖമായി ഒരു ആംഫിതിയേറ്റര്‍ ആകൃതിയില്‍ ക്രമീകരിക്കുകയും ചെയ്തു. ആ നിലയില്‍ – ഒരു പ്ലാക്കാര്ഡ് വിശദീകരിക്കുന്നതുപോലെ – ഇന്നത്തെ സന്ദര്‍ശകര്‍ക്ക് ചരിത്രപരമായ സൂക്ഷിപ്പുകാരുടെ കാല്‍പ്പാട് പിന്തുടരാനും വിളക്കുമാടത്തെ ”സംരക്ഷിക്കാനും” കഴിയും.
യേശുവാണ് ആത്യന്തിക വെളിച്ച ദാതാവ്. അവന് പറഞ്ഞു, ”ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന് ഇരുളില്‍ നടക്കാതെ, ജീവന്റെ വെളിച്ചമുള്ളവന് ആകും’ (യോഹന്നാന് 8:12). ആര്‍ക്കും അവകാശപ്പെടാവുന്ന സമൂലമായ കാര്യമാണിത്. എന്നാല്‍ തന്നെ അയച്ച വെളിച്ചത്തിന്റെയും ജീവന്റെയും സ്രഷ്ടാവായ സ്വര്‍ഗ്ഗീയപിതാവുമായുള്ള തന്റെ ബന്ധം സ്ഥിരീകരിക്കുന്നതിനാണ് യേശു ഇത് പറഞ്ഞത്.
രക്ഷയ്ക്കായി നാം യേശുവിലേക്ക് നോക്കുകയും അവന്റെ പഠിപ്പിക്കലുകള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലേക്കു നാം പുനഃസ്ഥാപിക്കപ്പെടുകയും അവന് നമുക്ക് പുതിയ ശക്തിയും ലക്ഷ്യവും നല്‍കുകയും ചെയ്യുന്നു. അവന്റെ പരിവര്‍ത്തനാത്മക ജീവനും സ്നേഹവും – ”എല്ലാ മനുഷ്യരുടെയും വെളിച്ചം” (1:4) നമ്മിലും നമ്മിലൂടെയും ഇരുണ്ടതും ചിലപ്പോള്‍ അപകടകരവുമായ ഒരു ലോകത്തിലേക്ക് പ്രകാശിക്കുന്നു.
യേശുവിന്റെ അനുഗാമികള്‍ എന്ന നിലയില്‍ നാം ”വെളിച്ചത്തിന്റെ കാവല്ക്കാര്” ആയിത്തീരുന്നു. അവന്റെ വെളിച്ചം നമ്മില്‍ നിന്ന് പ്രകാശിക്കുന്നത് മറ്റുള്ളവര്‍ കാണുകയും അവനു മാത്രം നല്കാന് കഴിയുന്ന ജീവനും പ്രത്യാശയും കണ്ടെത്തുകയും ചെയ്യട്ടെ!
ഏത് പ്രായോഗിക വഴികളിലൂടെയാണ് നിങ്ങള്‍ക്ക് യേശുവിന്റെ വെളിച്ചം പ്രകാശിപ്പിക്കാന്‍ കഴിയുക? ഇന്ന് തന്നോട് അനുസരണമുള്ളവരായിരിക്കാന്‍ ദൈവം നിങ്ങളെ എവിടേക്കാണ് വിളിക്കുന്നത്?
യേശുവേ, അങ്ങയുടെ പ്രകാശത്തിനും സ്നേഹത്തിനുമായി ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേയ്ക്കുവേണ്ടി പ്രകാശിക്കാന്‍ എന്നെ സഹായിക്കണമേ.