Month: മെയ് 2020

കാണുന്നവന്‍

''ഓ, ഇല്ല!'' അടുക്കളയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ എന്റെ ഭാര്യയുടെ ശബ്ദം മുഴങ്ങി. അവള്‍ അതു പറഞ്ഞ നിമിഷം, ഞങ്ങളുടെ തൊണ്ണൂറ് പൗണ്ട് തൂക്കമുള്ള ലാബ്രഡോര്‍ ''മാക്‌സ്'' മുറിയില്‍ നിന്ന് പുറത്തേക്കു പാഞ്ഞു.

അടുക്കള കൗണ്ടറിന്റെ വക്കിനോടു ചേര്‍ന്ന് വെച്ചിരുന്ന ആട്ടിറച്ചിക്കഷണം പോയി. മാക്‌സ് അത് തിന്നു ഒരു ശൂന്യമായ പാത്രം മാത്രം അവശേഷിപ്പിച്ചു. അവന്‍ ഒരു കട്ടിലിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്റെ തലയും തോളും മാത്രമേ കട്ടിലിനടിയില്‍ കയറിയുള്ളു. ഞാന്‍ അവനെ പിന്തുടര്‍ന്നു ചെന്നപ്പോള്‍ അവന്റെ അനാവൃതമായ മുതുകും വാലും അവനെ ഒറ്റിക്കൊടുത്തു.

''ഓ, മാക്‌സ്,'' ഞാന്‍ പിറുപിറുത്തു, ''നിന്റെ പാപം നിന്നെ കണ്ടെത്തും.'' യിസ്രായേലിലെ രണ്ട് ഗോത്രങ്ങളോട് ദൈവത്തെ അനുസരിക്കണമെന്നും അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും മോശെ ഉപദേശിച്ചപ്പോള്‍ പറഞ്ഞ വാചകമാണ് ഞാന്‍ കടമെടുത്തത്. അവന്‍ അവരോടു പറഞ്ഞു: ''എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുകയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും' (സംഖ്യാപുസ്തകം 32:23).

പാപം ഒരു നിമിഷത്തേക്കു സുഖപ്രദമായി തോന്നാം, പക്ഷേ അത് ദൈവത്തില്‍ നിന്നുള്ള വേര്‍പിരിയലിന്റെ ആത്യന്തിക വേദനയ്ക്ക് കാരണമാകുന്നു. ദൈവത്തിന് ഒന്നും മറവല്ലെന്ന് മോശ തന്റെ ജനത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ബൈബിള്‍ എഴുത്തുകാരന്‍ പറഞ്ഞതുപോലെ, ''അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്'' (എബ്രായര്‍ 4:13).

എല്ലാം അവന്‍ കാണുന്നുണ്ടെങ്കിലും, നമ്മുടെ പാപം ഏറ്റുപറയാനും അതില്‍ പശ്ചാത്തപിക്കാനും (അതില്‍ നിന്ന് തിരിയാനും) അവനോടൊപ്പം ശരിയായി നടക്കാനും നമ്മുടെ പരിശുദ്ധനായ ദൈവം സ്‌നേഹപൂര്‍വ്വം നമ്മെ ആകര്‍ഷിക്കുന്നു (1 യോഹന്നാന്‍ 1:9). ഇന്ന് നമുക്ക് അവനെ സ്‌നേഹത്തില്‍ അനുഗമിക്കാം.

സാമൂഹിക സ്മരണ

ദൈവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് മൗ തന്റെ റെസ്റ്റ്‌ലെസ് ഫെയ്ത്ത് എന്ന ഗ്രന്ഥത്തില്‍ ഭൂതകാലത്തിന്റെ പാഠങ്ങള്‍ ഓര്‍മ്മിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. സോഷ്യോളജിസ്റ്റ് റോബര്‍ട്ട് ബെല്ലയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, ''ആരോഗ്യമുള്ള രാഷ്ട്രങ്ങള്‍ ഓര്‍മ്മയുള്ള സമൂഹങ്ങള്‍ ആയിരിക്കണം.'' ബെല്ല ആ തത്ത്വം കുടുംബങ്ങള്‍ പോലുള്ള മറ്റ് സാമൂഹിക ബന്ധങ്ങളിലേക്കും വ്യാപിപ്പിച്ചു. സമൂഹത്തില്‍ ജീവിക്കുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് ഓര്‍മ്മിക്കല്‍.

സാമൂഹിക സ്മരണയുടെ മൂല്യം തിരുവെഴുത്തുകളും പഠിപ്പിക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനായി യിസ്രായേല്യര്‍ക്ക് പെസഹാ പെരുന്നാള്‍ നല്‍കി (പുറപ്പാട് 12:1-30 കാണുക). ഇന്നും, ലോകമെമ്പാടുമുള്ള യെഹൂദന്മാര്‍ ഓരോ വസന്തകാലത്തും ആ സമൃദ്ധമായ സാമൂഹിക സ്മരണ വീണ്ടും പുതുക്കുന്നു.

ക്രിസ്തുവിന്റെ അനുയായികളെ സംബന്ധിച്ചും പെസഹയ്ക്ക് വലിയ അര്‍ത്ഥമുണ്ട്, കാരണം പെസഹ എപ്പോഴും മശിഹായുടെ ക്രൂശിലെ പ്രവൃത്തിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ക്രൂശിന്റെ തലേരാത്രിയില്‍ പെസഹായുടെ സമയത്താണ് യേശു സ്വന്തം സ്മാരക അത്താഴം സ്ഥാപിച്ചത്. ലൂക്കൊസ് 22:19 രേഖപ്പെടുത്തുന്നു, ''പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കു കൊടുത്തു: ഇതു നിങ്ങള്‍ക്കു വേണ്ടി
നല്കുന്ന എന്റെ ശരീരം; എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്നു പറഞ്ഞു..''

തിരുമേശ ആഘോഷിക്കുന്നതിനായി നാം ഒത്തുചേരുമ്പോഴെല്ലാം, ക്രിസ്തു നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ച് നമുക്കു നിത്യജീവന്‍ നല്‍കി എന്നു നാം ഓര്‍മ്മിക്കുന്നു. യേശുവിന്റെ രക്ഷാകരമായ സ്‌നേഹം അവിടുത്തെ ക്രൂശിനെ നാം ഒരുമിച്ച് ഓര്‍മ്മിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കട്ടെ.

കൊമ്പുകളില്‍ വസിക്കുക

നിങ്ങള്‍ അവനില്‍ ആശ്രയിക്കുമ്പോള്‍ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കും. നിങ്ങളുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്യും. എഫെസ്യര്‍ 3:17 (NLT)

സമ്മര്‍ദ്ദം നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ എന്റെ കൗണ്‍സിലറോട് എന്റെ ഉയര്‍ന്നും താണും നിന്ന വികാരങ്ങളെക്കുറിച്ചു പങ്കിടുമ്പോള്‍ അവള്‍ ആലോചനാപൂര്‍വ്വം ശ്രദ്ധിച്ചു. അതിനുശേഷം ജനാല തുറന്ന് മരങ്ങളെ നോക്കാന്‍ അവള്‍ എന്നെ ക്ഷണിച്ചു. ഓറഞ്ച് കായ്ച്ചുകിടക്കുന്ന ശാഖകള്‍ കാറ്റില്‍ ആടുന്നതു ഞാന്‍ കണ്ടു.

തായ്ത്തടി കാറ്റില്‍ അനങ്ങുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ട് എന്റെ കൗണ്‍സിലര്‍ വിശദീകരിച്ചു, ''എല്ലാ ദിശകളില്‍ നിന്നും കാറ്റ് നമ്മുടെ ജീവിതത്തിലേക്ക് വീശുമ്പോള്‍ നമ്മള്‍ ഇത്തരത്തിലാണ്. തീര്‍ച്ചയായും നമ്മുടെ വികാരങ്ങള്‍ മുകളിലേക്കും താഴേക്കും ഇളകിക്കൊണ്ടിരിക്കും. എന്നാല്‍ ചിലപ്പോള്‍ നാം ജീവിക്കുന്നത് നമുക്ക് ശാഖകള്‍ മാത്രമാണുള്ളത് എന്ന നിലയിലാണ്. നിങ്ങളുടെ സ്വന്തം തായ്ത്തടി കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുവഴി, ജീവിതം എല്ലാ ഭാഗത്തുനിന്നും നിങ്ങളെ വലിക്കുമ്പോഴും, നിങ്ങളുടെ ശാഖകളില്‍ അല്ല നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ അപ്പോഴും സുരക്ഷിതവും സുസ്ഥിരവുമായിരിക്കും.'

ഇത് എന്നെ സ്പര്‍ശിച്ച ഒരു ചിത്രമാണ്; പൗലൊസ് എഫെസൊസിലെ പുതിയ വിശ്വാസികള്‍ക്ക് നല്‍കിയതും സമാനമായ ചിത്രമാണ്. ദൈവത്തിന്റെ അതിശയകരമായ ദാനത്തെക്കുറിച്ച് - അതിശയകരമായ ലക്ഷ്യവും മൂല്യവുമുള്ള ഒരു പുതിയ ജീവിതം - അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് (എഫെസ്യര്‍ 2:6-10), ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അവര്‍ ആഴത്തില്‍ ''വേരൂന്നുകയും അടിസ്ഥാനപ്പെടുകയും'' ചെയ്യുമെന്നും (3:17) 'ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്നവര്‍'' (4:14) ആകയില്ലെന്നും ഉള്ള തന്റെ പ്രത്യാശ പൗലൊസ് പങ്കുവയ്ക്കുന്നു.

നമ്മുടെ കാര്യത്തില്‍, നമ്മുടെ ഭയം, അരക്ഷിതാവസ്ഥ എന്നിവയാല്‍ അരക്ഷിതവും ദുര്‍ബലവുമാണെന്ന് തോന്നുന്നത് എളുപ്പമാണ്. എന്നാല്‍ ക്രിസ്തുവിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ നാം വളരുമ്പോള്‍ (വാ. 22-24), ക്രിസ്തുവിന്റെ ശക്തിയാലും സൗന്ദര്യത്താലും പോഷിപ്പിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ആഴത്തിലുള്ള സമാധാനം (വാ. 15-16). ദൈവവുമായും അന്യോന്യവും നമുക്ക് അനുഭവിക്കാന്‍ കഴിയും (വാ. 3).