”ഇടതുവശത്തുള്ള എല്ലാവരും, ശക്തമായി മൂന്ന് പ്രാവശ്യം തുഴയുക!” ഞങ്ങളുടെ തോണിക്കാരന് ഗൈഡ് അലറി. ഇടതുവശത്തുള്ളവര്‍ ശക്തിയായി തുഴഞ്ഞു ചുഴിയില്‍ നിന്ന് ഞങ്ങളുടെ വഞ്ചി വലിച്ചകറ്റി. മണിക്കൂറുകളോളം, ഞങ്ങളുടെ ഗൈഡിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കി. തുഴച്ചില്‍ പരിചയമില്ലാത്ത ആറ് പേര്‍ക്ക് കുത്തൊഴുക്കുള്ള ഒരു നദിയിലൂടെ സുരക്ഷിതമായി വഞ്ചി തുഴയുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ തുടര്‍മാനമായ ആജ്ഞകള്‍ സഹായിച്ചു.
ജീവിതത്തിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്, അല്ലേ? ഒരു നിമിഷം, ഇത് സുഗമമായ യാത്രയാണ്. അതിനുശേഷം ഒരു മിന്നല്‍, പെട്ടെന്ന് അപകടങ്ങള്‍ ഒഴിവാക്കാന്‍ നാം ഭ്രാന്തമായി തുഴയുന്നു. പ്രക്ഷുബ്ധമായ സമയങ്ങളില്‍ വഞ്ചിയെ നിയന്തരിക്കാന്‍ നമ്മെ സഹായിക്കുന്നതിന് വിദഗ്ദ്ധനായ ഒരു ഗൈഡ്, വിശ്വസനീയമായ ഒരു ശബ്ദം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ആ പിരിമുറുക്ക നിമിഷങ്ങള്‍ നമ്മെ വളരെയധികം ബോധവാന്മാരാക്കുന്നു.
32-ാം സങ്കീര്‍ത്തനത്തില്‍, ആ ശബ്ദമാകാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു: ”ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും’ (വാ. 8). നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുന്നതും (വാ. 5), പ്രാര്‍ത്ഥനയോടെ അവനെ അന്വേഷിക്കുന്നതും (വാ. 6) അവന്റെ ശബ്ദം കേള്‍ക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. എന്നിരുന്നാലും, ”ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവച്ചു നിനക്ക് ആലോചന പറഞ്ഞുതരും” (വാ. 8) എന്നു ദൈവം വാഗ്ദാനം ചെയ്യുന്നതില്‍ ഞാന്‍ ആശ്വസിക്കുന്നു. അവന്റെ മാര്‍ഗനിര്‍ദേശം അവന്റെ സ്നേഹത്തില്‍ നിന്ന് ഒഴുകുന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണത്. അധ്യായത്തിന്റെ അവസാനത്തോടുകൂടി സങ്കീര്ത്തനക്കാരന് ഉപസംഹരിക്കുന്നു, ”യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും” (വാ. 10). നാം അവനില്‍ വിശ്വസിക്കുമ്പോള്‍, ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഭാഗങ്ങളിലൂടെ നമ്മെ നയിക്കാമെന്ന അവിടുത്തെ വാഗ്ദാനത്തില്‍ നമുക്ക് വിശ്രമിക്കാം.
നിങ്ങളുടെ ജീവിതത്തിലെ ഏത് സാഹചര്യങ്ങളാണ് ഇപ്പോള്‍ കുത്തൊഴുക്കുകള്‍ പോലെ അനുഭവപ്പെടുന്നത്? എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം തേടാന്‍ കഴിയും?
പിതാവേ, എന്റെ വഴികാട്ടിയാകാമെന്ന അങ്ങയുടെ വാഗ്ദാനത്തിന് നന്ദി. എന്റെ ജീവിതത്തിന്റെ ഗതി അവിടുന്നു നിയന്ത്രിക്കുമ്പോള്‍ അങ്ങയെ അന്വേഷിക്കാനും അങ്ങയുടെ ശബ്ദം ശ്രദ്ധിക്കാനും എന്നെ സഹായിക്കണമേ.