ഒരിക്കലും ഉപേക്ഷിച്ചു പോകരുത്. ആരെങ്കിലും പുഞ്ചിരിക്കാന്‍ കാരണം ആകുക. നീ അത്ഭുതവാനായ വ്യക്തിയാണ്. നിങ്ങള്‍ എവിടെ നിന്നാണ് വന്നത് എന്നതല്ല, നിങ്ങള്‍ എവിടേയ്ക്കാണു പോകുന്നത് എന്നതാണ് പ്രധാനം. അമേരിക്കയിലെ ഒരു സ്കൂളിലെ ചില കുട്ടികള്‍, അവര്‍ക്ക് ഉച്ചഭക്ഷണത്തിനു ലഭിക്കുന്ന വാഴപ്പഴത്തിന്മേല്‍ ഈ സന്ദേശങ്ങളും മറ്റു ചിലതും എഴുതിയിരിക്കുന്നതായി കണ്ടെത്തി. സ്റ്റേസി എന്നു പേരുള്ള കാന്റീന് മാനേജര്‍ പഴങ്ങളുടെ മുകളില്‍ ഈ പ്രോത്സാഹജനകമായ കുറിപ്പുകള്‍ എഴുതാന്‍ സമയമെടുത്തു, കുട്ടികള്‍ ഇതിനെ ”സംസാരിക്കുന്ന വാഴപ്പഴങ്ങള്‍’ എന്ന് വിളിച്ചു.
ഈ കരുതലിന്റെ പ്രവൃത്തി, പുരാതന നഗരമായ അന്ത്യോക്യയിലെ ”ആത്മീയ ചെറുപ്പക്കാര്‍” ക്കുള്ള ബര്‍ന്നബാസിന്റെ ഹൃദയത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കുന്നു (പ്രവൃത്തികള്‍ 11:22-24). ആളുകളെ പ്രചോദിപ്പിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ ബര്‍ണബാസ് പ്രസിദ്ധനായിരുന്നു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്ന അദ്ദേഹം പുതിയ വിശ്വാസികളെ ”ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കുവാന്” പ്രേരിപ്പിച്ചു (വാക്യം 23). സഹായം ആവശ്യമുള്ള ആളുകളുമായി അവന് സമയം ചെലവഴിച്ചുവെന്ന് ഞാന്‍ കരുതുന്നു. പ്രാര്‍ത്ഥന തുടരുക. കര്‍ത്താവില്‍ ആശ്രയിക്കുക. ജീവിതം ദുഷ്കരമാകുമ്പോള് ദൈവത്തോട് അടുത്തുനില്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവന് അവരോടു പറഞ്ഞിരിക്കാം.
കുട്ടികളെപ്പോലെ, പുതിയ വിശ്വാസികള്‍ക്കും ധാരാളം പ്രോത്സാഹനങ്ങള്‍ ആവശ്യമാണ്. സാധ്യതകള്‍ നിറഞ്ഞവരാണ് അവര്‍. ഏതു കാര്യത്തിലാണ് തങ്ങള്‍ മികച്ചവരായിരിക്കുന്നത് എന്ന് അവര്‍ കണ്ടെത്തുന്നു. ദൈവം അവരിലും അവരിലൂടെയും എന്തുചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവരുടെ വിശ്വാസം തഴച്ചുവളരാതിരിക്കാന്‍ ശത്രു പൂര്ണ്ണജാഗ്രതയോടെ പലപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നും അവര്‍ പൂര്‍ണ്ണമായി മനസ്സിലാക്കണമെന്നില്ല.
യേശുവിനോടൊപ്പം കുറച്ചുകാലം നടന്ന നാം, യേശുവിനുവേണ്ടി ജീവിക്കുന്നത് എത്ര കഠിനമാണെന്ന് മനസ്സിലാക്കുന്നു. ദൈവാത്മാവ് നമ്മെ നയിക്കുകയും ആത്മീയസത്യത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതുപോലെ നമുക്കെല്ലാവര്‍ക്കും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും മറ്റുള്ളവരില്‍നിന്നു പ്രോത്സാഹനം സ്വീകരിക്കാനും കഴിയട്ടെ.
മുന്‍കാലങ്ങളില്‍ ദൈവം നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിച്ചത്? ഒരാളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളിലൂടെ എങ്ങനെ പ്രവര്‍ത്തിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്?
സ്വര്‍ഗ്ഗീയ പിതാവേ, ഇന്ന് ഞാന്‍ പ്രോത്സാഹിപ്പിക്കാനായി ആരെയെങ്കിലും എനിക്കു നല്കണമേ. എന്താണ് പറയേണ്ടതെന്നും ഈ വ്യക്തിയുടെ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്നും എന്നെ കാണിക്കുക അതുവഴി അങ്ങയെ മഹത്വപ്പെടുത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.