”ഡാഡീ, ഡാഡി എന്തുകൊണ്ടാണ് ജോലിക്ക് പോകേണ്ടിവരുന്നത്?” എന്റെ ചെറിയ മകള്‍, അവളുടെ കൂടെ ഞാന്‍ കളിക്കാന്‍ ചെല്ലേണ്ടതിന് എന്നെ പ്രേരിപ്പിക്കാനായി ചോദിച്ചു. ജോലി ഒഴിവാക്കി അവളോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു, പക്ഷേ ജോലിസ്ഥലത്ത് എന്റെ ശ്രദ്ധ ആവശ്യമായ കാര്യങ്ങളുടെ പട്ടിക അനുദിനം വര്‍ദ്ധിച്ചു വരികയായിരുന്നു. എന്നിരുന്നാലും മകള്‍ ചോദിച്ചത് ഒരു നല്ല ചോദ്യമാണ്. എന്തുകൊണ്ടാണ്് നാം ജോലി ചെയ്യേണ്ടത്? നമുക്കും നമ്മുടെ പ്രിയപ്പെട്ട ആളുകള്‍ക്കും ആവശ്യമായവ നല്‍കുക എന്നതു മാത്രമാണോ? ശമ്പളം ലഭിക്കാത്ത അധ്വാനത്തെക്കുറിച്ച് എന്തുപറയുന്നു? – എന്തുകൊണ്ടാണ് നാം അത് ചെയ്യുന്നത്?

യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ‘ഏദെന്‍ തോട്ടത്തില്‍ വേല ചെയ്യുവാനും അതിനെ കാക്കുവാനും’ അവിടെയാക്കി എന്ന് ഉല്പത്തി 2 നമ്മോടു പറയുന്നു. എന്റെ ഭാര്യാപിതാവ് ഒരു കൃഷിക്കാരനാണ്, ഭൂമിയേയും കന്നുകാലികളേയും സ്‌നേഹിക്കുന്നതിനാലാണ് താന്‍ കൃഷി ചെയ്യുന്നതെന്ന് അദ്ദേഹം പലപ്പോഴും എന്നോട് പറയാറുണ്ട്. അത് മനോഹരമാണ്, പക്ഷേ ഇത് സ്വന്തം ജോലിയെ ഇഷ്ടപ്പെടാത്തവരുടെ മുമ്പില്‍ നീണ്ടുനില്‍ക്കുന്ന ചോദ്യങ്ങള്‍ ഇട്ടുകൊടുക്കുന്നു. എന്തുകൊണ്ടാണ് ദൈവം ഒരു പ്രത്യേക ദൗത്യവുമായി ഞങ്ങളെ ഒരു പ്രത്യേക സ്ഥലത്ത് ആക്കിയത്?

ഉല്പത്തി 1 അതിനുള്ള ഉത്തരം നമുക്ക് നല്‍കുന്നു. അവന്‍ സൃഷ്ടിച്ച ലോകത്തെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടത് (വാ. 26). ലോക സൃഷ്ടിയെക്കുറിച്ചുള്ള ജാതീയ കഥകള്‍ ”ദേവന്മാര്‍” മനുഷ്യരെ സൃഷ്ടിച്ചത് അവരുടെ അടിമകളായിരിക്കുന്നതിനുവേണ്ടിയാണെന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ ഏക സത്യ ദൈവം മനുഷ്യരെ തന്റെ പ്രതിനിധികളാക്കി – തനിക്കുവേണ്ടി താന്‍ ഉണ്ടാക്കിയ കാര്യങ്ങളെ സൂക്ഷിക്കാനായി. – മാറ്റിയതായി ഉല്പത്തി പ്രഖ്യാപിക്കുന്നു. അവിടുത്തെ ജ്ഞാനവും സ്‌നേഹമുള്ള ക്രമവും നമുക്കു ലോകത്തിലേക്ക് പ്രതിഫലിപ്പിക്കാം. അവന്റെ മഹത്വത്തിനായി ലോകത്തെ നട്ടുവളര്‍ത്തുന്നതിനുള്ള ഒരു ആഹ്വാനമാണ് ജോലി.