മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ ആരും അതിശയിച്ചില്ല. അതിന്റെ ശരിയായ രൂപത്തിലാണ് അവര്‍ അവാര്‍ഡ് വാങ്ങിയത്, ”വിശക്കുന്നവരുടെയും നഗ്‌നരുടെയും ഭവനരഹിതരുടെയും അന്ധരുടെയും കുഷ്ഠരോഗികളുടെയും ആര്‍ക്കും ആവശ്യമില്ലാത്ത, സ്‌നേഹിക്കാത്ത, സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാത്ത എല്ലാവരുടെയും പേരില്‍” ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും അവള്‍ ശുശ്രൂഷിച്ചിരുന്നത് അവരെയായിരുന്നു.

സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ സ്‌നേഹിക്കാമെന്നും ശുശ്രൂഷിക്കാമെന്നും ഉള്ളതിന് യേശു മാതൃക കാണിച്ചു. രോഗികളെക്കാള്‍ ശബ്ബത്ത് നിയമത്തെ ബഹുമാനിച്ച സിനഗോഗ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി (ലൂക്കൊസ് 13:14), യേശു രോഗിയായ ഒരു സ്ത്രീയെ ദേവാലയത്തില്‍വെച്ചു കണ്ടപ്പോള്‍ അവന്റെ മനസ്സലിഞ്ഞു. ശാരീരിക വൈകല്യത്തിനപ്പുറത്തേക്ക് നോക്കിയ അവന്‍ ദൈവത്തിന്റെ മനോഹരമായ സൃഷ്ടി അടിമത്തത്തില്‍ ഇരിക്കുന്നതു കണ്ടു. അവന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ചു, അവള്‍ സുഖം പ്രാപിച്ചുവെന്ന് പറഞ്ഞു. അവന്‍ ”അവളുടെ മേല്‍ കൈവച്ചു. അവള്‍ ക്ഷണത്തില്‍ നിവര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി” (വാ. 13). അവളെ സ്പര്‍ശിച്ചതുകൊണ്ട്, അവന്‍ ശബ്ബത്തിനെ അശുദ്ധമാക്കി എന്നതില്‍ പള്ളിപ്രമാണി അസ്വസ്ഥനായി. ശബ്ബത്തിന്റെ കര്‍ത്താവായ യേശു (ലൂക്കൊസ് 6:5), രണ്ടു പതിറ്റാണ്ടോളം അസ്വസ്ഥതയും അപമാനവും നേരിട്ട ഒരു സ്ത്രീയെ സൗഖ്യമാക്കുവാന്‍ മനസ്സലിവോടെ തയ്യാറായി.

നമ്മുടെ മനസ്സലിവിന് അര്‍ഹതയില്ലാത്തവരെന്നു കരുതുന്ന ആളുകളെ നാം എത്രയോ തവണ കണ്ടുമുട്ടാറുണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ നിലവാരം പാലിക്കാത്തതിനാല്‍ നാം തിരസ്‌കരണം അനുഭവിക്കുന്നുണ്ടാകം. സഹമനുഷ്യരെക്കാള്‍ നിയമങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മതനേതാക്കളെപ്പോലെ നാമാകരുത്. പകരം, നമുക്ക് യേശുവിന്റെ മാതൃക പിന്തുടരുകയും മറ്റുള്ളവരോട് മനസ്സലിവോടും സ്‌നേഹത്തോടും മാന്യതയോടും കൂടെ പെരുമാറുകയും ചെയ്യാം.