കുട്ടികളുടെ സംഗീത പഠനത്തില്‍, ഒരു പിയാനോയ്ക്ക് മുന്നില്‍ ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും അടുത്തടുത്ത് ഇരിക്കുന്നതു ഞാന്‍ കണ്ടു. അവരുടെ യുഗ്മഗാനം ആരംഭിക്കുന്നതിനുമുമ്പ്, അധ്യാപകന്‍ മുമ്പോട്ടു ചാഞ്ഞിരുന്ന് അവസാന നിമിഷ നിര്‍ദ്ദേശങ്ങള്‍ കുട്ടിയുടെ കാതില്‍ മന്ത്രിച്ചു. ഉപകരണത്തില്‍ നിന്ന് സംഗീതം ഒഴുകുമ്പോള്‍, വിദ്യാര്‍ത്ഥി ലളിതമായ ഒരു ഗാനം വായിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, അധ്യാപകന്‍ അതിന് ആഴവും ശ്രുതിയും നല്‍കി. ഗാനത്തിന്റെ അവസാനം അധ്യാപകന്‍ തലകുലുക്കി അംഗീകാരം നല്‍കി.

യേശുവിലുള്ള നമ്മുടെ ജീവിതം ഒരു ഏകാന്ത പ്രകടനത്തേക്കാള്‍ ഒരു യുഗ്മഗാനം പോലെയാണ്. എങ്കിലും ചില സമയങ്ങളില്‍, അവന്‍ ”എന്റെ അരികില്‍ ഇരിക്കുന്നു” എന്നതും അവന്റെ ശക്തിയും മാര്‍ഗ്ഗനിര്‍ദ്ദേശവും കൊണ്ട് മാത്രമേ എനിക്ക് നന്നായി ”പ്രകടനം നടത്താന്‍” കഴികയുള്ളൂ എന്നതും ഞാന്‍ മറക്കുന്നു. എല്ലാ ശരിയായ കീകളും ഞാന്‍ സ്വന്തമായി വായിക്കാന്‍ ശ്രമിക്കുന്നു – അതായത് എന്റെ സ്വന്തം ശക്തിയില്‍ ദൈവത്തെ അനുസരിക്കാന്‍ – എന്നാല്‍ ഇത് സാധാരണയായി വ്യാജവും പൊള്ളയുമായി അവസാനിക്കുന്നു. എന്റെ പരിമിത ശേഷിയില്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുമായി ഭിന്നിപ്പിലാണത് അവസാനിക്കാറുള്ളത്.

എന്റെ ഗുരുവിന്റെ സാന്നിധ്യമാണ് എല്ലാറ്റിനും വ്യത്യാസം വരുത്തുന്നത്. എന്നെ സഹായിക്കാന്‍ ഞാന്‍ യേശുവിനെ ആശ്രയിക്കുമ്പോള്‍, എന്റെ ജീവിതം ദൈവത്തെ കൂടുതല്‍ മഹത്വീകരിക്കുന്നതായി ഞാന്‍ കാണുന്നു. ഞാന്‍ സന്തോഷത്തോടെ സേവിക്കുകയും സ്വതന്ത്രമായി സ്‌നേഹിക്കുകയും ദൈവം എന്റെ ബന്ധങ്ങളെ അനുഗ്രഹിക്കുന്നതു കണ്ട് ആശ്ചര്യപ്പെടുകയും ചെയ്യുന്നു. യേശു തന്റെ ആദ്യ ശിഷ്യന്മാരോടു പറഞ്ഞതുപോലെ, ”ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴികയില്ല’ (യോഹന്നാന്‍ 15:5).

ഓരോ ദിവസവും നമ്മുടെ നല്ല അധ്യാപകനോടൊപ്പം നാം ഒരു യുഗ്മഗാനം ആലപിക്കുന്നു – അവന്റെ കൃപയും ശക്തിയുമാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ സംഗീതത്തെ മുന്നോട്ടു നയിക്കുന്നത്.