ഒരു വാതില്‍ അടയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു കഷണം ടേപ്പ് ഇരിക്കുന്നത് സുരക്ഷാ ജീവനക്കാരന്‍ കണ്ടെത്തി നീക്കം ചെയ്തു. പിന്നീട്, വാതില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ അതില്‍ വീണ്ടും ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി അയാള്‍ കണ്ടെത്തി. അയാള്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ വന്ന് അഞ്ച് കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യു.എസിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാഷിംഗ്ടണ്‍ ഡി.സിയിലെ വാട്ടര്‍ഗേറ്റ് കെട്ടിടത്തില്‍ ജോലിചെയ്യുന്ന യുവാവായ കാവല്‍ക്കാരന്‍ തന്റെ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി പുറത്തുകൊണ്ടുവന്നത് തന്റെ ജോലി ഗൗരവമായി എടുത്ത് നന്നായി ചെയ്തതുകൊണ്ടാണ്.

നെഹെമ്യാവ് യെരൂശലേമിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാന്‍ തുടങ്ങി – അവന്‍ ആ ദൗത്യം ഗൗരവമായി എടുത്തു. പദ്ധതിയുടെ അവസാനിക്കാറായപ്പോള്‍, സമീപത്തുള്ള എതിരാളികള്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ നെഹെമ്യാവിനെ ക്ഷണിച്ചു. സൗഹാര്‍ദ്ദപരമായ ക്ഷണത്തിന്റെ മറവില്‍ ഒരു വഞ്ചനാപരമായ കെണി ഉണ്ടായിരുന്നു (നെഹെമ്യാവ് 6:1-2). എന്നാല്‍ നെഹെമ്യാവിന്റെ പ്രതികരണം അവന്റെ ബോധ്യത്തിന്റെ ആഴം കാണിക്കുന്നു: ”ഞാന്‍ ഒരു വലിയ വേല ചെയ്തു വരുന്നു; എനിക്ക് അങ്ങോട്ടു വരുവാന്‍ കഴിവില്ല; ഞാന്‍ വേല വിട്ടു നിങ്ങളുടെ അടുക്കല്‍ വരുന്നതിനാല്‍ അതിനു മിനക്കേടു വരുത്തുന്നത് എന്തിന്?’ (വാ. 3).

അവന് തീര്‍ച്ചയായും ചില അധികാരങ്ങളുണ്ടെങ്കിലും, നെഹെമ്യാവ് വീരന്മാരുടെ ഗണത്തില്‍ വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നില്ല. അവന്‍ ഒരു വലിയ യോദ്ധാവായിരുന്നില്ല, കവിയോ പ്രവാചകനോ അല്ല, രാജാവോ വിശുദ്ധനോ ആയിരുന്നില്ല. കരാര്‍ പണിക്കാരനായി മാറിയ പാനപാത്രവാഹകനായിരുന്നു അവന്‍. എന്നിട്ടും താന്‍ ദൈവത്തിനുവേണ്ടി സുപ്രധാനമായ ഒരുകാര്യം ചെയ്യുന്നുവെന്ന് അവന്‍ വിശ്വസിച്ചു. നാം ചെയ്യുന്നതിനായി അവിടുന്ന് നമുക്ക് നല്‍കിയിട്ടുള്ള ജോലി ഗൗരവമായി എടുത്ത് അവിടുത്തെ ശക്തിയിലും കരുതലിലും അത് നന്നായി ചെയ്യുവാന്‍ നമുക്കു കഴിയട്ടെ.