എന്റെ സുഹൃത്ത് അനിത ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തിനായി ശമ്പളം വിതരണം ചെയ്യുന്ന ജോലിക്കാരിയാണ്. ഇത് ഒരു നേരായ ജോലിയാണെന്ന് തോന്നുമെങ്കിലും, തൊഴിലുടമകള്‍ ആവശ്യമായതിലും വൈകിയാണ് പലപ്പോഴും വിവരങ്ങള്‍ സമര്‍പ്പിക്കാറുള്ളത്. ഇക്കാരണത്താല്‍, ജീവനക്കാര്‍ക്ക് അവരുടെ പണം കാലതാമസം കൂടാതെ ലഭിക്കുന്നതിനായി അനിത ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്നു. ജീവനക്കാര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങാനും ഭവന വായ്പ അടയ്ക്കാനും ഈ ശമ്പളത്തെ ആശ്രയിക്കുന്നതിനാല്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അവള് ഇത് ചെയ്യുന്നത്.
അനിതയുടെ ജോലിയോടുള്ള അനുകമ്പാപൂര്‍വ്വമായ സമീപനം യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂമിയിലായിരുന്നപ്പോള്‍, തനിക്ക് അസൗകര്യമുണ്ടായിരുന്നപ്പോള് പോലും അവന് ചിലപ്പോള്‍ ആളുകളെ ശുശ്രൂഷിച്ചു. ഉദാഹരണത്തിന്, യോഹന്നാന് സ്നാപകന് കൊല്ലപ്പെട്ടുവെന്ന് കേട്ടതിനുശേഷം ക്രിസ്തുവിന് കുറച്ചുസമയം തനിച്ചിരിക്കണമായിരുന്നു. അതിനാല്‍ അവന് ഒരു പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തേക്കു പോയി (മത്തായി 14:13). ഒരുപക്ഷേ, അവനു തന്റെ ബന്ധുവിന്റെ മരണത്തില്‍ ദുഃഖിക്കുകയും തന്റെ സങ്കടത്തില്‍ പ്രാര്‍ത്ഥിക്കുകയും വേണമായിരുന്നു.
അവിടെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. പുരുഷാരം അവന്റെ പിന്നാലെ എത്തി. ഈ ജനത്തിന് വിവിധ ശാരീരിക ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആളുകളെ പറഞ്ഞയക്കുന്നത് വളരെ എളുപ്പമായിരുന്നു, എന്നാല്‍ ”യേശു വന്നു വലിയ പുരുഷാരത്തെ കണ്ട് അവരില്‍ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.” (വാ. 14).
താന്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ആളുകളെ പഠിപ്പിക്കുന്നതും അവരുടെ രോഗങ്ങള്‍ ഭേദമാക്കുന്നതും യേശുവിന്റെ ആഹ്വാനത്തിന്റെ ഭാഗമായിരുന്നെങ്കിലും, അവന്റെ മനസ്സലിവ് തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന രീതിയെ ബാധിച്ചു. നമ്മുടെ ജീവിതത്തില്‍ അവിടുത്തെ മനസ്സലിവ് തിരിച്ചറിയാന്‍ ദൈവം നമ്മെ സഹായിക്കുകയും അത് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശക്തി നല്‍കുകയും ചെയ്യട്ടെ.
ദൈവത്തിന്റെ മനസ്സലിവും കരുതലും നിങ്ങള്‍ എങ്ങനെയാണ് അനുഭവിച്ചിട്ടുള്ളത്? നിങ്ങളുടെ ദൈനംദിന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ ദൈവസ്നേഹം കാണിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?
പ്രിയ യേശുവേ, എന്റെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നന്ദി. മറ്റുള്ളവരെ കരുതുന്നതിലൂടെ എനിക്ക് അങ്ങയെ മഹത്വപ്പെടുത്തുവാന്‍ കഴിയേണ്ടതിന് എന്റെ കൃതജ്ഞത കവിഞ്ഞൊഴുകാന്‍ സഹായിക്കണമേ.
മനസ്സലിവിനെക്കുറിച്ച് കൂടുതലറിയാന്‍, വായിക്കുക: മനസ്സലിവ്: യേശുവനെപ്പോലെ സ്നേഹിക്കാന്‍ പഠിക്കുക. discoveryseries.org/q0208.