ജോലിയില്‍ പ്രകടമാക്കുന്ന മനസ്സലിവ്
എന്റെ സുഹൃത്ത് അനിത ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തിനായി ശമ്പളം വിതരണം ചെയ്യുന്ന ജോലിക്കാരിയാണ്. ഇത് ഒരു നേരായ ജോലിയാണെന്ന് തോന്നുമെങ്കിലും, തൊഴിലുടമകള്‍ ആവശ്യമായതിലും വൈകിയാണ് പലപ്പോഴും വിവരങ്ങള്‍ സമര്‍പ്പിക്കാറുള്ളത്. ഇക്കാരണത്താല്‍, ജീവനക്കാര്‍ക്ക് അവരുടെ പണം കാലതാമസം കൂടാതെ ലഭിക്കുന്നതിനായി അനിത ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്നു. ജീവനക്കാര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങാനും ഭവന വായ്പ അടയ്ക്കാനും ഈ ശമ്പളത്തെ ആശ്രയിക്കുന്നതിനാല്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അവള് ഇത് ചെയ്യുന്നത്.
അനിതയുടെ ജോലിയോടുള്ള അനുകമ്പാപൂര്‍വ്വമായ സമീപനം യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂമിയിലായിരുന്നപ്പോള്‍, തനിക്ക് അസൗകര്യമുണ്ടായിരുന്നപ്പോള് പോലും അവന് ചിലപ്പോള്‍ ആളുകളെ ശുശ്രൂഷിച്ചു. ഉദാഹരണത്തിന്, യോഹന്നാന് സ്നാപകന് കൊല്ലപ്പെട്ടുവെന്ന് കേട്ടതിനുശേഷം ക്രിസ്തുവിന് കുറച്ചുസമയം തനിച്ചിരിക്കണമായിരുന്നു. അതിനാല്‍ അവന് ഒരു പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തേക്കു പോയി (മത്തായി 14:13). ഒരുപക്ഷേ, അവനു തന്റെ ബന്ധുവിന്റെ മരണത്തില്‍ ദുഃഖിക്കുകയും തന്റെ സങ്കടത്തില്‍ പ്രാര്‍ത്ഥിക്കുകയും വേണമായിരുന്നു.
അവിടെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. പുരുഷാരം അവന്റെ പിന്നാലെ എത്തി. ഈ ജനത്തിന് വിവിധ ശാരീരിക ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആളുകളെ പറഞ്ഞയക്കുന്നത് വളരെ എളുപ്പമായിരുന്നു, എന്നാല്‍ ''യേശു വന്നു വലിയ പുരുഷാരത്തെ കണ്ട് അവരില്‍ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.'' (വാ. 14).
താന്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ആളുകളെ പഠിപ്പിക്കുന്നതും അവരുടെ രോഗങ്ങള്‍ ഭേദമാക്കുന്നതും യേശുവിന്റെ ആഹ്വാനത്തിന്റെ ഭാഗമായിരുന്നെങ്കിലും, അവന്റെ മനസ്സലിവ് തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന രീതിയെ ബാധിച്ചു. നമ്മുടെ ജീവിതത്തില്‍ അവിടുത്തെ മനസ്സലിവ് തിരിച്ചറിയാന്‍ ദൈവം നമ്മെ സഹായിക്കുകയും അത് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശക്തി നല്‍കുകയും ചെയ്യട്ടെ.
വിടവാങ്ങലുകളും അഭിവാദനങ്ങളും
എന്റെ സഹോദരന് ഡേവിഡ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പെട്ടെന്ന് മരിച്ചപ്പോള്‍, ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഗണ്യമായി മാറി. ഏഴു മക്കളില്‍ നാലാമനായിരുന്നു ഡേവ്, എങ്കിലും ഞങ്ങളില്‍ നിന്ന് ആദ്യം അദ്ദേഹമാണു കടന്നുപോയത് - ആ കടന്നുപോക്കിന്റെ അപ്രതീക്ഷിത സ്വഭാവം എന്നെക്കുറിച്ചു തന്നെ ചിന്തിക്കാന്‍ വളരെയധികം സഹായിച്ചു. ഞങ്ങള്‍ക്കു പ്രായം വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാവി, നേട്ടത്തേക്കാള്‍ അധികം നഷ്ടത്താല്‍ അടയാളപ്പെടുത്താന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്കു വ്യക്തമായി. ഇനി അഭിവാദനങ്ങളെക്കാള് അധികം വിടപറയലുകളാണു വരാന്‍ പോകുന്നത്.
ഇതൊന്നും ബുദ്ധിപരമായി ആശ്ചര്യകരമല്ല, കാരണം അങ്ങനെയാണു ജീവിതം മുമ്പോട്ടുപോകുന്നത്. എന്നാല്‍ ഈ തിരിച്ചറിവ് തലച്ചോറിലേക്കുള്ള ഒരു വൈകാരിക മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു. ജീവിതം നമുക്ക് നല്കുന്ന ഓരോ അവസരത്തിനും ഇത് പുതിയ പ്രാധാന്യം നല്കി. ഭാവിയിലെ പുനഃസമാഗമം എന്ന യാഥാര്‍ത്ഥ്യത്തിന് ഇത് വലിയതും പുതിയതുമായ മൂല്യം നല്കി, കാരണം അവിടെ ഒരിക്കലും വിടപറയലിന്റെ ആവശ്യമില്ല.
വെളിപ്പാട് 21:3-4 ല്‍ നാം കാണുന്നതിന്റെ കാതലാണ് ഈ ആത്യന്തിക യാഥാര്‍ത്ഥ്യം: ''ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവന് അവരുടെ കണ്ണില്‍നിന്നു കണ്ണുനീര് എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി.'
നീണ്ട വിടവാങ്ങലുകളുടെ കാലഘട്ടങ്ങള്‍ നാം അനുഭവിച്ചേക്കാമെങ്കിലും, ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള നമ്മുടെ വിശ്വാസം അഭിവാദനങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു നിത്യത നമുക്കു വാഗ്ദത്തം ചെയ്യുന്നു.
സൗഹൃദത്തിന്റെ ചിറകുകള്
ഒരു മറൈന്‍ ബയോളജിസ്റ്റ് നീന്തുകയായിരുന്നു. പെട്ടെന്ന് 22 ടണ്‍ ഭാരമുള്ള ഒരു തിമിംഗലം പ്രത്യക്ഷപ്പെടുകയും അവളെ അതിന്റെ ചിറകിനടിയില്‍ ചേര്‍ക്കുകയും ചെയ്തു. തന്റെ ജീവിതം അവസാനിച്ചുവെന്ന് ആ സ്ത്രീ കരുതി. എന്നാല്‍ പതുക്കെ വൃത്താകൃതിയില്‍ കുറെ നീന്തിയ ശേഷം തിമിംഗലം അവളെ വിട്ടയച്ചു. അപ്പോഴാണ് ഒരു സ്രാവ് ആ പ്രദേശം വിട്ടുപോകുന്നത് ബയോളജിസ്റ്റു കണ്ടത്. തിമിംഗലം തന്നെ സംരക്ഷിക്കുകയായിരുന്നുവെന്ന് - അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് - ആ സ്ത്രീ വിശ്വസിക്കുന്നു.
അപകടകരമായ ലോകത്ത്, മറ്റുള്ളവരെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. മറ്റൊരാളുടെ ഉത്തരവാദിത്തം ഞാന്‍ ഏല്ക്കണമെന്ന് ശരിക്കും എന്നില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ടോ? എന്നു നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ കയീന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ''ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ?'' (ഉല്പത്തി 4:9). പഴയനിയമത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇടിമുഴക്ക സമാനം പ്രതികരിക്കുന്നത് അതേ! എന്നാണ്. തോട്ടം കാക്കാന്‍ ആദാമിനെ ചുമതലപ്പെടുത്തിയതുപോലെ, കയീന് ഹാബെലിനെ പരിപാലിക്കേണ്ടതായിരുന്നു. യിസ്രായേല്‍ ദുര്‍ബലരെ സംരക്ഷിക്കുകയും ദരിദ്രരെ പരിപാലിക്കുകയും ചെയ്യണമായിരുന്നു. എന്നിട്ടും അവര്‍ നേരെ വിപരീതമായി പ്രവര്‍ത്തിച്ചു - ജനങ്ങളെ ചൂഷണം ചെയ്യുകയും ദരിദ്രരെ പീഡിപ്പിക്കുകയും അയല്‍ക്കാരെ തങ്ങളെപ്പോലെ സ്നേഹിക്കാനുള്ള ആഹ്വാനം ഉപേക്ഷിക്കുകയും ചെയ്തു (യെശയ്യാവ് 3:14-15).
എന്നിട്ടും കയീന്റെയും ഹാബേലിന്റെയും കഥയില്‍, കയീനെ ദൈവം ദൂരത്തേക്ക് പറഞ്ഞയച്ചതിനുശേഷവും ദൈവം അവനെ സംരക്ഷിച്ചു (ഉല്പത്തി 4:15-16). ഹാബെലിനായി കയീന് എന്തു ചെയ്യണമായിരുന്നോ അത് ദൈവം കയീനുവേണ്ടി ചെയ്തു. യേശുവിലൂടെ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നതിനായി വന്നോ അതിന്റെ മനോഹരമായ ഒരു നിഴല്‍ ചിത്രമാണിത്. യേശു നമ്മെ തന്റെ പരിപാലനത്തില്‍ സൂക്ഷിക്കുന്നു, മറ്റുള്ളവര്‍ക്കുവേണ്ടിയും പോയി അങ്ങനെ ചെയ്യാന്‍ അവന് നമ്മെ പ്രാപ്തനാക്കുന്നു.
പ്രോത്സാഹന ദിനം
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആദ്യം പ്രതികരിക്കുന്നവര്‍ മുന്‍നിരയില്‍ നില്‍ക്കുന്നതിലൂടെ പ്രതിജ്ഞാബദ്ധതയും ധൈര്യവും കാണിക്കുന്നു. 2001 ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തപ്പോള്‍ നാനൂറിലധികം ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ആദ്യം പ്രതികരിച്ചവരുടെ ബഹുമാനാര്‍ത്ഥം യുഎസ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 12 നെ ദേശീയ പ്രോത്സാഹന ദിനമായി പ്രഖ്യാപിച്ചു.
ഒരു സര്‍ക്കാര്‍ ദേശീയ പ്രോത്സാഹന ദിനം പ്രഖ്യാപിക്കുന്നത് അദ്വിതീയമാണെന്ന് തോന്നുമെങ്കിലും, ഒരു സഭയുടെ വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് കരുതിയിരുന്നു. ''ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുവിന്‍: ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍; ബലഹീനരെ താങ്ങുവിന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിക്കുവിന്‍'' (1 തെസ്സലൊനീക്യര്‍ 5:14). അവര്‍ പീഡനത്തിലൂടെ കടന്നുപോവുകയായിരുന്നുവെങ്കിലും, ''തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കുവിന്‍'' എന്നു പൗലൊസ് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു (വാ. 15). മനുഷ്യരെന്ന നിലയില്‍ അവര്‍ നിരാശ, സ്വാര്‍ത്ഥത, സംഘര്‍ഷം എന്നിവയ്ക്ക് ഇരയാകുമെന്ന് അവനറിയാമായിരുന്നു. അപ്പോള്‍തന്നേ ദൈവത്തിന്റെ സഹായവും ശക്തിയും കൂടാതെ പരസ്പരം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും അവനറിയാമായിരുന്നു.
ഇന്നും കാര്യങ്ങള്‍ വ്യത്യസ്തമല്ല. നമുക്കെല്ലാം പ്രോത്സാഹനം ആവശ്യമുണ്ട്, നമുക്ക് ചുറ്റുമുള്ളവരെ നാമും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ നമുക്കത് നമ്മുടെ സ്വന്ത ശക്തിയില്‍ ചെയ്യാന്‍ കഴിയില്ല. അതിനാലാണ് ''നിങ്ങളെ വിളിക്കുന്നവന് [യേശു] വിശ്വസ്തന് ആകുന്നു; അവന് അത് നിവര്‍ത്തിക്കും'' എന്ന പൗലൊസിന്റെ പ്രോത്സാഹനം വളരെ ആശ്വാസകരമാകുന്നത് (വാ. 24). അവിടുത്തെ സഹായത്താല്‍ നമുക്ക് ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കാം.
മരുഭൂമിയിലെ അഗ്നി
1800-കളുടെ അവസാനത്തില്‍ അമേരിക്കയിലെ ഒരു മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍, ജിം വൈറ്റ് ഒരു വിചിത്രമായ പുക മേഘം ആകാശത്തേക്ക് കറങ്ങിക്കയറുന്നതായി കണ്ടു. കാട്ടുതീയാണെന്നു സംശയിച്ച്, യുവാവായ കുതിരസവാരിക്കാരന്‍ അതിന്റെ ഉറവിടത്തിലേക്ക് കുതിച്ചു, അവിടെയെത്തിയപ്പോഴാണ് ''പുക'' എന്നു തോന്നിയത് ഭൂമിയിലെ ഒരു ദ്വാരത്തില്‍ നിന്ന് മുകളിലേക്കു കുതിക്കുന്ന വവ്വാലുകളുടെ ഒരു വലിയ കൂട്ടമാണെന്ന് മനസ്സിലായത്. വിശാലവും വിചിത്രവുമായ ഒരു ഗുഹാസംവിധാനം ജിം കണ്ടു, അത് പിന്നീട് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറി.
മോശെ മധ്യപൂര്‍വ്വദേശത്തെ ഒരു മരുഭൂമിയില്‍ ആടുകളെ മേയിക്കുന്നതിനിടയില്‍, അവനും തന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വിചിത്രമായ ഒരു കാഴ്ച കണ്ടു - ഒരു മുള്‍പടര്‍പ്പു കത്തുന്നതും വെന്തുപോകാത്തതുമായ കാഴ്ച (പുറപ്പാട് 3:2). മുള്‍പടര്‍പ്പില്‍ നിന്ന് ദൈവം തന്നെ സംസാരിച്ചപ്പോള്‍, തനിക്ക് ആദ്യം തോന്നിയതിനേക്കാള്‍ വളരെ മഹത്തായ ഒരു കാര്യത്തിലേക്കാണ് താന്‍ വന്നിട്ടുള്ളതെന്ന് മോശ മനസ്സിലാക്കി. യഹോവ മോശയോട് പറഞ്ഞു, ''ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു'' (വാ. 6). അടിമകളായ ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും തന്റെ മക്കളെന്ന നിലയില്‍ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം അവരെ ദൈവം കാണിക്കാനും പോകുകയായിരുന്നു (വാ. 10).
അറുനൂറിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്, ദൈവം അബ്രഹാമിനോട് ഈ വാഗ്ദാനം ചെയ്തു: ''നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും'' (ഉല്പത്തി 12:3). ഈജിപ്തില്‍ നിന്നുള്ള യിസ്രായേല്യരുടെ പുറപ്പാട് ആ അനുഗ്രഹത്തിന്റെ ഒരു പടി മാത്രമായിരുന്നു. അബ്രഹാമിന്റെ പിന്‍ഗാമിയായ മശിഹായിലൂടെ തന്റെ സൃഷ്ടിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയായിരുന്നു ആ അനുഗ്രഹം.
ആ അനുഗ്രഹത്തിന്റെ പ്രയോജനങ്ങള്‍ ഇന്ന് നമുക്ക് ആസ്വദിക്കാന്‍ കഴിയും, കാരണം ദൈവം ഈ രക്ഷ എല്ലാവര്‍ക്കുമായി വാഗ്ദാനം ചെയ്യുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു മരിക്കാന്‍ വന്നത്. അവനിലുള്ള വിശ്വാസത്താല്‍ നാമും ജീവനുള്ള ദൈവത്തിന്റെ മക്കളായിത്തീരുന്നു.