1800-കളുടെ അവസാനത്തില്‍ അമേരിക്കയിലെ ഒരു മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍, ജിം വൈറ്റ് ഒരു വിചിത്രമായ പുക മേഘം ആകാശത്തേക്ക് കറങ്ങിക്കയറുന്നതായി കണ്ടു. കാട്ടുതീയാണെന്നു സംശയിച്ച്, യുവാവായ കുതിരസവാരിക്കാരന്‍ അതിന്റെ ഉറവിടത്തിലേക്ക് കുതിച്ചു, അവിടെയെത്തിയപ്പോഴാണ് ”പുക” എന്നു തോന്നിയത് ഭൂമിയിലെ ഒരു ദ്വാരത്തില്‍ നിന്ന് മുകളിലേക്കു കുതിക്കുന്ന വവ്വാലുകളുടെ ഒരു വലിയ കൂട്ടമാണെന്ന് മനസ്സിലായത്. വിശാലവും വിചിത്രവുമായ ഒരു ഗുഹാസംവിധാനം ജിം കണ്ടു, അത് പിന്നീട് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറി.

മോശെ മധ്യപൂര്‍വ്വദേശത്തെ ഒരു മരുഭൂമിയില്‍ ആടുകളെ മേയിക്കുന്നതിനിടയില്‍, അവനും തന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വിചിത്രമായ ഒരു കാഴ്ച കണ്ടു – ഒരു മുള്‍പടര്‍പ്പു കത്തുന്നതും വെന്തുപോകാത്തതുമായ കാഴ്ച (പുറപ്പാട് 3:2). മുള്‍പടര്‍പ്പില്‍ നിന്ന് ദൈവം തന്നെ സംസാരിച്ചപ്പോള്‍, തനിക്ക് ആദ്യം തോന്നിയതിനേക്കാള്‍ വളരെ മഹത്തായ ഒരു കാര്യത്തിലേക്കാണ് താന്‍ വന്നിട്ടുള്ളതെന്ന് മോശ മനസ്സിലാക്കി. യഹോവ മോശയോട് പറഞ്ഞു, ”ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു” (വാ. 6). അടിമകളായ ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും തന്റെ മക്കളെന്ന നിലയില്‍ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം അവരെ ദൈവം കാണിക്കാനും പോകുകയായിരുന്നു (വാ. 10).

അറുനൂറിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്, ദൈവം അബ്രഹാമിനോട് ഈ വാഗ്ദാനം ചെയ്തു: ”നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 12:3). ഈജിപ്തില്‍ നിന്നുള്ള യിസ്രായേല്യരുടെ പുറപ്പാട് ആ അനുഗ്രഹത്തിന്റെ ഒരു പടി മാത്രമായിരുന്നു. അബ്രഹാമിന്റെ പിന്‍ഗാമിയായ മശിഹായിലൂടെ തന്റെ സൃഷ്ടിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയായിരുന്നു ആ അനുഗ്രഹം.

ആ അനുഗ്രഹത്തിന്റെ പ്രയോജനങ്ങള്‍ ഇന്ന് നമുക്ക് ആസ്വദിക്കാന്‍ കഴിയും, കാരണം ദൈവം ഈ രക്ഷ എല്ലാവര്‍ക്കുമായി വാഗ്ദാനം ചെയ്യുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു മരിക്കാന്‍ വന്നത്. അവനിലുള്ള വിശ്വാസത്താല്‍ നാമും ജീവനുള്ള ദൈവത്തിന്റെ മക്കളായിത്തീരുന്നു.