ഒരു മറൈന്‍ ബയോളജിസ്റ്റ് നീന്തുകയായിരുന്നു. പെട്ടെന്ന് 22 ടണ്‍ ഭാരമുള്ള ഒരു തിമിംഗലം പ്രത്യക്ഷപ്പെടുകയും അവളെ അതിന്റെ ചിറകിനടിയില്‍ ചേര്‍ക്കുകയും ചെയ്തു. തന്റെ ജീവിതം അവസാനിച്ചുവെന്ന് ആ സ്ത്രീ കരുതി. എന്നാല്‍ പതുക്കെ വൃത്താകൃതിയില്‍ കുറെ നീന്തിയ ശേഷം തിമിംഗലം അവളെ വിട്ടയച്ചു. അപ്പോഴാണ് ഒരു സ്രാവ് ആ പ്രദേശം വിട്ടുപോകുന്നത് ബയോളജിസ്റ്റു കണ്ടത്. തിമിംഗലം തന്നെ സംരക്ഷിക്കുകയായിരുന്നുവെന്ന് – അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് – ആ സ്ത്രീ വിശ്വസിക്കുന്നു.

അപകടകരമായ ലോകത്ത്, മറ്റുള്ളവരെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. മറ്റൊരാളുടെ ഉത്തരവാദിത്തം ഞാന്‍ ഏല്‍ക്കണമെന്ന് ശരിക്കും എന്നില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ടോ? എന്നു നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ കയീന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ?” (ഉല്പത്തി 4:9). പഴയനിയമത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇടിമുഴക്ക സമാനം പ്രതികരിക്കുന്നത് അതേ! എന്നാണ്. തോട്ടം കാക്കാന്‍ ആദാമിനെ ചുമതലപ്പെടുത്തിയതുപോലെ, കയീന്‍ ഹാബെലിനെ പരിപാലിക്കേണ്ടതായിരുന്നു. യിസ്രായേല്‍ ദുര്‍ബലരെ സംരക്ഷിക്കുകയും ദരിദ്രരെ പരിപാലിക്കുകയും ചെയ്യണമായിരുന്നു. എന്നിട്ടും അവര്‍ നേരെ വിപരീതമായി പ്രവര്‍ത്തിച്ചു – ജനങ്ങളെ ചൂഷണം ചെയ്യുകയും ദരിദ്രരെ പീഡിപ്പിക്കുകയും അയല്‍ക്കാരെ തങ്ങളെപ്പോലെ സ്‌നേഹിക്കാനുള്ള ആഹ്വാനം ഉപേക്ഷിക്കുകയും ചെയ്തു (യെശയ്യാവ് 3:14-15).

എന്നിട്ടും കയീന്റെയും ഹാബേലിന്റെയും കഥയില്‍, കയീനെ ദൈവം ദൂരത്തേക്ക് പറഞ്ഞയച്ചതിനുശേഷവും ദൈവം അവനെ സംരക്ഷിച്ചു (ഉല്പത്തി 4:15-16). ഹാബെലിനായി കയീന്‍ എന്തു ചെയ്യണമായിരുന്നോ അത് ദൈവം കയീനുവേണ്ടി ചെയ്തു. യേശുവിലൂടെ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നതിനായി വന്നോ അതിന്റെ മനോഹരമായ ഒരു നിഴല്‍ ചിത്രമാണിത്. യേശു നമ്മെ തന്റെ പരിപാലനത്തില്‍ സൂക്ഷിക്കുന്നു, മറ്റുള്ളവര്‍ക്കുവേണ്ടിയും പോയി അങ്ങനെ ചെയ്യാന്‍ അവന്‍ നമ്മെ പ്രാപ്തനാക്കുന്നു.