യേശുവിനെ സേവിക്കാനുള്ള ശക്തമായ ആഗ്രഹത്തോടെ ആഷ്ടനും ഓസ്റ്റിന്‍ സാമുവല്‍സണും ഒരു ക്രിസ്തീയ കോളേജില്‍ നിന്ന് ബിരുദം നേടി. എന്നിരുന്നാലും, സഭയിലെ ഒരു പരമ്പരാഗത ശുശ്രൂഷയിലേക്ക് തങ്ങള്‍ക്കു വിളിയുള്ളതായി ഇരുവര്‍ക്കും തോന്നിയില്ല. എന്നാല്‍ ലോകത്തിലെ ശുശ്രൂഷയുടെ കാര്യമോ? തീര്‍ച്ചയായും അവര്‍ക്കുറപ്പുണ്ടായിരുന്നു. ദൈവം നല്‍കിയ സംരംഭകത്വ കഴിവുകളുമായി കുട്ടികളുടെ വിശപ്പു മാറ്റാനുള്ള അവരുടെ ഭാരം അവര്‍ കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യത്തോടെ 2014 ല്‍ അവര്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. എന്നാല്‍ ഇത് ഏതെങ്കിലും ഒരു റെസ്റ്റോറന്റ് ആയിരുന്നില്ല. ഒന്നു വാങ്ങുക-ഒന്നു-നല്‍കുക-എന്ന പ്രമാണത്തില്‍ നിന്നുകൊണ്ടാണ് സാമുവല്‍സണ്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്ന ഓരോ ഭക്ഷണത്തോടൊപ്പം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഭക്ഷണം നല്‍കാന്‍ അവര്‍ പണം സംഭാവന ചെയ്യുന്നു. ഇതുവരെ, അറുപതിലധികം രാജ്യങ്ങളില്‍ അവര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളിലെ വിശപ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാകുക എന്നതാണ് അവരുടെ ലക്ഷ്യം – ഒരു സമയം ഒരു ഭക്ഷണം വീതം.
മത്തായി 10-ലെ യേശുവിന്റെ വാക്കുകള്‍ നിഗൂഢമല്ല, അവ അതിശയകരമാംവിധം വ്യക്തമാണ്: ഭക്തി പ്രകടമാകുന്നത് പ്രവൃത്തികളിലാണ്, വാക്കുകൡല്ല (വാ. 37-42). അത്തരം ഒരു പ്രവൃത്തികളിലൊന്ന് ”ഈ ചെറിയവരില്‍ ഒരുത്തന്്” നല്‍കുക എന്നതാണ്. സാമുവല്‍സണെ സംബന്ധിച്ചിടത്തോളം, അവര്‍ ശ്രദ്ധയൂന്നിയത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലാണ്. എന്നാല്‍ ശ്രദ്ധിക്കുക, ”ഈ ചെറിയവരില്‍ ഒരുത്തന്” എന്നത് കാലഗണന പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വാക്കല്ല. ദരിദ്രര്‍, രോഗികള്‍, തടവുകാര്‍, അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ ലോകത്തിന്റെ ദൃഷ്ടിയില്‍ പരിഗണന ലഭിക്കാത്ത ”ഈ ചെറിയവരില്‍ ഒരുത്തന്” കൊടുക്കുവാനാണ് കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത്. എന്താണ് കൊടുക്കേണ്ടത്? യേശു പറയുന്നു ”ഒരു പാനപാത്രം തണ്ണീര്‍” എങ്കിലും (വാ. 42). ഒരു കപ്പ് തണുത്ത വെള്ളം പോലെ ചെറുതും ലളിതവുമായ ഒന്ന്. എങ്കില്‍ ഒരു നേരത്തെ ഭക്ഷണം തീര്‍ച്ചയായും ആ ഗണത്തില്‍ ഉള്‍പ്പെടും.
ലോകത്തിന്റെ കാഴ്ചയില്‍ ചെറുതായിട്ടുള്ള ആരാണ് നിങ്ങളുടെ ജീവിതത്തില്‍ ഉള്ളത്്? ഈ ''ചെറിയവരില്‍ ഒരുത്തനെ'' സേവിക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യം എന്താണ്?
യേശുവേ, ഇന്ന് എന്റെ മുമ്പില്‍ വരുന്ന ഏറ്റവും ചെറിയവരെപ്പോലും എനിക്ക് സേവിക്കാന്‍ കഴിയേണ്ടതിന് എനിക്ക് കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള ചെവിയും തരണമേ.