സ്പെയിനിലുണ്ടായ ഒരു കാട്ടുതീ 50,000 ഏക്കറോളം വനഭൂമി കത്തിച്ചു ചാമ്പലാക്കി. എന്നിരുന്നാലും, ഈ നാശത്തിന്റെ മധ്യത്തില്‍, ആയിരത്തോളം പച്ചനിറത്തിലുള്ള സൈപ്രസ് മരങ്ങളുടെ ഒരു കൂട്ടം നാശമേല്‍ക്കാതെ നിലകൊണ്ടു. വെള്ളം ശേഖരിച്ചുനിര്‍ത്താനുള്ള ആ വൃക്ഷങ്ങളുടെ കഴിവ് അഗ്നിയെ സുരക്ഷിതമായി ചെറുത്തുനില്ക്കാന് അവരെ സഹായിച്ചു.
ബാബിലോണില്‍ നെബൂഖദ്നേഖര്‍ രാജാവിന്റെ ഭരണകാലത്ത് സുഹൃത്തുക്കളുടെ ഒരു ചെറിയ സംഘം രാജാവിന്റെ ക്രോധാഗ്നിയെ അതിജീവിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോവും നെബൂഖദ്നേസര്‍ നിര്‍മ്മിച്ച ഒരു പ്രതിമയെ ആരാധിക്കാന്‍ വിസമ്മതിച്ചുകൊണ്ടുപറഞ്ഞു ‘ഞങ്ങള്‍ സേവിക്കുന്ന ദൈവം ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍നിന്നും വിടുവിക്കും’ (ദാനീയേല്‍ 3:17). കോപിഷ്ഠനായ രാജാവ് ചൂളയുടെ ചൂട് സാധാരണയേക്കാള്‍ ഏഴിരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കല്പ്പിച്ചു (വാ. 19).
തീയുടെ ചൂട് അതികഠിനമായിരുന്നതിനാല്‍ രാജാവിന്റെ കല്‍പ്പനയനുസരിച്ച് മൂന്നു യുവാക്കളെ തീയിലേക്ക് എറിഞ്ഞ സൈനികരെ തീ ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്കും മേശക്കും അബേദ്നെഗോവും കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതും അവര്‍ക്ക് ഒരു കേടും തട്ടിയിട്ടില്ലെന്നും ചുറ്റും നിന്നവര്‍ കണ്ടു. മറ്റൊരാള്‍ കൂടി ആ അഗ്നികുണ്ഡത്തില്‍ ഉണ്ടായിരുന്നു – നാലാമത്തവന്റെ രൂപം ഒരു ‘ദൈവപുത്രനോട്’ ഒത്തിരുന്നു (വാ. 25). പല പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് യേശുവിന്റെ ജഡധാരണത്തിനു മുമ്പുള്ള രൂപമായിരുന്നു എന്നാണ്.
ഭീഷണികളും പരിശോധനകളും നേരിടുമ്പോള്‍ യേശു നമ്മോടൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്പ്പെടാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്ന നിമിഷങ്ങളില്‍, നാം ഭയപ്പെടേണ്ടതില്ല. ദൈവം എങ്ങനെ അല്ലെങ്കില്‍ എപ്പോള്‍ നമ്മെ സഹായിക്കുമെന്ന് നമുക്ക് എല്ലായ്പ്പോഴും അറിയില്ലായിരിക്കാം, പക്ഷേ അവന് നമ്മോടൊപ്പമുണ്ടെന്ന് നമുക്കറിയാം. നാം സഹിക്കുന്ന ഓരോ ”അഗ്നി”യിലും അവനോട് വിശ്വസ്തത പുലര്‍ത്താന്‍ അവന് നമുക്ക് ശക്തി നല്‍കും.
എന്തുകൊണ്ടാണ് ദൈവസാന്നിധ്യത്തിന്റെ അമാനുഷിക ആശ്വാസം നിങ്ങള്‍ക്ക് പ്രോത്സാഹനമായിരിക്കുന്നത്? എതിര്‍പ്പ് നേരിടുന്ന മറ്റുള്ളവരെ നിങ്ങള്‍ക്ക് എങ്ങനെ കൈത്താങ്ങുവാന്‍ കഴിയും?
പ്രിയ ദൈവമേ, കീഴ്പ്പെടാനുള്ള സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ സഹിഷ്ണുതയോടെ നില്ക്കുവാന് എനിക്കു കഴിയേണ്ടതിന് അങ്ങയുടെ ആത്മാവില്‍ എന്നെ നിറയ്ക്കുക. ഉറച്ചുനിന്നുകൊണ്ട് അങ്ങയെ ബഹുമാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദാനിയേലിന്റെ പുസ്തകത്തെക്കുറിച്ചും അതിലെ പ്രവചനങ്ങളെക്കുറിച്ചും കൂടുതലറിയാന്‍, christianuniversity.org/OT313 സന്ദര്‍ശിക്കുക.