ബൈബിള്‍ പരിഭാഷകയായ ലില്ലി വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ടു. അവളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും, പുതിയ നിയമത്തിന്റെ ഒരു ഓഡിയോ കോപ്പി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും രണ്ട് മണിക്കൂര്‍ അവളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ അവളോട് തിരുവെഴുത്ത് ആപ്ലിക്കേഷന്‍ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു, അത് ഓപ്പണ്‍ ചെയ്തപ്പോള്‍ മത്തായി 7:1-2 ആണ് കേട്ടത്: ”നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.’ ഈ വാക്കുകള്‍ സ്വന്തം ഭാഷയില്‍ കേട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ വിളറി. പിന്നീട് തുടര്‍നടപടികളൊന്നും കൂടാതെ അവള്‍ മോചിപ്പിക്കപ്പെട്ടു.

വിമാനത്താവളത്തിലെ ആ ഉദ്യോഗസ്ഥന്റെ ഹൃദയത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല, എന്നാല്‍ (ദൈവത്തിന്റെ) വായില്‍ നിന്ന് പുറപ്പെടുന്ന വചനം” അവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നുവെന്ന് നമുക്കറിയാം (യെശയ്യാവ് 55:11). പ്രവാസികളായ ദൈവജനത്തോട് യെശയ്യാവ് ഈ പ്രവചനവചനങ്ങള്‍ പ്രവചിച്ചു, മഴയും മഞ്ഞും ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ, ”അവന്റെ വായില്‍ നിന്ന് പുറപ്പെടുന്ന വചനം” അവന്റെ ഉദ്ദേശ്യങ്ങള്‍ കൈവരിക്കുന്നുവെന്ന് ഉറപ്പുനല്‍കി (വാ. 10-11).

ദൈവത്തിലുള്ള നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഭാഗം വായിക്കാന്‍ കഴിയും. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായി ലില്ലി നേരിട്ടതുപോലുള്ള അനിയന്ത്രിതമായ സാഹചര്യങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കു വിശ്വസിക്കാന്‍ കഴിയും-അന്തിമഫലം നാം കാണാത്തപ്പോള്‍ പോലും.