ഒരു അധ്യാപകനെന്ന നിലയില്‍, ഒരു സാഹസിക പാര്‍ക്കിലേക്ക് എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യാത്ര ഞാന്‍ ക്രമീകരിച്ചു. സുരക്ഷാ ഗിയര്‍ ധരിച്ചുകൊണ്ട് എട്ട് അടി ഉയരമുള്ള മതില്‍ കയറാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. ആദ്യം പോയവര്‍ തങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറുകളെ വിശ്വസിച്ചുകൊണ്ട്, താഴേക്കുനോക്കാതെ കയറാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരുവളുടെ അരയില്‍ ബെല്‍റ്റുകളും കൊളുത്തും ഞങ്ങള്‍ ഉറപ്പിക്കുമ്പോള്‍ അവള്‍ തടസ്സങ്ങളെയാണ് നോക്കിയത്. ”എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല,” അവള്‍ പറഞ്ഞു. അവളുടെ സുരക്ഷാബെല്‍റ്റിന്റെ ഉറപ്പ് സ്ഥിരീകരിച്ച് ഞങ്ങള്‍ അവളെ പ്രോത്സാഹിപ്പിക്കുകയും അവള്‍ മതില്‍ കയറി ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവളെ അഭിന്ദിക്കുകയും ചെയ്തു.

ജയിക്കാന്‍ അസാധ്യമെന്ന് തോന്നുന്ന പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ഭയവും അരക്ഷിതാവസ്ഥയും സംശയങ്ങള്‍ ഉളവാക്കും. ദൈവത്തിന്റെ മാറ്റമില്ലാത്ത ശക്തി, നന്മ, വിശ്വസ്തത എന്നിവയുടെ ഉറപ്പ് വിശ്വാസത്തിന്റെ ശക്തമായ ഒരു സുരക്ഷാബെല്‍റ്റ് സൃഷ്ടിക്കുന്നു. ആത്മവിശ്വാസത്തിന്റെ ഈ ഉറപ്പ് പഴയനിയമ വിശുദ്ധന്മാരുടെ ധൈര്യത്തിന് ആക്കം കൂട്ടി. ദൈവത്തിന്റെ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അറിയാനുള്ള നമ്മുടെ ആവശ്യത്തെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അവര്‍ തെളിയിച്ചു (എബ്രായര്‍ 11:1-13, 39). അവനില്‍ വിശ്വസിക്കുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് നില്‍ക്കേണ്ടിവരുന്നു എങ്കിലും ദൃഢനിശ്ചയത്തോടെ നാം ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നു. നമ്മുടെ സാഹചര്യങ്ങളെ ശാശ്വതമായ വീക്ഷണകോണിലൂടെ – നമ്മുടെ പരിശോധനകള്‍ താല്‍ക്കാലികം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് – വീക്ഷിക്കുന്നതിലൂടെ നമ്മുടെ വെല്ലുവിളികളെ സമീപിക്കുന്ന രീതി ക്രമീകരിക്കാന്‍ നമുക്കു കഴിയും (വാ. 13-16).

ജീവിതത്തിലെ ദുര്‍ഘടമായ പാതകളിലും കുത്തനെയുള്ള കയറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൈവം നമ്മെ അപ്പുറത്തെത്തിക്കുമെന്ന് വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. എന്നാല്‍ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ, ഒരു കാലത്ത് അസാധ്യമെന്നു തോന്നിയ തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്ന് ദൈവത്തെ വിശ്വസിച്ചുകൊണ്ട് നമ്മുടെ അനിശ്ചിതത്വങ്ങളെ നമുക്ക് വരുതിയിലാക്കാന്‍ കഴിയും.