ശക്തിയേറിയ കൊടുങ്കാറ്റില്‍ അവരുടെ തോട്ടത്തിലെ വലിയ വൃക്ഷം ആടിയുലഞ്ഞു. വേനല്‍ക്കാലത്ത് ജ്വലിക്കുന്ന സൂര്യനില്‍ നിന്ന് അഭയം നല്‍കുക മാത്രമല്ല, കുടുംബത്തിന് തണലും നല്‍കുന്ന ആ വൃക്ഷത്തെ റെജി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് നിലത്തു നിന്ന് അതിന്റെ വേരുകളെ പറിച്ചുകളയുകയായിരുന്നു. റെജി, വേഗം പതിനഞ്ചു വയസ്സുള്ള മകനോടൊപ്പം വൃക്ഷത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളുടെ കൈകളും തൊണ്ണൂറ് റാത്തല്‍ ഭാരമുള്ള ശരീരവും അതിനെതിരെ ശക്തമായി ഊന്നിക്കൊണ്ട് അവളും മകനും അത് വീഴാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ അതിനു തക്ക ശക്തരായിരുന്നില്ല.
മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റിന്റെ നടുവില്‍ ദാവീദ് രാജാവ് വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം അവന്റെ ബലമായിരുന്നു (സങ്കീര്‍ത്തനം 28:8). അവന്റെ ലോകം കാല്‍ക്കീഴെ തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അവന്‍ ഇത് എഴുതിയതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. സ്വന്തം മകന്‍ അവനെതിരെ മത്സരിച്ച് സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചു (2 ശമൂവേല്‍ 15). ദൈവം നിശബ്ദനായിരിക്കുമെന്നും താന്‍ മരിക്കുമെന്നും അവന്‍ ഭയപ്പെട്ടതിനാല്‍ താന്‍ ബലഹീനനും ക്ഷീണിതനും ആയി അവന് അനുഭവപ്പെട്ടു (സങ്കീര്‍ത്തനം 28:1). ‘ഞാന്‍ നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കണമേ” എന്നവന്‍ ദൈവത്തോട് പറഞ്ഞു (വാ. 2). മകനുമായുള്ള ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ലെങ്കിലും ദൈവം ദാവീദിന് മുന്നോട്ട് പോകാന്‍ ശക്തി നല്‍കി.
മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ നാം എത്രത്തോളം ആഗ്രഹിച്ചുപോകാറുണ്ട്! നമുക്കതു കഴിഞ്ഞിരുന്നു എങ്കില്‍. . .. എന്നാല്‍ നമ്മുടെ ബലഹീനതയില്‍, നമ്മുടെ പാറയായിരിക്കാന്‍ അവനെ എപ്പോഴും വിളിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 1-2). നമുക്ക് ശക്തിയില്ലാത്തപ്പോള്‍, അവന്‍ നമ്മുടെ ഇടയനാണ്, അവന്‍ നമ്മെ എന്നെന്നേക്കും വഹിക്കും (വാ. 8-9).
എപ്പോഴാണ് നിങ്ങള്‍ക്ക് ബലഹീനനാണെന്നും ഒരു സാഹചര്യം പരിഹരിക്കാന്‍ കഴിവില്ല എന്നും അനുഭവപ്പെട്ടത്? ദൈവം നിങ്ങള്‍ക്കുവേണ്ടി ഇറങ്ങിവരുന്നത് നിങ്ങള്‍ എങ്ങനെയാണു കണ്ടത്?
ദൈവമേ, അങ്ങയില്‍ നിന്ന് എനിക്ക് അധിക ശക്തി ആവശ്യമുള്ള എന്തെങ്കിലും എപ്പോഴും ഉണ്ടാകാറുണ്ട്. അങ്ങയെക്കൂടാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഓര്‍മ്മിക്കാന്‍ എന്നെ സഹായിക്കണമേ.