ഇനി നന്നാക്കാന്‍ കഴിയാത്ത വിധം വിക്കിയുടെ പഴയ ബൈക്ക് കേടായപ്പോള്‍, അവള് മറ്റൊരു വാഹനത്തിനായി ചെറിയ തുകകള്‍ വീതം ശേഖരിക്കാന്‍ തുടങ്ങി. വിക്കി ജോലി ചെയ്യുന്ന റെസ്റ്റോറന്റിലെ പതിവ് കസ്റ്റമറായ ക്രിസ്, അവള്‍ക്ക് ഒരു ബൈക്ക് വേണമെന്ന് പറയുന്നതു ഒരു ദിവസം കേട്ടു. ”എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല,” ക്രിസ് പറഞ്ഞു. ”എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു.” അദ്ദേഹം തന്റെ മകന് ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങി (മകന് അത് വില്‍പ്പനയ്ക്ക് വച്ചിരുന്നു), അത് തൂത്തുതുടച്ച്, വിക്കിക്കു താക്കോല്‍ കൈമാറി. വിക്കി ഞെട്ടിപ്പോയി. ‘ആര്. . . ഇത് ചെയ്യും?’ അവള് ആശ്ചര്യത്തോടും നന്ദിയോടും കൂടെ പറഞ്ഞു.
നമുക്ക് കഴിയുന്നത്ര സൗജന്യമായി നല്‍കിക്കൊണ്ട് – ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചത് നല്‍കിക്കൊണ്ട് – തുറന്ന കൈകളോടെ ജീവിക്കാന്‍ തിരുവെഴുത്തുകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. തിമൊഥെയൊസിനോടു പറയുന്നതുപോലെ: ‘ഈ ലോകത്തിലെ ധനികരോട് നന്മ ചെയ്യാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍ കല്‍പ്പിക്കുക” (1 തിമൊഥെയൊസ് 6:18). നാം ഇവിടെയും അവിടെയും വല്ലപ്പോഴും ഒരു ദയാ പ്രവൃത്തി ചെയ്യുകയല്ല, മറിച്ച് ദാനം ചെയ്യുന്നതില്‍ സന്തോഷമുള്ളവരായി ജീവിക്കുകയാണ് വേണ്ടത്. വിശാല ഹൃദയം നമ്മുടെ സാധാരണ ജീവിത രീതി ആയിരിക്കണം. ”ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുക” എന്നു നമ്മോടു പറഞ്ഞിരിക്കുന്നു (വാ. 18).
തുറന്നതും ഔദാര്യമുള്ളതുമായ ഹൃദയത്തോടെ നാം ജീവിക്കുമ്പോള്‍, നമുക്ക് ആവശ്യമുള്ളത് തീര്‍ന്നുപോകുമെന്ന് ഭയപ്പെടേണ്ടതില്ല. മറിച്ച്, നമ്മുടെ അനുകമ്പയുള്ള ഔദാര്യത്തില്‍ നാം ‘സാക്ഷാലുള്ള ജീവനെ പിടിക്കുകയാണ്” എന്ന് ബൈബിള്‍ പറയുന്നു (വാ. 19). ദൈവത്തോടൊപ്പം, യഥാര്‍ത്ഥ ജീവിതമെന്നാല്‍ നമ്മുടെ പക്കലുള്ളതിന്മേല്‍ ഉള്ള നമ്മുടെ പിടി അയച്ചുവിടുകയും മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുക എന്നതാണ്.
ഔദാര്യമുള്ളവരായിരിക്കുന്നതില് നിങ്ങള്‍ ഏറ്റവും കൂടുതല്‍ പോരാട്ടം അനുഭവിച്ചത് എപ്പോഴാണ്? കൂടുതല്‍ സൗജന്യമായി നല്കാന് ദൈവത്തിന്റെ ഉദാരമായ ഹൃദയം നിങ്ങളെ എങ്ങനെയാണ് ഉത്സാഹിപ്പിക്കുന്നത്?
ദൈവമേ, അങ്ങയെപ്പോലെ എന്റെ പക്കലുള്ളതിന്മേലുള്ള പിടി അയയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മഹാനുഭാവനാകാന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ഔദാര്യമായി നല്കാന് എന്നെ സഹായിക്കുകയും ചെയ്യണമേ.