സമീപകാലത്ത് ഞാന്‍ ഒരു കൂട്ടം സ്നേഹിതരുമായി കണ്ടുമുട്ടി. അവരുടെ സംഭാഷണം ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, മുറിയിലെ എല്ലാവരും തന്നെ കാര്യമായ എന്തെങ്കിലും പോരാട്ടം നേരിടുന്നതായി തോന്നി. ഞങ്ങളില്‍ രണ്ടുപേര്‍ക്ക് ക്യാന്‍സറിനെതിരെ പോരാടുന്ന മാതാപിതാക്കളുണ്ടായിരുന്നു. ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു കുട്ടിയുണ്ടായിരുന്നു, മറ്റൊരു സുഹൃത്ത് വിട്ടുമാറാത്ത വേദന അനുഭവിക്കുന്നു, മറ്റൊരാള്‍ ഒരു വലിയ ശസ്ത്രക്രിയ നേരിടുന്നു. മുപ്പതുകളിലും നാല്പതുകളിലും ഉള്ള ഈ അളുകളെ സംബന്ധിച്ച് ഇത് അതിക
തികഠിനമായി തോന്നി.
നിയമപ്പെട്ടകം ദാവീദിന്റെ നഗരത്തിലേക്ക് (യെരൂശലേം) കൊണ്ടുവരുന്ന, യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെയാണ് 1 ദിനവൃത്താന്തം 16-ാം അധ്യായം വിവരിക്കുന്നത്. യുദ്ധങ്ങള്‍ക്കിടയിലുള്ള സമാധാനത്തിന്റെ ഒരു നിമിഷത്തിലാണ് ഇത് സംഭവിച്ചതെന്ന് ശമൂവേല്‍ പറയുന്നു (2 ശമൂവേല്‍ 7:1). ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി പെട്ടകത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോള്‍ ദാവീദ് ജനത്തെ ഒരു ഗാനാലാപനത്തിലേക്കു നയിച്ചു (1 ദിനവൃത്താന്തം 16:8-36). രാഷ്ട്രം ഒന്നിച്ച് ദൈവത്തിന്റെ അത്ഭുതം പ്രവര്‍ത്തിക്കുന്ന ശക്തി, വാഗ്ദത്തം പാലിക്കുന്ന വഴികള്‍, അവന്റെ മുന്‍കാല സംരക്ഷണം എന്നിവയെ കീര്‍ത്തിച്ചു (വാ. 12-22). ‘ യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍” (വാ. 11) അവര്‍ ആലപിച്ചു. കൂടുതല്‍ യുദ്ധങ്ങള്‍ വരുന്നതിനാല്‍ അവര്‍ക്ക് ഇത് ആവശ്യമായിരുന്നു.
കര്‍ത്താവിനെയും അവന്റെ ശക്തിയെയും തിരയുക. അവന്റെ മുഖം അന്വേഷിക്കുക. രോഗം, കുടുംബസംബന്ധമായ ആശങ്കകള്‍, മറ്റു പോരാട്ടങ്ങള്‍ എന്നിവ നമ്മെ നേരിടുമ്പോള്‍ നമുക്കു പിന്തുടരാന് കഴിയുന്ന മികച്ച ഉപദേശമാണിത്, കാരണം നമ്മുടെ ക്ഷയിച്ചുപോകുന്ന ബലത്തില്‍ പോരാടാന്‍ നമുക്കു കഴിയില്ല. ദൈവം സന്നിഹിതനാണ്; ദൈവം ശക്തനാണ്; അവന് മുമ്പ് നമ്മെ പരിപാലിച്ചു, വീണ്ടും അങ്ങനെ തന്നെ ചെയ്യും.
നമ്മുടെ ദൈവം നമ്മെ അപ്പുറത്തെത്തിക്കും.
നേരിടുന്നതിന് ദൈവത്തിന്റെ ശക്തി ആവശ്യമായിരിക്കുന്ന എന്ത് യുദ്ധമാണ് ഇപ്പോള്‍ നിങ്ങള്‍ക്കുള്ളത്? നിങ്ങളുടെ പോരാട്ടത്തെ എങ്ങനെ അവന് കൈമാറാന്‍ കഴിയും?
അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവമേ, ഞാന്‍ ഈ യുദ്ധം അങ്ങേയ്ക്ക് കൈമാറുന്നു. അങ്ങയുടെ ശക്തിയിലും വാഗ്ദത്തങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു.