കലഹങ്ങളില്‍നിന്നു പിന്തിരിയുക
ഒരു പ്രശസ്ത ഡച്ച് ശാസ്ത്രജ്ഞന്റെ ശവസംസ്കാരവേളയിലെ പ്രസംഗത്തില്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ശാസ്ത്ര സംബന്ധമായ തങ്ങളുടെ തര്‍ക്കങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പകരം, മറ്റുള്ളവരോട് ലളിതരീതിയില്‍ ഇടപെടുകയും നന്നായി പെരുമാറുകയും ചെയ്യുന്ന പ്രിയപ്പെട്ട ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ഡ്രിക് എ. ലോറന്റ്സിന്റെ ''ഒരിക്കലും മാറാത്ത ദയയെ'' അദ്ദേഹം ഓര്‍മ്മിച്ചു. ''എല്ലാവരും സന്തോഷത്തോടെ അദ്ദേഹത്തെ അനുഗമിച്ചു, കാരണം അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കയില്ലെന്നും എല്ലായ്പ്പോഴും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുമെന്നും അവര്‍ കരുതി.''
രാഷ്ട്രീയ മുന്‍വിധികള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോറന്റ്സ് ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു, പ്രത്യേകിച്ചും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം. ''യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ, [ലോറന്റ്സ്] അനുരഞ്ജന പ്രവര്‍ത്തനത്തിനായി സ്വയം അര്‍പ്പിച്ചു' ഐന്സ്റ്റൈന് തന്റെ സഹ നോബല്‍ സമ്മാന ജേതാവിനെക്കുറിച്ച് പറഞ്ഞു.,
അനുരഞ്ജനത്തിനായി പ്രവര്‍ത്തിക്കുന്നത് സഭയിലുള്ള എല്ലാവരുടെയും ലക്ഷ്യമായിരിക്കണം. ചില ഭിന്നതകള്‍ അനിവാര്യമാണ്. എന്നിരുന്നാലും സമാധാനപരമായ പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നാം നമ്മുടെ ഭാഗം ചെയ്യണം. പൗലൊസ് എഴുതി, ''സൂര്യന് അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്' (എഫെസ്യര്‍ 4:26). ഒരുമിച്ച് വളരുന്നതിനായി ''കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്'' അപ്പൊസ്തലന് ഉപദേശിച്ചു (വാ. 29).
അവസാനമായി, പൗലൊസ് ഇപ്രകാരം പറഞ്ഞു, ''എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍' (വാ. 31-32). നമുക്ക് കഴിയുമ്പോഴെല്ലാം കലഹങ്ങളില്‍ നിന്ന് പിന്തിരിയുന്നത് ദൈവത്തിന്റെ സഭയെ പണിയാന്‍ സഹായിക്കുന്നു. ഇതില്‍ നാം അവനെ ബഹുമാനിക്കുകാണ് ചെയ്യുന്നത്.
ധീര പ്രവൃത്തികള്‍
ജോണ്‍ ഹാര്‍പ്പര്‍ തന്റെ ആറുവയസ്സുള്ള മകളോടൊപ്പം ടൈറ്റാനിക്കില്‍ യാത്ര ആരംഭിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍ ഒരു കാര്യം അദ്ദേഹത്തിനറിയാമായിരുന്നു: താന്‍ യേശുവിനെ സ്നേഹിക്കുന്നുവെന്നും മറ്റുള്ളവരും അവനെ അറിയണമെന്നുള്ള അതിയായ ദാഹം തനിക്കുണ്ടെന്നും. കപ്പല്‍ ഒരു മഞ്ഞുമലയില്‍ തട്ടി അതില്‍ വെള്ളം കയറാന്‍ തുടങ്ങിയ ഉടന്‍, വിഭാര്യനായ ഹാര്‍പ്പര്‍ തന്റെ കൊച്ചു മകളെ ഒരു ലൈഫ് ബോട്ടില്‍ കയറ്റിയശേഷം കഴിയുന്നത്ര ആളുകളെ രക്ഷിക്കാനായി ആ ബഹളത്തിനിടയിലേക്കു നീങ്ങി. ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍, ''സ്ത്രീകളും കുട്ടികളും രക്ഷിക്കപ്പെടാത്തവരും ലൈഫ് ബോട്ടുകളിലേക്ക് കയറാന്‍ അനുവദിക്കുക'' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അവസാന ശ്വാസം വരെ ഹാര്‍പ്പര്‍ യേശുവിനെക്കുറിച്ച് ചുറ്റുമുള്ള എല്ലാവരുമായും പങ്കിട്ടു. മറ്റുള്ളവര്‍ ജീവിക്കാനായി ജോണ്‍ മനസ്സോടെ തന്റെ ജീവന് നല്കി.
നിങ്ങള്‍ക്കും എനിക്കും ഈ ജീവിതത്തില്‍ മാത്രമല്ല, നിത്യതയിലും ജീവിക്കാന്‍ കഴിയേണ്ടതിന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതം സൗജന്യമായി സമര്‍പ്പിച്ച ഒരാള്‍ ഉണ്ടായിരുന്നു. യേശു പെട്ടെന്നൊരു ദിവസം ഉണര്‍ന്നിട്ട് താന്‍ മനുഷ്യരാശിയുടെ പാപത്തിന്റെ ശിക്ഷയായ മരണം എറ്റെടുക്കുകയാണെന്ന് തീരുമാനിച്ചതല്ല. അതവന്റെ ജീവിത ദൗത്യമായിരുന്നു. ഒരു ഘട്ടത്തില്‍ അവന് യെഹൂദ മതനേതാക്കളുമായി സംസാരിക്കുമ്പോള്‍ ''ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു'' എന്ന് ആവര്‍ത്തിച്ചു പറഞ്ഞു (യോഹന്നാന് 10:11, 15, 17, 18). അവന് ഈ വാക്കുകള്‍ കേവലം പറയുക മാത്രമായിരുന്നില്ല, മറിച്ച് ക്രൂശില്‍ ഭയാനകമായ ഒരു മരണം വരിച്ചുകൊണ്ട് അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പരീശന്മാര്ക്കും യോഹന്നാനും ഹാര്‍പ്പര്‍ക്കും നമുക്കും ''ജീവന്
ഉണ്ടാകുവാനും, സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ'' അവന് വന്നത് (വാ. 10).
തെറ്റായ ആത്മവിശ്വാസം
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍ എനിക്ക് കര്‍ശനമായ ഒരു നിര്‍ദ്ദേശം നല്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ ഹൃദയംഗമായി സ്വീകരിച്ച് ജിമ്മില്‍ പോകാനും എന്റെ ഡയറ്റ് ക്രമീകരിക്കാനും തുടങ്ങി. കാലക്രമേണ, എന്റെ കൊളസ്ട്രോളും ശരീരഭാരവും കുറഞ്ഞു, എന്റെ ആത്മാഭിമാനം വര്‍ദ്ധിച്ചു. എന്നാല്‍ അത്ര നല്ലതല്ലാത്ത ഒരു കാര്യം സംഭവിച്ചു: മറ്റുള്ളവരുടെ ഭക്ഷണ ശീലങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുകയും അവരെ വിധിക്കാനാരംഭിക്കുകയും ചെയ്തു. പലപ്പോഴും നമ്മെ മികച്ച രീതിയില്‍ വിലയിരുത്തുന്ന ഒരു സ്കോറിംഗ് സംവിധാനം കണ്ടെത്തുമ്പോള്‍, സ്വയം ഉയര്‍ത്താനും മറ്റുള്ളവരെ താഴ്ത്താനും നാം അതുപയോഗിക്കുന്നു എന്നത് തമാശയല്ലേ? സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തില്‍ സ്വയം നിര്‍മ്മിത മാനദണ്ഡങ്ങളില്‍ പറ്റിനില്‍ക്കാനുള്ള സ്വതസിദ്ധമായ മനുഷ്യ പ്രവണതയാണിതെന്ന് തോന്നുന്നു - അതായത് സ്വയം ന്യായീകരിക്കാനും, കുറ്റബോധത്തെ കൈകാര്യം ചെയ്യാനുമുള്ള ഒരു സംവിധാനം.
അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. ചിലര്‍ ആത്മീയമായ പ്രകടനത്തിലോ സാംസ്കാരിക അനുരൂപതയിലോ ആണ് തങ്ങളുടെ ആത്മവിശ്വാസം ഉറപ്പിച്ചത്. അത്തരം കാര്യങ്ങളെക്കുറിച്ച് പ്രശംസിക്കാന്‍ തനിക്ക് കൂടുതല്‍ കാരണമുണ്ടെന്ന് പൗലൊസ് അവരോട് പറഞ്ഞു: 'പക്ഷേ എനിക്കു ജഡത്തിലും ആശ്രയിക്കുവാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തിലും ആശ്രയിക്കാം എന്ന് തോന്നിയാല്‍ എനിക്ക് അധികം'' (3:4) . എന്നിട്ടും, ''ക്രിസ്തുവിനെ അറിയുന്നതുമായി'' താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ വംശാവലിയും പ്രകടനവും കേവലം ''ചവറ്്'' ആണെന്നു പൗലൊസ് അറിഞ്ഞു (വാ. 8). യേശു മാത്രമേ നാം ആയിരിക്കുന്ന നിലയില്‍ നമ്മെ സ്നേഹിക്കുകയും രക്ഷിക്കുകയും അവനെപ്പോലെ കൂടുതല്‍ ആകാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നുള്ളു. ഒന്നും നേടേണ്ടതില്ല; സ്കോര്‍ സൂക്ഷിക്കല്‍ സാധ്യമല്ല.
പ്രശംസിക്കുന്നത് അതില്‍ തന്നെ മോശമാണ്, തെറ്റായ ആത്മവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രശംസ അതിദാരുണമാണ്. സുവിശേഷം തെറ്റായ ആത്മവിശ്വാസത്തില്‍ നിന്ന് നമ്മെ അകറ്റുകയും നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ നല്‍കുകയും ചെയ്യുന്ന ഒരു രക്ഷകനുമായുള്ള കൂട്ടായ്മയിലേക്ക് വിളിക്കുകയും ചെയ്യുന്നു.
നമുക്കു കഴിഞ്ഞിരുന്നു എങ്കില്‍
ശക്തിയേറിയ കൊടുങ്കാറ്റില്‍ അവരുടെ തോട്ടത്തിലെ വലിയ വൃക്ഷം ആടിയുലഞ്ഞു. വേനല്‍ക്കാലത്ത് ജ്വലിക്കുന്ന സൂര്യനില്‍ നിന്ന് അഭയം നല്‍കുക മാത്രമല്ല, കുടുംബത്തിന് തണലും നല്കുന്ന ആ വൃക്ഷത്തെ റെജി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് നിലത്തു നിന്ന് അതിന്റെ വേരുകളെ പറിച്ചുകളയുകയായിരുന്നു. റെജി, വേഗം പതിനഞ്ചു വയസ്സുള്ള മകനോടൊപ്പം വൃക്ഷത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളുടെ കൈകളും തൊണ്ണൂറ് റാത്തല് ഭാരമുള്ള ശരീരവും അതിനെതിരെ ശക്തമായി ഊന്നിക്കൊണ്ട് അവളും മകനും അത് വീഴാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ അതിനു തക്ക ശക്തരായിരുന്നില്ല.
മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റിന്റെ നടുവില്‍ ദാവീദ് രാജാവ് വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം അവന്റെ ബലമായിരുന്നു (സങ്കീര്‍ത്തനം 28:8). അവന്റെ ലോകം കാല്ക്കീഴെ തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അവന് ഇത് എഴുതിയതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. സ്വന്തം മകന് അവനെതിരെ മത്സരിച്ച് സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചു (2 ശമൂവേല്‍ 15). ദൈവം നിശബ്ദനായിരിക്കുമെന്നും താന്‍ മരിക്കുമെന്നും അവന് ഭയപ്പെട്ടതിനാല്‍ താന്‍ ബലഹീനനും ക്ഷീണിതനും ആയി അവന് അനുഭവപ്പെട്ടു (സങ്കീര്‍ത്തനം 28:1). 'ഞാന്‍ നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കണമേ'' എന്നവന് ദൈവത്തോട് പറഞ്ഞു (വാ. 2). മകനുമായുള്ള ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ലെങ്കിലും ദൈവം ദാവീദിന് മുന്നോട്ട് പോകാന്‍ ശക്തി നല്കി.
മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ നാം എത്രത്തോളം ആഗ്രഹിച്ചുപോകാറുണ്ട്! നമുക്കതു കഴിഞ്ഞിരുന്നു എങ്കില്‍. . .. എന്നാല്‍ നമ്മുടെ ബലഹീനതയില്‍, നമ്മുടെ പാറയായിരിക്കാന്‍ അവനെ എപ്പോഴും വിളിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 1-2). നമുക്ക് ശക്തിയില്ലാത്തപ്പോള്‍, അവന് നമ്മുടെ ഇടയനാണ്, അവന് നമ്മെ എന്നെന്നേക്കും വഹിക്കും (വാ. 8-9).
കടം വാങ്ങിയ ഷൂസ്
തന്റെ സമീപപ്രദേശങ്ങളെ അഗ്നി വിഴുങ്ങിയപ്പോള്‍ വീടുവിട്ട് ഓടിപ്പോകേണ്ടി വന്നതിനാല്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രോസ്-കണ്ട്രി റേസിനുള്ള സംസ്ഥാനതല യോഗ്യതാ മത്സരത്തിനുള്ള അവസരം നഷ്ടമായി. നാളുകളായി അവന് അതിനായി പരിശീലിക്കുകയായിരുന്നു. ഈ മീറ്റില്‍ പങ്കെടുക്കാതിരുന്നതിനാല്‍ - തന്റെ നാലു വര്‍ഷ പരിശീലനത്തിന്റെ അന്തിമ ഘട്ടമായിരുന്ന - സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനുള്ള അവസരം അവനു നഷ്ടമായി. സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, സംസ്ഥാന അത്ലറ്റിക്സ് ബോര്‍ഡ് ഈ വിദ്യാര്‍ത്ഥിക്ക് മറ്റൊരു അവസരം നല്കി: ബുദ്ധിമുട്ടുള്ള ട്രാക്കില്‍ അവന് ഒറ്റയ്ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് ഓട്ടം പൂര്‍ത്തിയാക്കുക. ഓട്ടത്തിനുള്ള അവന്റെ ഷൂസ് അഗ്നി വിഴുങ്ങിയിരുന്നതിനാല്‍ 'സാധാരണ ധരിക്കുന്ന ഷൂസ്' ധരിച്ചുകൊണ്ടുവേണമായിരുന്നു അവന് ഓടേണ്ടിയിരുന്നത്. 'ഓട്ടത്തിനായി' അവന് എത്തിയപ്പോള്‍, അവന് ശരിയായ ഷൂസ് നല്‍കുന്നതിനും അവന് മീറ്റിനു യോഗ്യത നേടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവന്റെ വേഗം ക്രമീകരിക്കുന്നതിന് അവന്റെ ഒപ്പം ഓടുന്നതിനുമായി അവന്റെ എതിരാളികള്‍ വന്നതു കണ്ട് അവന് അത്ഭുതപ്പെട്ടു.
എതിരാളികള്‍ക്ക് അവനെ സഹായിക്കാന്‍ ബാധ്യത ഉണ്ടായിരുന്നില്ല. സ്വന്ത നേട്ടം ഉറപ്പാക്കാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹങ്ങള്‍ക്ക് അവര്‍ക്ക് വശംവദരാകാമായിരുന്നു (ഗലാത്യര്‍ 5:13); അങ്ങനെ ചെയ്യുന്നത് അവരുടെ വിജയസാധ്യത മെച്ചപ്പെടുത്തുമായിരുന്നു. എന്നാല്‍ ആത്മാവിന്റെ ഫലം നമ്മുടെ ജീവിതത്തില്‍ പ്രകടിപ്പിക്കണമെന്ന് പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നു - 'സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍.' ദയയും നന്മയും പ്രകടിപ്പിപ്പിന്‍ (വാ. 13, 22). നമ്മുടെ സ്വാഭാവിക സഹജാവബോധത്തില്‍ പ്രവര്‍ത്തിക്കാതെ നാം ആത്മാവിനെ ആശ്രയിക്കുമ്പോള്‍, നമുക്ക് ചുറ്റുമുള്ളവരെ നമുക്കു നന്നായി സ്നേഹിക്കാന്‍ കഴിയും.