”ഈ പാപലോകത്തില്‍ അവന്റെ വരവിനെക്കുറിച്ച് ഒരു കാതും കേട്ടെന്നു വരില്ല, എന്നിട്ടും പ്രിയ ക്രിസ്തു പ്രവേശിക്കുമ്പോള്‍ സൗമ്യതയുള്ള ആത്മാക്കള്‍ അവനെ സ്വീകരിക്കും.’ ക്രിസ്തുമസിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന ‘ഓ, ലിറ്റില്‍ ടൗണ്‍ ഓഫ് ബെത്‌ലഹേം’ എന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനത്തിലെ വരികളാണിവ. നമ്മുടെ പാപത്തില്‍ നിന്ന് നമ്മെ വിടുവിക്കാനും അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവവുമായുള്ള പുതിയതും സജീവവുമായ ഒരു ബന്ധം നല്‍കുവാനുമാണ് യേശു നമ്മുടെ തകര്‍ന്ന ലോകത്തിലേക്ക് വന്നത്.

ഈ ഗാനം എഴുതി ദശാബ്ദങ്ങള്‍ക്കു ശേഷം ഒരു സ്‌നേഹിതന് അയച്ച കത്തില്‍ കവി തന്റെ ജീവിതത്തിലെ ഈ ബന്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിശദമായി വിവരിച്ചു: ”ഇത് എന്നില്‍ എത്രത്തോളം വ്യക്തിപരമായി വളരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവന്‍ ഇവിടെയുണ്ട്. അവന്‍ എന്നെ അറിയുന്നു, ഞാന്‍ അവനെ അറിയുന്നു. ഇതൊരു അലങ്കാരപ്രയോഗമല്ല. ഇത് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ കാര്യമാണ്, മാത്രമല്ല എല്ലാ ദിവസവും ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും അത് എന്തിലേക്കാണു വളരുന്നത് എന്നത് ഒരുവന്‍ ആഹ്ലാദത്തോടെ അത്ഭുതപ്പെടുന്നു.’

തന്റെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ശാന്തമായ ഈ ഉറപ്പ് യെശയ്യാവ് പ്രവചിച്ച യേശുവിന്റെ പേരുകളിലൊന്നിനെ പ്രതിഫലിപ്പിക്കുന്നു: ”കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്നു പേ ര്‍ വിളിക്കും” (യെശയ്യാവ് 7:14). മത്തായിയുടെ സുവിശേഷം ഇമ്മാനുവേല്‍ എന്ന എബ്രായ നാമത്തിന്റെ അര്‍ത്ഥം നല്‍കുന്നു: ”ദൈവം നമ്മോടുകൂടെ” (1:23).

ദൈവത്തെ നമുക്ക് വ്യക്തിപരമായി അറിയാനും അവനോടൊപ്പം എന്നേക്കും ജീവിക്കാനും കഴിയേണ്ടതിന് യേശുവിലൂടെ ദൈവം നമ്മുടെ അടുത്തേക്കു വന്നു. നമ്മോടൊപ്പമുള്ള അവന്റെ സ്‌നേഹപൂര്‍വ്വമായ സാന്നിധ്യം എല്ലാറ്റിലും വലിയ സമ്മാനമാണ്.