“ഡാഡി ഇനിമേല്‍ പ്രാര്‍ത്ഥിക്കുക ഇല്ല,” എന്ന തലക്കെട്ടുള്ള തികച്ചും വ്യക്തിപരമായ ഒരു ഇംഗ്ലീഷ് ഗാനത്തിനു പ്രചോദനമായത് ഗാനരചയിതാവിനുവേണ്ടിയുള്ള സ്വന്തം പിതാവിന്റെ പ്രാര്‍ത്ഥനയാണ്. പിതാവിന്റെ പ്രാര്‍ത്ഥനകള്‍ അവസാനിച്ചതിന്റെ കാരണം വികാരതീവ്രമായ വരികള്‍ വെളിപ്പെടുത്തുന്നു: നിരാശയോ ക്ഷീണമോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ മരണമാണ് പ്രാര്‍ത്ഥനയ്ക്കു വിരാമം കുറിച്ചത്. ഇപ്പോള്‍, യേശുവിനോടൊപ്പം പ്രാര്‍ത്ഥനയില്‍ സംസാരിക്കുന്നതിനുപകരം, അവന്റെ പിതാവ് യേശുവിനോട്് മുഖാമുഖം സംസാരിക്കുകയാണെന്ന് അദ്ദേഹം സങ്കല്‍പ്പിക്കുന്നു.
ഒരു പിതാവിന്റെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ ഓര്‍മ്മ, വേദപുസ്തകത്തില്‍ കാണുന്ന ഒരു പിതാവിന്റെ മകനുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിക്കുന്നു. ദാവീദ് രാജാവ് ജീവിതാന്ത്യത്തിലെത്തിയപ്പോള്, തന്റെ പുത്രനായ ശലോമോനെ യിസ്രായേലിന്റെ അടുത്ത രാജാവായി ചുമതലയേല്പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി.
ശലോമോനെ അഭിഷേകം ചെയ്യാന്‍ ജനത്തെ ഒരുമിച്ചുകൂട്ടിയശേഷം, ദാവീദ് ആളുകളെ പ്രാര്‍ത്ഥനയില്‍ നയിച്ചു. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് വിവരിച്ചശേഷം, ജനങ്ങളും ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ അവന് ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അവന് തന്റെ മകനുവേണ്ടി ഒരു വ്യക്തിപരമായ പ്രാര്‍ത്ഥന നടത്തി, ”നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന് … അവന് ഒരു ഏകാഗ്രഹൃദയം നല്കണമേ” എന്നു ദാവീദ് ദൈവത്തോട് ആവശ്യപ്പെട്ടു (1 ദിനവൃത്താന്തം 29:19).
ദൈവം നമ്മുടെ ജീവിതത്തില്‍ വെച്ചിരിക്കുന്ന ആളുകള്‍ക്കുവേണ്ടി വിശ്വസ്തതയോടെ പ്രാര്‍ത്ഥിക്കാനുള്ള പ്രത്യേകമായ പദവി നമുക്കുണ്ട്. വിശ്വസ്തതയ്ക്കുള്ള നമ്മുടെ മാതൃക മായാത്ത സ്വാധീനം ചെലുത്തുകയും നാം പോയിക്കഴിഞ്ഞാലും നിലനില്ക്കുകയും ചെയ്യും. ശലോമോനും യിസ്രായേലിനും വേണ്ടി ദാവീദ് നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം അവന് പോയിക്കഴിഞ്ഞും ദൈവം നല്കിക്കൊണ്ടിരുന്നതുപോലെ, നമ്മുടെ പ്രാര്‍ത്ഥനകളുടെ സ്വാധീനവും നമുക്കു ശേഷം തുടരും.
സ്വര്‍ഗ്ഗീയപിതാവേ, ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ അങ്ങയുടെ മുന്പില് കൊണ്ടുവന്ന് അവരുടെ ജീവിതത്തില്‍ അങ്ങയുടെ പദ്ധതികള്‍ നടപ്പാക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ആരുടെയെങ്കിലും പ്രാര്‍ത്ഥന നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്? നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ മറ്റുള്ളവരെ എങ്ങനെയാണ് നിങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്?