അതികഠിനമായ ചൂടുള്ള ഒരു വിദേശരാജ്യത്തെ ജോലിക്കുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു കുടുംബം അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് മാസങ്ങളോളം പാര്‍ത്തു – അതു ശീതകാലമായിരുന്നു. അവരുടെ പത്തു മക്കളില്‍ മിക്കവരും മഞ്ഞിന്റെ പ്രകൃതി ഭംഗി കാണുന്നത് ഇതാദ്യമായിട്ടായിരുന്നു.
എന്നാല്‍ ഇവിടെ ശൈത്യകാലത്തെ അതിജീവിക്കാന്‍ കോട്ട്, കൈയ്യുറ, ബൂട്ട് ഉള്‍പ്പെടെ ധാരാളം ചൂടുവസ്ത്രങ്ങള്‍ ആവശ്യമാണ്. ഒരു വലിയ കുടുംബത്തെ സംബന്ധിച്ചിടത്തോളം, കഠിനമായ ശൈത്യകാലത്തെ അതിജീവിക്കുന്നതിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങുക എന്നത് വളരെ ചെലവേറിയ കാര്യമാണ്. എന്നാല്‍ ദൈവം അവര്‍ക്കുവേണ്ടി കരുതി. ആദ്യം, ഒരു അയല്ക്കാരന് പാദരക്ഷകളും പിന്നീട് മഞ്ഞു പാന്റുകളും പിന്നെ തൊപ്പികളും കയ്യുറകളും കൊണ്ടുവന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും പന്ത്രണ്ട് വലുപ്പത്തിലുള്ള പലതരം ചൂടു വസ്ത്രങ്ങള്‍ ശേഖരിച്ചു നല്കാന് ഒരു സുഹൃത്ത് അവളുടെ സഭയിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു. മഞ്ഞുകാലം എത്തുമ്പോഴേക്കും കുടുംബത്തിന് ആവശ്യമുള്ളതെല്ലാം കൃത്യമായി ലഭിച്ചിരുന്നു.
ദൈവത്തെ സേവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നതാണ്. നമ്മുടെ സ്വന്തം സമ്പത്തിന്റെ സമൃദ്ധിയില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കാന്‍ 1 യോഹന്നാന് 3:16-18 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശു ചെയ്തതുപോലെ ആളുകളെ സ്നേഹിക്കാനും കാണാനും നാം തുടങ്ങുമ്പോള്‍ യേശുവിനെപ്പോലെയാകാന്‍ സേവനം നമ്മെ സഹായിക്കുന്നു.
ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതിനും ദൈവം പലപ്പോഴും തന്റെ മക്കളെ ഉപയോഗിക്കുന്നു. നാം മറ്റുള്ളവരെ സേവിക്കുമ്പോള്‍ അവരെ നാം പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നമ്മുടെ തന്നെ ഹൃദയം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി, ദൈവം പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സേവനത്തിനായി നമ്മെ സജ്ജരാക്കുക വഴി നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു (വാ. 18).
പിതാവേ, ഒരു ആവശ്യം കാണുമ്പോള്‍ സഹായിക്കാനുള്ള സന്നദ്ധതകൊണ്ട് എന്റെ ഹൃദയത്തെ നിറയ്ക്കണമേ. സന്തോഷത്തോടെ നല്‍കാനും നന്ദിയോടെ അങ്ങയെ സേവിക്കാനും എന്നെ സഹായിക്കണമേ.
നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ നിരവധി ആവശ്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ ദൈവസ്നേഹം പ്രായോഗികമായി കാണിക്കാന്‍ കഴിയും? ദൈവത്തെ സേവിക്കുന്നത് നിങ്ങളുടെ വിശ്വാസം വളരാന്‍ എങ്ങനെയാണ് സഹായിക്കുന്നത്?