ഞാന്‍ ഫേസ്ബുക്കില്‍ വാദിക്കുകയായിരുന്നു. മോശം നീക്കമായിരുന്നു അത്. ചൂടേറിയ ഒരു വിഷയത്തില്‍ അപരിചിതനെ ”ശരിയാക്കാന്‍” ഞാന്‍ ബാധ്യസ്ഥനാണെന്ന് എന്നെ ചിന്തിപ്പിച്ചത് എന്താണ്? ചൂടേറിയ വാക്കുകള്‍, മുറിപ്പെട്ട വികാരങ്ങള്‍ (എന്തായാലും എന്റെ ഭാഗത്ത്), യേശുവിനായി നന്നായി സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് എന്നിവയായിരുന്നു ഫലങ്ങള്‍. അതാണ് ”ഇന്റര്‍നെറ്റ് കോപ”ത്തിന്റെ ആകെ ഫലം. ബ്ലോഗോസ്ഫിയറിലുടനീളം ദിനംപ്രതി പറന്നുനടക്കുന്ന പരുഷമായ പദങ്ങളെ സൂചിപ്പിക്കുന്ന പദമാണിത്. ഒരു ധാര്‍മ്മിക വിദഗ്ദ്ധന്‍ വിശദീകരിച്ചതുപോലെ, ”പൊതു ആശയങ്ങള്‍ സംസാരിക്കപ്പെടുന്ന രീതിയാണ്” കോപം എന്ന തെറ്റായ നിഗമനത്തില്‍ ആളുകളെത്തുന്നു.

പൗലൊസ് തിമൊഥെയൊസിനു നല്‍കിയ ജ്ഞാനപൂര്‍വമായ ഉപദേശം അതേ ജാഗ്രത നല്‍കി. ”ബുദ്ധിയില്ലാത്ത മൗഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. കര്‍ത്താവിന്റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്’ (2 തിമൊഥെയൊസ് 2:23-24).

റോമന്‍ ജയിലില്‍ നിന്ന് തിമൊഥെയൊസിന് എഴുതിയ പൗലൊസിന്റെ നല്ല ഉപദേശം, ദൈവിക സത്യം പഠിപ്പിക്കുന്നതിന് യുവ പാസ്റ്ററെ ഒരുക്കുന്നതിനാണ് അയച്ചത്. പൗലൊസിന്റെ ഉപദേശം ഇന്ന് നമുക്കും പ്രസക്തമാണ്, പ്രത്യേകിച്ചും സംഭാഷണം നമ്മുടെ വിശ്വാസത്തിലേക്ക് തിരിയുമ്പോള്‍. ”വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും… വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും
ആകുന്നു” (വാ. 25).

മറ്റുള്ളവരോട് ദയയോടെ സംസാരിക്കുന്നത് ഈ വെല്ലുവിളിയുടെ ഭാഗമാണ്. പക്ഷേ ഇതു പാസ്റ്റര്‍മാര്‍ക്ക് മാത്രമല്ല, ദൈവത്തെ സ്‌നേഹിക്കുകയും അവനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും അവന്റെ സത്യത്തെ സ്‌നേഹത്തില്‍ സംസാരിക്കണം. ഓരോ വാക്കിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.