‘ചിലപ്പോള്‍ ഞാന്‍ അദൃശ്യനാണെന്ന് എനിക്ക് തോന്നും. എന്നിരുന്നാലും ദൈവം എന്നെ ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’
ഞങ്ങള്‍ ഒരു സംഭാഷണം ആരംഭിക്കുമ്പോള്‍, ഞാന്‍ സന്ദര്‍ശിക്കുന്ന ഹോട്ടലിലെ വ്യായാമ മുറി ആന്‍ വൃത്തിയാക്കുകയായിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍, അവള്‍ക്ക് അതിശയകരമായ ഒരു കഥയുണ്ടെന്ന് ഞാന്‍ കണ്ടെത്തി.
”ഞാന്‍ തെരുവുകളില്‍ താമസിക്കുന്ന ഒരു മയക്കുമരുന്ന് അടിമയും വേശ്യയുമായിരുന്നു,” അവള്‍ പറഞ്ഞു. ”പക്ഷേ, എന്റെ സിഗരറ്റ് താഴെയിട്ടിട്ട് അവനോടൊപ്പം നടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഞാന്‍ യേശുവിന്റെ കാല്‍ക്കല്‍ മുട്ടുകുത്തി, അവന്‍ എന്നെ സ്വതന്ത്രയാക്കി.’
ദൈവം അവള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ ആനിന് നന്ദി പറഞ്ഞു, അവള്‍ അദൃശ്യയല്ലെന്ന് ഞാന്‍ അവള്‍ക്ക് ഉറപ്പുനല്‍കി – ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള അവന്റെ ശക്തിയെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കാന്‍ അവന്‍ അവളെ ഞങ്ങളുടെ സംഭാഷണത്തില്‍ മനോഹരമായ രീതിയില്‍ ഉപയോഗിച്ചു.
മറ്റുള്ളവര്‍ അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. അപ്പൊസ്തലനായ അന്ത്രയൊസ് തന്റെ സഹോദരന്‍ പത്രൊസിനെപ്പോലെ അറിയപ്പെടുന്ന ആളായിരുന്നില്ല, എന്നാല്‍ ”അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട്് അവനോട്: ഞങ്ങള്‍ മശീഹയെ … കെണ്ടത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു’ (യോഹന്നാന്‍ 1:41-42).
പത്രൊസ് അന്ത്രയൊസിലൂടെ യേശുവിനെ കണ്ടുമുട്ടി. യോഹന്നാന്‍ സ്‌നാപകന്റെ ശിഷ്യന്മാരില്‍ ഒരാളായ അന്ത്രയൊസ് യോഹന്നാനില്‍ നിന്ന് യേശുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, യേശുവിനെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്തു – ഉടനെ ചെന്നു തന്റെ സഹോദരനോട് പറഞ്ഞു. അന്ത്രയൊസിന്റെ ശാന്തമായ വിശ്വസ്തത ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു സ്വാധീനം ചെലുത്തി.
പ്രശസ്തിയെക്കാളുപരി വിശ്വസ്തസേവനത്തെ ദൈവം വിലമതിക്കുന്നു. നമ്മള്‍ എവിടെയായിരുന്നാലും അവന് നമ്മെ ശക്തമായി ഉപയോഗിക്കാന്‍ കഴിയും – ആരും നോക്കാത്തപ്പോള്‍ പോലും.
ആരുടെ നിശബ്ദ വിശ്വസ്തതയാണ് നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റം വരുത്തിയത്? ഇന്ന് മറ്റൊരാളെ സേവിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എങ്ങനെ ദൈവത്തെ സേവിക്കാന്‍ കഴിയും?
പിതാവേ, എന്നെ ഒരിക്കലും അവഗണിക്കാതിരിക്കുന്നതിന് നന്ദി! ഞാന്‍ എവിടെയായിരുന്നാലും ഒരു മാറ്റം വരുത്തുന്നതിനായി എന്നെ ഉപയോഗിക്കാന്‍ അങ്ങേയ്ക്കു കഴിയും എന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.