എന്റെ വീട്ടിലെ ഒരു ജന്മദിന പാര്‍ട്ടിക്കു ശേഷം, എല്ലാവരും മിഠായി, മധുരപലഹാരങ്ങള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവ നിറച്ച മടക്ക സമ്മാനങ്ങള്‍ തുറന്നു. എന്നാല്‍ ഈ സമ്മാനങ്ങളില്‍ മറ്റൊന്നുകൂടി ഉണ്ടായിരുന്നു – ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ കടലാസ് കിരീടം. അവ പരീക്ഷിക്കുന്നത് ഞങ്ങള്‍ക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല, മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. ഒരു നിമിഷം, ഞങ്ങള്‍ രാജാക്കന്മാരും രാജ്ഞികളുമായിരുന്നു – ഞങ്ങളുടെ സാമ്രാജ്യം അത്താഴത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു ഡൈനിംഗ് റൂം ആയിരുന്നെങ്കിലും.

ഞാന്‍ പലപ്പോഴും ചിന്തിക്കാത്ത ഒരു ബൈബിള്‍ വാഗ്ദാനത്തിന്റെ ഓര്‍മ്മ ഇത് എന്നിലുണര്‍ത്തി. അടുത്ത ജീവിതത്തില്‍, എല്ലാ വിശ്വാസികളും യേശുവുമായി ഭരണം പങ്കിടും. 1 കൊരിന്ത്യര്‍ 6-ല്‍ പൗലൊസ് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു, ‘വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ?” (വാ. 2). ഭൂമിയിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഈ ഭാവി പദവിയെ പൗലൊസ് പരാമര്‍ശിച്ചത്. അവര്‍ പരസ്പരം കേസ് കൊടുക്കുകയും അവരുടെ സമൂഹത്തില്‍ മറ്റ് വിശ്വാസികളുടെ സല്‍പ്പേരിനു കളങ്കം വരുത്തുകയും ചെയ്തു.

പരിശുദ്ധാത്മാവ് നമ്മില്‍ ആത്മനിയന്ത്രണവും സൗമ്യതയും ക്ഷമയും ഉളവാക്കുന്നതിനാല്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ നാം കൂടുതല്‍ മെച്ചപ്പെടുവാനിടയാകും. യേശു ഭൂമിയിലേക്കു മടങ്ങിവരികയും നമ്മുടെ ജീവിതത്തില്‍ ആത്മാവിന്റെ വേല പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ (1 യോഹന്നാന്‍ 3:2-3), ‘രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു’ (വെളിപ്പാട് 5:10) എന്ന നമ്മുടെ ഭാവി ദൗത്യത്തിന് നാം ഒരുക്കപ്പെട്ടവരായിക്കഴിഞ്ഞിരിക്കും. സ്വര്‍ണ്ണകിരീടത്തിലെ വജ്രം പോലെ വേദപുസ്തകത്തില്‍ തിളങ്ങുന്ന ഈ വാഗ്ദാനത്തെ നമുക്കു മുറുകെ പിടിക്കാം.