കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ വീടിന്റെ വശത്ത് ഒരു മരംകൊത്തി കൊത്താന്‍ തുടങ്ങി. പ്രശ്‌നം ബാഹ്യമാണെന്ന് ഞങ്ങള്‍ കരുതി. അങ്ങനെയിരിക്കെ ഒരു ദിവസം, ഞാനും മകനും ഒരു കോവണിയിലൂടെ തട്ടിന്‍പുറത്തേക്കു കയറി, പെട്ടെന്നു ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു പക്ഷി ഞങ്ങളുടെ മുഖത്ത് മുട്ടിയുരുമ്മി പറന്നുപോയി. പ്രശ്‌നം ഞങ്ങള്‍ സംശയിച്ചതിനെക്കാള്‍ ഗുരുതരമായിരുന്നു: അതു ഞങ്ങളുടെ വീടിന്റെ ഉള്ളിലായിരുന്നു.
യേശു യെരൂശലേമില്‍ എത്തിയപ്പോള്‍, അവന്‍ തങ്ങളുടെ ബാഹ്യപ്രശ്‌നം – റോമാക്കാരുടെ ആധിപത്യ ഭരണം – പരിഹരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. ”ദാവീദ് പുത്രനു ഹോശന്നാ: കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ!’ എന്നവര്‍ ആര്‍പ്പിട്ടു (മത്തായി 21:9). ഈ നിമിഷമാണ് അവര്‍ കാത്തിരുന്നത്; ദൈവത്തിന്റെ നിയുക്ത രാജാവ് വന്നിരിക്കുന്നു. ദൈവം തിരഞ്ഞെടുത്ത വിമോചകന്‍ കാര്യങ്ങള്‍ പരിഷ്‌കരിക്കാന്‍ തുടങ്ങുകയാണെങ്കില്‍, പുറമേയുള്ള എല്ലാ കുഴപ്പങ്ങളും തിരുത്തിക്കൊണ്ടല്ലേ അവന്‍ ആരംഭിക്കുന്നത്? എന്നാല്‍ മിക്ക സുവിശേഷ വിവരണങ്ങളിലും, ”വിജയകരമായ പ്രവേശന”ത്തിന് ശേഷം യേശു ചൂഷകരായ പണമിടപാടുകാരെ പുറത്താക്കുന്നു. . . ദൈവാലയത്തില്‍ നിന്ന് (വാ. 12-13). അവന്‍ ആലയം വൃത്തിയാക്കുകയായിരുന്നു, അകത്തു നിന്ന്.
യേശുവിനെ രാജാവായി സ്വാഗതം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് അതാണ്; അവന്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ വരുന്നു – അവന്‍ നമ്മില്‍ നിന്ന് ആരംഭിക്കുന്നു. ഉള്ളിലെ തിന്മയെ നേരിടാന്‍ അവന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സമാധാനം അനുഭവിക്കാന്‍ നമുക്കു കഴിയേണ്ടതിന് നമ്മുടെ രാജാവായ യേശുവിന് നാം നിരുപാധികം സമര്‍പ്പിക്കാന്‍ അവന്‍ ആവശ്യപ്പെടുന്നു.
യേശു നിങ്ങളുടെ രാജാവായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? നിങ്ങള്‍ക്കുള്ളതെല്ലാം അവനു സമര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രിയ യേശുവേ, അങ്ങാണ് യഥാര്‍ത്ഥ രാജാവ്. എനിക്ക് ചുറ്റുമുള്ള ലോകത്തിലെ പ്രശ്നങ്ങള്‍ അങ്ങ് പരിഹരിക്കണമെന്നും എന്റെ ഹൃദയത്തിലെ പാപത്തെ കൈകാര്യം ചെയ്യാതിരിക്കണമെന്നും ആഗ്രഹിച്ചത് എന്നോട് ക്ഷമിക്കണമേ. ഞാന്‍ എവിടെയാണ് അലഞ്ഞുതിരിയാന്‍ സാധ്യതയുള്ളതെന്ന് എന്നെ കാണിക്കുകയും എന്റെ സ്വന്തം ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന വഴികള്‍ വെളിപ്പെടുത്തുകയും ചെയ്യണമേ.