ഉത്തര ഘാനയിലെ (ആഫ്രിക്ക) ചെറിയ ബൈബിള്‍ കോളേജ് ആകര്‍ഷണീയമായ ഒന്നായിരുന്നില്ല – തകര ഷീറ്റിന്റെ മേല്‍ക്കൂരയുള്ള ഒരു നീണ്ട കെട്ടിടവും ഒരു പിടി വിദ്യാര്‍ത്ഥികളും. എന്നിട്ടും ബോബ് ഹെയ്‌സ് തന്റെ ജീവിതം ആ വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു. ചിലപ്പോഴൊക്കെ അവര്‍ വിമുഖത കാണിച്ചിട്ടും അദ്ദേഹം അവര്‍ക്ക് നേതൃപദവികള്‍ നല്‍കി, പ്രസംഗിക്കാനും പഠിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ബോബ് വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ചു, പക്ഷേ ഡസന്‍ കണക്കിന് സഭകളും സ്‌കൂളുകളും പുതിയ രണ്ട് ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഘാനയില്‍ ഉടനീളം വളര്‍ന്നു – എല്ലാം ആരംഭിച്ചത് ആ എളിയ സ്‌കൂളിലെ ബിരുദധാരികളാണ്.

അര്‍ത്ഥഹ്ശഷ്ടാ രാജാവിന്റെ (ബി.സി. 465-424 ) ഭരണകാലത്ത്, എസ്രാ എന്ന ശാസ്ത്രി യെഹൂദ പ്രവാസികളെ കൂട്ടിവരുത്തി യെരുശലേമിലേക്ക് മടങ്ങി. അവരുടെ ഇടയില്‍ ലേവ്യരെ കണ്ടെത്താന്‍ എസ്രായ്ക്കു കഴിഞ്ഞില്ല (എസ്രാ 8:15). പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യാന്‍ അവന് ലേവ്യരെ ആവശ്യമായിരുന്നു. അതുകൊണ്ട് ”ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്” അവന്‍ നേതാക്കളെ നിയോഗിച്ചു (വാ. 17). അവര്‍ അങ്ങനെ ചെയ്തു (വാ. 18-20), എസ്രാ എല്ലാവരെയും ഉപവാസത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും നയിച്ചു (വാ. 21).

എസ്രാ എന്ന പേരിന്റെ അര്‍ത്ഥം ”സഹായി” എന്നാണ്, നല്ല നേതൃത്വത്തിന്റെ ഹൃദയഭാഗത്ത് വസിക്കുന്ന ഒരു സ്വഭാവമാണിത്. എസ്രായുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മാര്‍ഗ്ഗനിര്‍ദേശപ്രകാരം, അവനും അവന്റെ കൂട്ടാളികളും യെരുശലേമില്‍ ആത്മീയ ഉണര്‍വ്വിനു കാരണമായി (9-10 അധ്യായങ്ങള്‍ കാണുക). അവര്‍ക്ക് വേണ്ടത് അല്പം പ്രോത്സാഹനവും വിവേകപൂര്‍ണ്ണമായ മാര്‍ഗ്ഗനിര്‍ദേശവുമായിരുന്നു.

ദൈവത്തിന്റെ സഭയും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നല്ല ഉപദേഷ്ടാക്കള്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്കും അത് ചെയ്യാന്‍ നാം ആഗ്രഹിക്കും. അത്തരമൊരു സ്വാധീനം നമ്മുടെ ജീവിതകാലത്തിനപ്പുറത്തേക്ക് എത്തും. ദൈവത്തിനുവേണ്ടി വിശ്വസ്തതയോടെ ചെയ്ത പ്രവൃത്തി നിത്യതയിലേക്കു വ്യാപിക്കുന്നു.