തന്റെ പന്ത്രണ്ടാമത്തെ ക്രിസ്തുമസില്‍, ക്രിസ്തുമസ് ട്രീയുടെ കീഴിലിരുന്ന സമ്മാനങ്ങള്‍ തുറക്കുന്നതിനായി ആകാംക്ഷയോടെ ആ ബാലന്‍ കാത്തിരുന്നു. ഒരു പുതിയ ബൈക്കിനായി അവന്‍ കൊതിച്ചിരുന്നു, പക്ഷേ അവന്റെ പ്രതീക്ഷകള്‍ തകര്‍ന്നുപോയി -അവനു ലഭിച്ച അവസാനത്തെ സമ്മാനം ഒരു നിഘണ്ടുവായിരുന്നു. ആദ്യ പേജില്‍ അവന്‍ ഇങ്ങനെ വായിച്ചു: ‘അമ്മയില്‍ നിന്നും ഡാഡിയില്‍ നിന്നും ചാള്‍സിന്, 1958. സ്‌കൂളിലെ നിന്റെ മികച്ച പ്രവര്‍ത്തനത്തിനായി സ്‌നേഹത്തോടും ഉയര്‍ന്ന പ്രതീക്ഷയോടും കൂടി.’

അടുത്ത ദശകത്തില്‍ ഈ കുട്ടി സ്‌കൂളില്‍ മികച്ച പ്രകടനം നടത്തി. കോളേജില്‍ നിന്നു ബിരുദം നേടി പിന്നീട് ഏവിയേഷന്‍ പരിശീലനവും നേടി. വിദേശത്ത് ജോലി ചെയ്യുന്ന ഒരു പൈലറ്റായി അദ്ദേഹം മാറി, ആവശ്യമുള്ള ആളുകളെ സഹായിക്കാനും അവരുമായി യേശുവിനെ പങ്കിടാനുമുള്ള തന്റെ അഭിനിവേശം അങ്ങനെ നിറവേറ്റി. ഈ സമ്മാനം ലഭിച്ച് ഏകദേശം അറുപത് വര്‍ഷത്തിന് ശേഷം, അദ്ദേഹം ഉപയോഗിച്ചു പഴകിയ ഈ നിഘണ്ടു തന്റെ കൊച്ചുമക്കളുമായി പങ്കിട്ടു. ഇത് അദ്ദേഹത്തെ സംബന്ധിച്ച് തന്റെ ഭാവിക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ സ്‌നേഹപൂര്‍വമായ നിക്ഷേപത്തിന്റെ പ്രതീകമായി മാറി. അദ്ദേഹം ഇപ്പോഴും അതിനെ അമൂല്യമായി കണക്കാക്കുന്നു. എന്നാല്‍ ദൈവത്തെക്കുറിച്ചും തിരുവെഴുത്തുകളെക്കുറിച്ചും പഠിപ്പിച്ചുകൊണ്ട് തന്റെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ നടത്തിയ ദൈനംദിന നിക്ഷേപത്തിന് അദ്ദേഹം കൂടുതല്‍ നന്ദിയുള്ളവനാണ്.

കുട്ടികളുമായി തിരുവെഴുത്തിലെ വാക്കുകള്‍ പങ്കിടാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തനം 11 സംസാരിക്കുന്നു: ‘വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കള്‍ക്ക് അവയെ ഉപദേശിച്ചു കൊടുക്കണം’ (വാ. 19).

ഈ കുട്ടിയെ സംബന്ധിച്ചിടത്തോളം, അവന്‍ ബാലനായിരുന്നപ്പോള്‍ അവനില്‍ നട്ടുവളര്‍ത്തിയ നിത്യമായ മൂല്യങ്ങള്‍ തന്റെ രക്ഷകനുവേണ്ടിയുള്ള ആജീവനാന്ത സേവനമായി തളിര്‍ത്തു പൂത്തു. ഒരാളുടെ ആത്മീയ വളര്‍ച്ചയ്ക്കുള്ള നമ്മുടെ നിക്ഷേപം ദൈവിക സഹായത്താല്‍ എത്രത്തോളം ഫലം പുറപ്പെടുവിക്കുമെന്ന് ആരറിയുന്നു.