പത്തൊന്‍പതാം നൂറ്റാണ്ടിലെ ശ്രേഷ്ഠരായ അമേരിക്കന്‍ വീരവനിതകളില്‍ ഒരാളായിരുന്നു ഹാരിയറ്റ് ടബ്മാന്‍. ശ്രദ്ധേയമായ ധൈര്യം പ്രകടിപ്പിച്ചുകൊണ്ട്, അമേരിക്കന്‍ ഐക്യനാടുകളിലെ സ്വതന്ത്രമായ വടക്കന്‍ പ്രദേശത്തേക്ക് കടന്ന് അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം മുന്നൂറിലധികം സഹ അടിമകളെ അവള്‍ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. സ്വന്തം സ്വാതന്ത്ര്യം ആസ്വദിക്കുന്നതില്‍ മാത്രം സംതൃപ്തയാകാതെ സുഹൃത്തുക്കളെയും കുടുംബത്തേയും അപരിചിതരെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ അവള്‍ പത്തൊന്‍പത് തവണ അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. ചിലപ്പോള്‍ കാനഡയിലേക്ക് ആളുകളെ നയിച്ചുകൊണ്ട് അവള്‍ കാല്‍നടയായി സഞ്ചരിച്ചു.

അത്തരം ധീരമായ പ്രവര്‍ത്തനത്തിന് ടബ്മാനെ പ്രേരിപ്പിച്ചത് എന്താണ്? ആഴമായ വിശ്വാസമുള്ള ഒരു സ്ത്രീയായ അവള്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ എല്ലായ്‌പ്പോഴും ദൈവത്തോട് പറഞ്ഞു, ഞാന്‍ അങ്ങയെ മുറുകെ പിടിക്കാന്‍ പോകുന്നു, നീ എന്നെ അക്കരെയെത്തിക്കണം.’ ആളുകളെ അടിമത്തത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നതില്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളെ അവള്‍ ആശ്രയിച്ചത് അവളുടെ വിജയത്തിന്റെ മുഖമുദ്രയായിരുന്നു.

ദൈവത്തെ ‘മുറുകെപ്പിടിക്കുക’ എന്നതിന്റെ അര്‍ത്ഥമെന്താണ്? നാം അവന്റെ കൈ പിടിക്കുമ്പോള്‍ വാസ്തവത്തില്‍ അവനാണ് നമ്മെ പിടിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ യെശയ്യാവിന്റെ പ്രവചനത്തിലെ ഒരു വാക്യം നമ്മെ സഹായിക്കും. യെശയ്യാവ് ദൈവത്തെ ഉദ്ധരിക്കുന്നു, ‘നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു’ (41:13).

ഹാരിയറ്റ് ദൈവത്തെ മുറുകെ പിടിച്ചു, അവന്‍ അവളെ വിജയിപ്പിച്ചു. നിങ്ങള്‍ എന്ത് വെല്ലുവിളികളാണ് നേരിടുന്നത്? അവന്‍ നിങ്ങളുടെ കരത്തെയും ജീവിതത്തെയും ‘പിടിക്കുമ്പോള്‍” ദൈവത്തെ മുറുകെ പിടിക്കുക. ‘ഭയപ്പെടേണ്ട’ അവന്‍ നിങ്ങളെ സഹായിക്കും.