ഫോണ്‍ നന്നാക്കുന്ന കടയില്‍, യുവ പാസ്റ്റര്‍ മോശം വാര്‍ത്ത കേള്‍ക്കാനായി സ്വയം തയ്യാറായി. ഞങ്ങളുടെ ബൈബിള്‍ ക്ലാസ്സില്‍വെച്ച് ആകസ്മികമായി തറയില്‍ വീണ അദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി. ശരിയല്ലേ? യഥാര്‍ത്ഥത്തില്‍ അല്ല. സ്‌റ്റോര്‍ ജോലിക്കാരി തന്റെ ബൈബിള്‍ വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ പാസ്റ്ററുടെ എല്ലാ ഡാറ്റയും വീണ്ടെടുത്തു. ‘ഞാന്‍ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവള്‍ വീണ്ടെടുത്തു’ അദ്ദേഹം പറഞ്ഞു, ‘സ്‌റ്റോര്‍ എന്റെ തകര്‍ന്ന ഫോണിന് പകരം ഒരു പുതിയ ഫോണ്‍ നല്‍കി.’ ‘എനിക്ക് നഷ്ടപ്പെട്ടതും അതിലേറെയും ഞാന്‍ വീണ്ടെടുത്തു.’ എന്നാണദ്ദേഹം അര്‍ത്ഥമാക്കിയത്.

നീചന്മാരായ അമാലേക്യരുടെ ആക്രമണത്തിനു ശേഷം ദാവീദ് ഒരിക്കല്‍ തന്റെ സ്വന്തം വീണ്ടെടുക്കല്‍ ദൗത്യം നയിച്ചു. ഫെലിസ്ത്യ ഭരണാധികാരികളാല്‍ അവഗണിക്കപ്പെട്ട ദാവീദും അവന്റെ സൈന്യവും അമാലേക്യര്‍ തങ്ങളുടെ പട്ടണമായ സിക്ലാഗിനെ ആക്രമിച്ചു ചുട്ടുകളഞ്ഞതാണു കണ്ടത് – അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു (1 ശമൂവേല്‍ 30:30:2-3). ‘അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരയുവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു’ (വാ. 4). പടയാളികള്‍ തങ്ങളുടെ നേതാവായ ദാവീദിനോട് കൈപ്പുള്ളവരായി, ‘അവനെ കല്ലെറിയണമെന്നു ജനം പറഞ്ഞു’ (വാ. 6).

‘ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു’ (വാ. 6). ദൈവം വാഗ്ദത്തം ചെയ്തതുപോലെ, ദാവീദ് അമാലേക്യരെ പിന്തുടര്‍ന്നു, ‘അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു … അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടു പോന്നു’ (വാ. 18-19). നമ്മുടെ പ്രത്യാശയെപ്പോലും ‘കവര്‍ന്നെടുക്കുന്ന’ ആത്മീയ ആക്രമണങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവത്തില്‍ നമുക്ക് പുതിയ ശക്തി കണ്ടെത്താം. ജീവിതത്തിലെ എല്ലാ വെല്ലുവിളികളിലും അവന്‍ നമ്മോടൊപ്പമുണ്ടാകും.