കോളേജ് പഠനകാലത്ത്, ഒരു വേനല്‍ക്കാലത്തിന്റെ നല്ലൊരു ഭാഗം ഞാന്‍ വെനസ്വേലയില്‍ ചെലവഴിച്ചു. ഭക്ഷണം അമ്പരപ്പിക്കുന്നതായിരുന്നു, ആളുകള്‍ പ്രസന്നവദനരായിരുന്നു, കാലാവസ്ഥയും ആതിഥ്യമര്യാദയും മനോഹരമായിരുന്നു. എന്നിരുന്നാലും, ആദ്യത്തെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍, സമയ മാനേജുമെന്റിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ എന്റെ പുതിയ സുഹൃത്തുക്കള്‍ പങ്കിടുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, അത് ഉച്ചയ്ക്ക് 12:00 നും 1:00 നും ഇടയില്‍ എപ്പോഴെങ്കിലും ആയിരിക്കും. മീറ്റിംഗുകളുടെയും യാത്രകളുടെയും കാര്യവും സമാനമായിരുന്നു: സമയ ചട്ടക്കൂടുകള്‍ കൃത്യമായ നിഷ്ഠയില്ലാതെ ഏകദേശ കണക്കുകളായിരുന്നു. ‘കൃത്യസമയത്ത്” എന്ന എന്റെ ആശയം ഞാന്‍ മനസ്സിലാക്കിയതിനെക്കാള്‍ വ്യത്യസ്തമായി സാംസ്‌കാരികമായി രൂപപ്പെട്ടതാണെന്ന് ഞാന്‍ ഗ്രഹിച്ചു.

നമ്മളെല്ലാവരും നാം അറിയാതെ തന്നേ നമുക്കു ചുറ്റുമുള്ള സാംസ്‌കാരിക മൂല്യങ്ങളാല്‍ രൂപപ്പെട്ടവരാണ്. പൗലൊസ് ഈ സാംസ്‌കാരിക ശക്തിയെ ‘ലോകം” എന്ന് വിളിക്കുന്നു (റോമര്‍ 12:2). ഇവിടെ, ‘ലോകം” എന്നത് ഭൗതിക പ്രപഞ്ചത്തെ അര്‍ത്ഥമാക്കുന്നില്ല, മറിച്ച് നമ്മുടെ അസ്തിത്വത്തെ ബാധിക്കുന്ന ചിന്താരീതികളെയാണ് സൂചിപ്പിക്കുന്നത്. ചോദ്യം ചെയ്യപ്പെടാത്ത അനുമാനങ്ങളെയും മാര്‍ഗനിര്‍ദ്ദേശ ആശയങ്ങളെയും ഇത് സൂചിപ്പിക്കുന്നു, കാരണം നാം ഒരു പ്രത്യേക സ്ഥലത്തും സമയത്തിലും താമസിക്കുന്നു.

‘ഈ ലോകത്തോട് അനുരൂപരാകുന്നതിനെതിരെ’ ജാഗരൂകരാകുവാന്‍ പൗലൊസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. പകരം, ‘നാം മനസ്സ് പുതുക്കി രൂപാന്തരപ്പെടണം” (വാ. 2). നമ്മെ വിഴുങ്ങിക്കളയുന്ന ചിന്താരീതികളെയും വിശ്വാസങ്ങളെയും നിഷ്‌ക്രിയരായി സ്വീകരിക്കുന്നതിനു പകരം ദൈവിക ചിന്താരീതികളെ ക്രിയാത്മകമായി സ്വീകരിക്കുകയും ‘നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം (വാ. 2) എങ്ങനെ മനസ്സിലാക്കാമെന്നു പഠിക്കുകയും ചെയ്യാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. മറ്റെല്ലാ ശബ്ദത്തേക്കാളും ഉപരിയായി ദൈവത്തെ അനുഗമിക്കാന്‍ നമുക്കു പഠിക്കാം.