വിരമിച്ച ഓപ്പറ ഗായികയായ നാന്‍സി ഗസ്റ്റാഫ്‌സണ്‍ തന്റെ അമ്മയെ സന്ദര്‍ശിച്ച സമയത്ത് അവര്‍ മറവിരോഗത്തിനടിമയായെന്നറിഞ്ഞ് ഏറെ ദുഃഖിച്ചു. അവളുടെ അമ്മ അവളെ തിരിച്ചറിഞ്ഞില്ല, സംസാരിച്ചുമില്ല. നിരവധി പ്രതിമാസ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം, നാന്‍സിക്ക് ഒരു ആശയം ഉണ്ടായി. അവള്‍ മമ്മിയുടെ അടുത്തിരുന്നു പാടാന്‍ തുടങ്ങി. സംഗീത ശ്രവണത്തില്‍ അമ്മയുടെ കണ്ണുകള്‍ തിളങ്ങി, അവളും പാടാന്‍ തുടങ്ങി ഇരുപത് മിനിറ്റ്! അപ്പോള്‍ നാന്‍സിയുടെ അമ്മ ചിരിച്ചു, അവര്‍ ‘ഗസ്റ്റാഫ്‌സണ്‍ കുടുംബ ഗായകര്‍!” എന്നു തമാശ പറഞ്ഞു. ഈ നാടകീയമായ മാറ്റം ചില തെറാപ്പിസ്റ്റുകള്‍ നിഗമനം ചെയ്യുന്നതുപോലെ, നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരികെക്കൊണ്ടുവരാനുള്ള സംഗീതത്തിന്റെ ശക്തിയുടെ തെളിവായിരുന്നു. ‘പഴയ ഇഷ്ടഗാനങ്ങള്‍’ പാടുന്നത് മാനസികാവസ്ഥ പ്രസന്നമാക്കുന്നതിനും വീഴ്ച കുറയ്ക്കുന്നതിനും എമര്‍ജന്‍സി റൂമിലേക്കുള്ള സന്ദര്‍ശനം കുറയ്ക്കുന്നതിനും മയക്കമരുന്നാസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സംഗീതവും ഓര്‍മ്മശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, ബൈബിള്‍ വെളിപ്പെടുത്തുന്നതുപോലെ, ആലാപനത്തില്‍ നിന്നുള്ള സന്തോഷം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണ് – അത് യഥാര്‍ത്ഥമാണ്. ‘നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നേ!’ (സങ്കീര്‍ത്തനം 147:1).

തിരുവെഴുത്തുകളിലുടനീളം, ദൈവത്തെ സ്തുതിക്കുന്ന ഗാനങ്ങള്‍ ശബ്ദമുയര്‍ത്തി പാടുവാന്‍ ദൈവജനത്തെ പ്രേരിപ്പിക്കുന്നു. ‘യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു” (യെശയ്യാവ് 12:5). ‘അവന്‍ എന്റെ വായില്‍ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും” (സങ്കീ. 40:3). നമ്മുടെ ആലാപനം നമ്മെ മാത്രമല്ല അത് കേള്‍ക്കുന്നവരെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ ദൈവം വലിയവനും സ്തുതിക്കു യോഗ്യനുമാണ് എന്നു നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം.