മിയര്‍ ക്രിസ്റ്റിയാനിറ്റി എന്ന ഗ്രന്ഥത്തില്‍, നാം നിഗളമുള്ളവരോ എന്നു കണ്ടെത്തുന്നതിന് നമ്മോടു തന്നേ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സി.എസ് ലൂയിസ് നിര്‍ദ്ദേശിക്കുന്നു: ‘മറ്റ് ആളുകള്‍ എന്നെ അവഹേളിക്കുമ്പോള്‍ അല്ലെങ്കില്‍ എന്നെ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അല്ലെങ്കില്‍ എന്റെ സംരക്ഷകരായിരിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് എത്രമാത്രം നീരസമുണ്ടാകും?’ നിഗളത്തെ ‘അങ്ങേയറ്റത്തെ തിന്മ” ആയും വീടുകളിലെയും രാജ്യങ്ങളിലെയും ദുരിതത്തിന്റെ പ്രധാന കാരണമായും ലൂയിസ് കണ്ടു. സ്നേഹം, സംതൃപ്തി, സാമാന്യബുദ്ധി എന്നിവയ്ക്കുള്ള സാധ്യതകളെ തിന്നുകളയുന്ന ഒരു ‘ആത്മീയ ക്യാന്‍സര്‍” എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
നിഗളം കാലങ്ങളായി ഒരു പ്രശ്നമാണ്. ദൈവത്തിന്റെ കരുത്തുറ്റ തീരദേശ നഗരമായ സോരിന്റെ നേതാവിന്റെ നിഗളത്തിനെതിരെ ദൈവം യെഹെസ്കേല്‍ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്കി. രാജാവിന്റെ നിഗളം അവന്റെ പതനത്തിന് കാരണമാകുമെന്ന് അവന് പറഞ്ഞു: ‘നീ ദൈവഭാവം നടിക്കുകയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും’ (യെഹെസ്കേല്‍ 28:6-7). താന്‍ ഒരു ദൈവമല്ല, മറിച്ച് ഒരു മനുഷ്യനാണെന്ന് അപ്പോള്‍ അവന് അറിയും (വാ. 9).
നിഗളത്തിന് വിപരീതം താഴ്മയാണ്, ദൈവത്തെ അറിയുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഒരു സ്വഭാവഗുണമായി ലൂയിസ് അതിനെ വിശേഷിപ്പിച്ചു. നാം അവനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനനുസരിച്ച് നാം ‘സന്തോഷപൂര്‍വ്വം താഴ്മയുള്ളവരായി” മാറുന്നുവെന്ന് ലൂയിസ് പറഞ്ഞു. മുമ്പ് നമ്മെ അസ്വസ്ഥരും അസന്തുഷ്ടരുമാക്കിയിരുന്ന നമ്മുടെ അന്തസ്സിനെക്കുറിച്ചുള്ള നിസാരമായ വിഡ്ഢിത്തങ്ങളില്‍ നിന്ന് മുക്തി നേടുന്നത് നമ്മെ ആശ്വാസമുള്ളവരാക്കി മാറ്റും.
നാം എത്രത്തോളം ദൈവത്തെ ആരാധിക്കുന്നുവോ അത്രയധികം നാം അവനെ അറിയുകയും അവന്റെ മുമ്പാകെ താഴ്മയുള്ളവരാകുകയും ചെയ്യും. സന്തോഷത്തോടും താഴ്മയോടും കൂടെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരായി നമുക്കു തീരാം.
നിങ്ങള്‍ നിഗളമുള്ളവരാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ലൂയിസിന്റെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് ഉത്തരം നല്‍കിയത്? അത് നിങ്ങളെ അത്ഭുതപ്പെടുത്തിയോ? എന്തുകൊണ്ട് അല്ലെങ്കില്‍ എന്തുകൊണ്ടില്ല?
സര്‍വ്വശക്തനായ ദൈവമേ, അങ്ങ് വലിയവനും ശക്തനുമാണെന്നും എന്നിട്ടും എന്നെ സ്നേഹിക്കുന്നുവെന്നും അറിഞ്ഞുകൊണ്ട്, അങ്ങയുടെ സൃഷ്ടി എന്ന നിലയില്‍ എന്റെ സ്വത്വത്തില്‍ സന്തോഷിക്കുവാന്‍ എന്നെ സഹായിക്കണമേ.