‘മിസ്റ്റര്‍ സിംഗര്‍മാന്‍ , നിങ്ങള്‍ എന്തിനാണ് കരയുന്നത്?’ പ്രധാന കരകൗശല വിദഗ്ധന്‍ ഒരു തടിപ്പെട്ടി നിര്‍മ്മിക്കുന്നത് നോക്കിക്കൊണ്ടിരുന്ന പന്ത്രണ്ടു വയസ്സുകാരനായ ആല്‍ബെര്‍ട്ട് ചോദിച്ചു.
അദ്ദേഹം പറഞ്ഞു, ‘എന്റെ പിതാവ് കരഞ്ഞതിനാലും മുത്തച്ഛന് കരഞ്ഞതിനാലും ഞാന്‍ കരയുന്നു.’ തന്റെ ബാലനായ സഹായിയോടുള്ള മരപ്പണിക്കാരന്റെ ഉത്തരം ലിറ്റില്‍ ഹൗസ് ഓണ്‍ ദി പ്രെയറിയിലെ വികാര നിര്‍ഭരമായ ഒരു രംഗമാണ്. ‘ശവപ്പെട്ടി ഉണ്ടാക്കുന്നതിനൊപ്പം കണ്ണുനീര് വരും’ സിംഗര്‍മാന്‍ വിശദീകരിച്ചു.
‘ചില പുരുഷന്മാര് കരയാറില്ല, കാരണം അത് ബലഹീനതയുടെ ലക്ഷണമാണെന്ന് അവര്‍ ഭയപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു. ”കരയാന്‍ കഴിയുമ്പോഴാണ് ഒരു പുരുഷന് പുരുഷനാകുന്നത് എന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.’
യെരൂശലേമിനോടുള്ള തന്റെ കരുതലിനെ ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനോട് താരതമ്യം ചെയ്തപ്പോള്‍ വികാരങ്ങള്‍ യേശുവിന്റെ കണ്ണില്‍ നിറഞ്ഞിരിക്കണം (മത്തായി 23:37). അവന്റെ കണ്ണുകളില്‍ കണ്ടതോ അവന്റെ കഥകളില്‍ കേട്ടതോ ആയ കാര്യങ്ങള്‍ അവന്റെ ശിഷ്യന്മാരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ശക്തനായിരിക്കുക എന്നതിന്റെ അര്‍ത്ഥം സംബന്ധിച്ച് അവന്റെ ആശയം വ്യത്യസ്തമായിരുന്നു. അവര്‍ അവനോടൊപ്പം ആലയത്തില്‍ നിന്നും നടക്കുമ്പോള്‍ അതു വീണ്ടും സംഭവിച്ചു. കൂറ്റന്‍ കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച മതിലുകളിലേക്കും അവരുടെ ആലയത്തിന്റെ അലങ്കാരത്തിലേക്കും (24:1) അവിടുത്തെ ശ്രദ്ധ ക്ഷണിച്ച ശിഷ്യന്മാര് മനുഷ്യനേട്ടത്തിന്റെ കരുത്ത് ശ്രദ്ധയില്‍പെടുത്തി. എ.ഡി. 70 ല്‍ തകര്‍ക്കപ്പെടാന്‍ പോകുന്ന ഒരു ദൈവാലയം യേശു കണ്ടു.
ആരോഗ്യമുള്ള ആളുകള്‍ക്ക് എപ്പോള്‍ കരയണമെന്നും എന്തുകൊണ്ടു കരയണമെന്നും അറിയാമെന്ന് ക്രിസ്തു നമുക്ക് കാണിച്ചുതരുന്നു. അവന് കരഞ്ഞു, കാരണം അവന്റെ ഹൃദയത്തെ തകര്‍ക്കുന്നതെന്താണെന്ന് ഇനിയും കാണാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്കായി പിതാവ് കരുതുകയും ആത്മാവ് ഞരങ്ങുകയും ചെയ്യുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഏത് സാഹചര്യത്തിലാണ് നിങ്ങള്‍ ദുഃഖം ഒഴിവാക്കുന്നത്? കരയുന്ന ഒരു രക്ഷകനിലുള്ള നിങ്ങളുടെ വിശ്വാസം (യോഹന്നാന് 11:35) നിങ്ങളുടെ ദുഃഖത്തെ ആരോഗ്യകരമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ നിങ്ങളെ എങ്ങനെ സഹായിക്കും?
പിതാവേ, ഞാന്‍ പറ്റിനില്ക്കുന്ന ശക്തിയുടെ ഏതെങ്കിലും മിഥ്യാധാരണകള്‍ മാറ്റി, പകരം എന്നെപ്പോലുള്ള മക്കള്‍ക്കായി അങ്ങയുടെ ഹൃദയത്തെ തകര്‍ക്കുന്ന കരുതലുകളെയും ആശങ്കകളെയും കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ധാരണ എന്നില്‍ നല്കണമേ.