ഒരു ശക്തമായ ഹൃദയം
ഫിലിപ്പ് യാന്സിയുമായി സഹകരിച്ച് എഴുതിയ ഫീയര്ഫുളി ആന്‍ഡ് വണ്ടര്‍ഫുളി മെയ്ഡ് (ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടത്) എന്ന ഗ്രന്ഥത്തില്‍ ഡോ. പോള്‍ ബ്രാന്‍ഡ്, ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു: 'ഒരു ഹമ്മിംഗ്ബേര്‍ഡിന്റെ ഹൃദയം ഒരു ഔണ്‍സിന്റെ ചെറിയൊരു ഭാഗം മാത്രം ഭാരമുള്ളതാണെങ്കിലും, ഒരു മിനിറ്റില്‍ എണ്ണൂറു തവണ മിടിക്കുന്നു; ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന് അര ടണ്‍ ഭാരം, മിനിറ്റില്‍ പത്തു തവണ മാത്രം മിടിക്കുന്നു, അതു രണ്ടു മൈല്‍ അകലെവരെ കേള്‍ക്കാന്‍ കഴിയും. രണ്ടില്‍നിന്നും വ്യത്യസ്തമായി, മനുഷ്യഹൃദയം മോശമായ നിലയില്‍ പ്രവര്ത്തിക്കുന്നതായിത്തോന്നുന്നു. എങ്കിലും, വിശ്രമമില്ലാതെ, ഒരു ദിവസം 100,000 പ്രാവശ്യം (മിനിറ്റില്‍ 65-70 പ്രാവശ്യം) മിടിക്കുകയും എഴുപതു വര്‍ഷമോ അതില്‍ കൂടുതലോ കാലം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് അതിന്റെ ജോലി ചെയ്യുന്നു.''
ഈ അതിശയകരമായ ഹൃദയം, ജീവിതകാലം മുഴുവനും നമ്മെ സമഗ്രമായി ശക്തിപ്പെടുത്തുന്നതിനാല്‍, അതു നമ്മുടെ മൊത്തത്തിലുള്ള ആന്തരികക്ഷേമത്തിന്റെ ഒരു രൂപകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ശാരീരികവും സാദൃശ്യവുമായ ഹൃദയങ്ങള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
യിസ്രായേലിന്റെ ആരാധനാനേതാവായ സങ്കീര്‍ത്തനക്കാരനായ ആസാഫ് 73-ാം സങ്കീര്‍ത്തനത്തില്‍ യഥാര്‍ത്ഥ ശക്തി മറ്റെവിടെ നിന്നോ - മറ്റൊരാളില്‍ നിന്നോ - ആണു വരുന്നതെന്ന് അംഗീകരിക്കുന്നു. അവന് എഴുതി: 'എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു'' (വാ. 26). ആസാഫ് പറഞ്ഞതു ശരിയായിരുന്നു. ജീവനുള്ള ദൈവമാണ് നമ്മുടെ ആത്യന്തികവും ശാശ്വതവുമായ ശക്തി. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്ന നിലയില്‍, തന്റെ പൂര്ണ്ണശക്തിക്ക് അത്തരം പരിമിതികളൊന്നും അവനില്ല.
നമ്മുടെ പ്രയാസത്തിന്റെയും വെല്ലുവിളിയുടെയും കാലഘട്ടത്തില്‍, ആസാഫ് സ്വന്തം പോരാട്ടങ്ങളിലൂടെ പഠിച്ച കാര്യങ്ങള്‍ നമുക്കു കണ്ടെത്താം: ദൈവം നമ്മുടെ ഹൃദയത്തിന്റെ യഥാര്ത്ഥശക്തിയാണ്. നമുക്ക് ഓരോ ദിവസവും ആ ശക്തിയില്‍ വിശ്രമിക്കാം.
കരുതലിന്റെ കത്തുകള്‍
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡോ. ജെറി മോട്ടോ, ഒരു ''കരുതുന്ന കത്തിന്റെ'' ശക്തി കണ്ടെത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കു കരുതല്‍ പ്രകടിപ്പിക്കുന്ന ഒരു കത്ത് അയച്ചാല്‍, വീണ്ടും ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ നിരക്ക് പകുതിയായി കുറയുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ വിഷാദരോഗികള്‍ക്കു തുടര്‍ചികിത്സയായി 'കരുതല്‍ പ്രകടിപ്പിക്കുന്ന'' ടെക്സ്റ്റുകള്‍, പോസ്റ്റ്കാര്‍ഡുകള്‍, സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതിന്റെ ഈ ശക്തി ആരോഗ്യപ്രവര്‍ത്തകര്‍ അടുത്തയിടെ വീണ്ടും കണ്ടെത്തി.
ബൈബിളിലെ ഇരുപത്തിയൊന്നു 'പുസ്തകങ്ങള്‍'' യഥാര്‍ത്ഥത്തില്‍ കത്തുകളാണ് - ലേഖനങ്ങള്‍. പല കാരണങ്ങളാല്‍ പോരാട്ടങ്ങളും വെല്ലുവിളികളും നേരിടുന്ന ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്ക് എഴുതിയ കരുതലിന്റെ കത്തുകളാണ് അവ. പൗലൊസും യാക്കോബും യോഹന്നാനും വിശ്വാസത്തിന്റെയും ആരാധനയുടെയും അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്നതിനും, സംഘര്‍ഷം പരിഹരിച്ച് ഐക്യം കെട്ടിപ്പടുക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുന്നതിനും കത്തുകള്‍ എഴുതി.
എന്നിരുന്നാലും, റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ് പീഡനമനുഭവിക്കുന്ന വിശ്വാസികള്‍ക്ക് അപ്പൊസ്തലനായ പത്രൊസ് പ്രത്യേകം കത്തെഴുതി. 1 പത്രൊസ് 2:9 ല്‍, 'നിങ്ങളോ ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു'' എന്ന് എഴുതിക്കൊണ്ട് ദൈവസന്നിധിയില്‍ അവര്‍ക്കുള്ള അപാരമായ വിലയെക്കുറിച്ച് പത്രൊസ് ഓര്‍മ്മപ്പെടുത്തി. ഇത് അവരുടെ ലോകത്തില്‍ ദൈവത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്ക് അവരുടെ നോട്ടം ഉയര്‍ത്തുവാന്‍ സഹായിച്ചു: 'നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ടവരാണ്.''
നമ്മുടെ മഹാനായ ദൈവം തന്നെ നമുക്കുവേണ്ടി കരുതലിന്റെ കത്തുകള്‍ നിറഞ്ഞ ഒരു പുസ്തകം എഴുതി - പ്രചോദനാത്മകമായ തിരുവെഴുത്ത്. അവിടുന്ന് നമുക്കു നല്‍കിയിരിക്കുന്ന മൂല്യത്തിന്റെ ഒരു രേഖ നമുക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതിനുവേണ്ടിയാണിത്. അവിടുത്തെ കത്തുകള്‍ ദിവസവും വായിച്ച് അവിടുന്നു നല്കുന്ന പ്രത്യാശ ആവശ്യമുള്ളവരുമായി നമുക്കു പങ്കിടാം.
ഭയത്തിന്റെ കൊടുങ്കാറ്റുകള്‍
അടുത്തിടെ ഞാന്‍ കണ്ട ഒരു ടിവി പരസ്യത്തില്‍, ഒരു സ്ത്രീ ടിവി കണ്ടുകൊണ്ടിരുന്ന ഒരു സംഘത്തിലെ ഒരാളോടു ചോദിക്കുന്നു, 'മാര്‍ക്ക്, താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്?'' 'ഭയത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുക്കാത്ത എന്റെ ഒരു പതിപ്പ്,'' അദ്ദേഹം ശാന്തമായി പ്രതികരിക്കുന്നു - ടിവിയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതെന്താണെന്നാണ് അവള് ചോദിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കുന്നില്ല!
വോ, ഞാന്‍ ചിന്തിച്ചു. ഒരു ടിവി പരസ്യം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല! പക്ഷെ എനിക്കു പാവം മാര്‍ക്കുമായി ബന്ധമുള്ളതായി തോന്നി: ഭയം ചിലപ്പോള്‍ എന്റെ ജീവിതത്തെ നയിക്കുന്നതായി തോന്നുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു.
യേശുവിന്റെ ശിഷ്യന്മാരും ഭയത്തിന്റെ അഗാധമായ ശക്തി അനുഭവിച്ചു. ഒരിക്കല്‍, അവര്‍ ഗലീലക്കടലിനു കുറുകെ പോകുമ്പോള്‍ (മര്‍ക്കൊസ് 4:35) 'വലിയ ചുഴലിക്കാറ്റ് ഉണ്ടായി'' (വാ. 37). ഭയം അവരെ പിടികൂടി, യേശുവിന് (ഉറങ്ങുകയായിരുന്നു) തങ്ങളെക്കുറിച്ചു വിചാരമില്ലെന്ന് അവര്‍ ചിന്തിച്ചു: ''ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരമില്ലയോ?'' (വാ. 38).
ഭയം, ശിഷ്യന്മാരുടെ ദര്‍ശനത്തെ വികലമാക്കി. അവരെക്കുറിച്ചുള്ള യേശുവിന്റെ നല്ല ഉദ്ദേശ്യങ്ങള്‍ കാണാത്ത നിലയില്‍ അവരുടെ കണ്ണുകളെ അന്ധമാക്കി. കാറ്റിനെയും തിരമാലയെയും ശാസിച്ചശേഷം (വാ. 39), തുളച്ചുകയറുന്ന രണ്ടു ചോദ്യങ്ങളുമായി അഭിമുഖീകരിച്ചു: 'നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?'' (വാ. 40).
നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കാം, ശരിയല്ലേ? എന്നാല്‍ യേശുവിന്റെ ചോദ്യങ്ങള്‍ നമ്മുടെ ഭയത്തെ ശരിയായ വീക്ഷണകോണില്‍ നിര്‍ത്താന്‍ സഹായിക്കും. യേശുവിന്റെ ആദ്യചോദ്യം നമ്മുടെ ഭയത്തിനു പേരിടാന്‍ നമ്മോടാവശ്യപ്പെടുന്നു. രണ്ടാമത്തേത്, വികലമായ ആ വികാരങ്ങളെ അവനെ ഭരമേല്പിക്കാന് നമ്മെ ക്ഷണിക്കുന്നു - ഒപ്പം ജീവിതത്തിലെ ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റുകളിലൂടെപ്പോലും അവിടുന്ന് നമ്മെ എങ്ങനെ നയിക്കുന്നുവെന്ന് കാണാനുള്ള കണ്ണുകള്‍ നല്കാന് കര്‍ത്താവിനോട് ആവശ്യപ്പെടുന്നതിനും.
ദൈവത്തിന്റെ കഥാപുസ്തകം
മനോഹരമായ ദിവസം ആസ്വദിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാന്‍ നടക്കാനിറങ്ങി, താമസിയാതെ ഒരു പുതിയ അയല്‍ക്കാരനെ കണ്ടു. അയാള്‍ എന്നെ തടഞ്ഞുനിര്‍ത്തി സ്വയം പരിചയപ്പെടുത്തി: 'എന്റെ പേര് ജനസിസ്, എനിക്ക് ആറര വയസ്സായി.''
'ജനസിസ് ഒരുഗ്രന്‍ പേരാണ്! അത് ബൈബിളിലെ ഒരു പുസ്തകമാണ്,'' ഞാന്‍ മറുപടി നല്കി.
'എന്താണു ബൈബിള്‍?'' അവന് ചോദിച്ചു.
'ദൈവം ലോകത്തെയും മനുഷ്യരെയും എങ്ങനെ സൃഷ്ടിച്ചു, അവന് നമ്മെ എങ്ങനെ സ്നേഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദൈവത്തിന്റെ കഥാപുസ്തകമാണത്.''
അവന്റെ ജിജ്ഞാസയോടെയുള്ള പ്രതികരണം കേട്ടു ഞാന്‍ പുഞ്ചിരിച്ചു: 'എന്തുകൊണ്ടാണ് അവന് ലോകത്തെയും ആളുകളെയും കാറുകളെയും വീടുകളെയും സൃഷ്ടിച്ചത്? എന്റെ പടം അവന്റെ പുസ്തകത്തിലുണ്ടോ?''
എന്റെ പുതിയ സുഹൃത്തായ ജനസിസിന്റെയോ നമ്മുടെയോ അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ചിത്രം തിരുവെഴുത്തുകളില്‍ ഇല്ലെങ്കിലും, നമ്മള് ദൈവത്തിന്റെ കഥാപുസ്തകത്തിന്റെ വലിയ ഭാഗമാണ്. ഉല്പത്തി 1 ല്‍ 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു'' (വാ. 27) എന്നു നാം കാണുന്നു. ദൈവം അവരോടൊപ്പം തോട്ടത്തില്‍ നടന്നു, തുടര്‍ന്ന് അവരുടെ സ്വന്തം ദൈവമാകാനുള്ള പ്രലോഭനത്തിന് വഴങ്ങരുതെന്ന് മുന്നറിയിപ്പ് നല്കി (അധ്യായം 3). പിന്നീട് തന്റെ സ്നേഹത്തില്‍, അവന്റെ പുത്രനായ യേശു വീണ്ടും നമ്മോടൊപ്പം നടക്കാന്‍ വന്നതിനെക്കുറിച്ചും നമ്മുടെ പാപമോചനത്തിനും അവന്റെ സൃഷ്ടിയുടെ പുനഃസ്ഥാപനത്തിനുമായി ഒരു പദ്ധതി കൊണ്ടുവന്നതിനെക്കുറിച്ചും ദൈവം തന്റെ പുസ്തകത്തില്‍ പറഞ്ഞു.
നാം ബൈബിളിലേക്കു നോക്കുമ്പോള്‍, നാം അവനെ അറിയാനും അവനുമായി സംസാരിക്കാനും നമ്മുടെ ചോദ്യങ്ങള്‍ അവനോട് ചോദിക്കാനും നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. നമുക്ക് സങ്കല്പിക്കാവുന്നതിലുമധികം അവന് നമ്മെ കരുതുന്നു.