സുരക്ഷിതവും നിശബ്ദവും
പ്രീ-സ്കൂളില്‍ പഠിക്കുന്ന ഊര്‍ജ്ജസ്വലനായ വിദ്യാര്‍ത്ഥി എന്ന നിലയില്‍, എന്റെ മകന് സേവ്യര്‍ ഉച്ചതിരിഞ്ഞുള്ള നിശബ്ദ സമയം ഒഴിവാക്കി. നിശബ്ദമായിരിക്കുന്നത്, ആഗ്രഹിക്കാത്തതും എന്നാല്‍ അത്യാവശ്യവുമായ മയക്കത്തിലാണ് പലപ്പോഴും കലാശിക്കുക. അതിനാല്‍, ശാന്തത ഒഴിവാക്കായി അവന് തന്റെ ഇരിപ്പിടത്തില്‍ ഇളകിയിരിക്കുകയും സോഫയില്‍ നിന്നിറങ്ങുകയും തറയില്‍ നിരങ്ങുകയും, ചിലപ്പോള്‍ മുറിയില്‍ ഉരുളുകപോലും ചെയ്യും. 'അമ്മേ, എനിക്കു വിശക്കുന്നു. . . എനിക്കു ദാഹിക്കുന്നു . . . എനിക്കു ബാത്ത്റൂമില്‍ പോകണം . . . എന്നെയൊന്നു കെട്ടിപ്പിടിക്കൂ...''
നിശ്ശബ്ദതയുടെ പ്രയോജനങ്ങള്‍ മനസ്സിലാക്കിയ ഞാന്‍, സേവ്യറിന് ഒരു ലഘുഭക്ഷണം നല്‍കിക്കൊണ്ട് സ്വസ്ഥമായിരിക്കാന്‍ സഹായിക്കും. എന്റെ സമീപത്തേക്കു ചാഞ്ഞ് അവന് ഉറങ്ങും.
എന്റെ ആത്മീയ ജീവിതത്തിന്റെ തുടക്കത്തില്‍, ഊര്ജ്ജസ്വലത കാണിക്കാനുള്ള എന്റെ മകന്റെ ആഗ്രഹത്തെ ഞാനും പ്രതിഫലിപ്പിച്ചിരുന്നു. തിരക്ക്, എന്നെ അംഗീകരിക്കുന്നുവെന്നും, ഞാന്‍ പ്രാധാന്യമുള്ളവളാണെന്നും നിയന്ത്രണമുള്ളവളാണെന്നും ഉള്ള തോന്നല്‍ എന്നില്‍ ഉളവാക്കിയിരുന്നു; അതേസമയം എന്റെ പോരായ്മകളെയും പരീക്ഷണങ്ങളെയും കുറിച്ച് വ്യാകുലപ്പെടുന്നതില്‍ നിന്ന് ശബ്ദം എന്നെ വ്യതിചലിപ്പിച്ചു. വിശ്രമത്തിന് കീഴടങ്ങുന്നത് എന്റെ ദുര്‍ബ്ബലമായ മാനുഷികതയാണെന്നു ഞാന്‍ കരുതി. എന്റെ സഹായമില്ലാതെ ദൈവത്തിന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്നു സംശയിച്ച് ഞാന്‍ ശാന്തതയും നിശ്ശബ്ദതയും ഒഴിവാക്കി.
എന്നാല്‍ എത്രമാത്രം പ്രശ്നങ്ങളോ അനിശ്ചിതത്വങ്ങളോ നമ്മെ ചുറ്റിയാലും, അവിടുന്നു നമ്മുടെ സങ്കേതമാണ്. മുമ്പിലുള്ള പാത ദൈര്‍ഘ്യമേറിയതോ ഭയപ്പെടുത്തുന്നതോ അവ്യക്തമോ ആണെന്നു തോന്നിയാലും, അവിടുത്തെ സ്നേഹം നമ്മെ വലയം ചെയ്യുന്നു. അവിടുന്ന്് നമ്മെ കേള്‍ക്കുന്നു, ഉത്തരം നല്കുന്നു, നമ്മോടൊപ്പം നില്ക്കുന്നു. . . ഇന്നും എന്നേക്കും നിത്യതവരെയും (സങ്കീര്‍ത്തനം 91).
നമുക്ക് നിശ്ശബ്ദത സ്വീകരിക്കാനും ദൈവത്തിന്റെ മാറ്റില്ലാത്ത സ്നേഹത്തിലും നിരന്തരമായ സാന്നിധ്യത്തിലുും ചാരുവാനും കഴിയും. അവിടുത്തെ മാറ്റമില്ലാത്ത വിശ്വസ്തതയുടെ സങ്കേതത്തില്‍ നാം സുരക്ഷിതരായിരിക്കുന്നതിനാല്‍, നമുക്ക് ദൈവത്തില്‍ നിശ്ശബ്ദമായി വിശ്രമിക്കാന്‍ കഴിയും (വാ. 4).
ഒരിക്കലും ഉപേക്ഷിക്കരുത്
'സമയം കടന്നുപോയി. യുദ്ധം വന്നു.' സ്വന്തം ഭാഷയില്‍ ബൈബിള്‍ ലഭ്യമാക്കുന്നതിനുവേണ്ടി, ദക്ഷിണ സുഡാനിലെ കെലിക്കോജനങ്ങളുടെ പോരാട്ടത്തില്‍ നേരിട്ട കാലതാമസത്തെക്കുറിച്ച് അവരുടെ ബിഷപ്പായ സെമി നിഗോ വിവരിച്ചതിങ്ങനെയാണ്. കെലിക്കോഭാഷയില്‍ ഒറ്റ വാക്കുപോലും അന്നുവരെ അച്ചടിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബിഷപ്പ് നിഗോയുടെ മുത്തച്ഛന് ധൈര്യത്തോടെ ഒരു ബൈബിള്‍ വിവര്‍ത്തനപദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും, യുദ്ധവും അശാന്തിയും ആ ശ്രമത്തെ തടസ്സപ്പെടുത്തി. എന്നിട്ടും, വടക്കന്‍ ഉഗാണ്ടയിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും തങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കു നേരെ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടും ബിഷപ്പും സഹവിശ്വാസികളും ഈ പദ്ധതി സജീവമായി മുന്നോട്ടു കൊണ്ടുപോയി.
അവരുടെ സ്ഥിരോത്സാഹം ഫലം കണ്ടു. മൂന്നു പതിറ്റാണ്ടിനുശേഷം, കെലിക്കോ ഭാഷയിലെ പുതിയനിയമം അഭയാര്‍ത്ഥികള്‍ ആവേശത്തോടെയും ആഘോഷത്തോടെയും ഏറ്റുവാങ്ങി. 'കെലിക്കോയുടെ പ്രചോദനം വാക്കുകള്‍ക്ക് അതീതമാണ്,'' ഒരു പ്രോജക്ട് കണ്‍സള്‍ട്ടന്റ് പറഞ്ഞു.
കെലിക്കോയുടെ സമര്‍പ്പണം ദൈവം യോശുവയില്‍നിന്നാവശ്യപ്പെട്ട സ്ഥിരോത്സാഹത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം അവനോടു പറഞ്ഞതുപോലെ, 'ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും'' (യോശുവ 1:8). തുല്യ സ്ഥിരതയോടെ, കെലിക്കോ ജനത തിരുവെഴുത്തിന്റെ വിവര്‍ത്തനം പിന്തുടര്ന്നു. 'അവരെ ഇപ്പോള്‍ നിങ്ങള്‍ ക്യാമ്പുകളില്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നു,'' ഒരു വിവര്ത്തകന് പറഞ്ഞു. ബൈബിള്‍ കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും 'അവര്‍ക്കു പ്രത്യാശ നല്കുന്നു.'' കെലിക്കോ ജനത്തെപ്പോലെ തിരുവെഴുത്തിന്റെ ശക്തിയും ജ്ഞാനവും അന്വേഷിക്കുന്നത് നാം ഒരിക്കലും ഉപേക്ഷിക്കരുത്.