ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന, ഹാവാഡ് സ്റ്റഡി ഓഫ് അഡള്‍ട്ട് ഡവലപ്മെന്റ് എന്ന പ്രോജക്ട്, ആരോഗ്യകരമായ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായി. 1930-കളില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ 268 പേരടങ്ങുന്ന ഒരു സംഘത്തിലാണു ഗവേഷണം ആരംഭിച്ചത്, പിന്നീടതു 456 പേരിലേക്കു വ്യാപിപ്പിച്ചു. ഗവേഷകര്‍, പങ്കെടുക്കുന്നവരുമായി അഭിമുഖങ്ങള്‍ നടത്തുകയും, ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്യുന്നു. സന്തോഷവും ആരോഗ്യവും പ്രവചിക്കാനുള്ള ഏറ്റവും വലിയ ഘടകം, അടുത്ത ബന്ധങ്ങളാണെന്ന് അവര്‍ കണ്ടെത്തി. ശരിയായ ആളുകള്‍ നമുക്കു ചുറ്റുമുണ്ടെങ്കില്‍, ആഴത്തിലുള്ള സന്തോഷം നാം അനുഭവിക്കും.
ഫിലിപ്പിയര്‍ 1 ല്‍ അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്ന കാര്യത്തെ ഇതു പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു. ജയിലില്‍നിന്നു പൗലൊസ് അവര്‍ക്ക് എഴുതുമ്പോള്‍, അവരെ ഓര്‍ക്കുമ്പോഴെല്ലാം അവരെ ഓര്‍ത്തു ദൈവത്തിനു താന്‍ നന്ദി പറയുന്നുവെന്നും ‘സന്തോഷത്തോടെ’ പ്രാര്‍ത്ഥിക്കുന്നുവെന്നും പറയുന്നു (വാ. 6). എന്നാല്‍ ഇവര്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ അല്ല; മറിച്ചു പൗലൊസിനോടൊപ്പം ‘കൃപയില്‍ കൂട്ടാളികളും,’ ‘സുവിശേഷഘോഷണത്തില്‍ പങ്കാളികളും’ ആയ യേശുവിലുള്ള സഹോദരീസഹോദരന്മാരാണ് (വാ. 6-7). അവരുടെ ബന്ധം, പങ്കിടലിന്റെയും പരസ്പരസഹവര്ത്തിത്വത്തിന്റേതുമാണ് – ദൈവസ്നേഹവും സുവിശേഷവും രൂപപ്പെടുത്തിയ ഒരു യഥാര്‍ത്ഥ കൂട്ടായ്മ ആയിരുന്നു അത്.
അതേ, സുഹൃത്തുക്കള്‍ പ്രധാനമാണ്, എന്നാല്‍ ക്രിസ്തുവിലുള്ള സഹകൂട്ടാളികള് യഥാര്‍ത്ഥവും അഗാധവുമായ സന്തോഷത്തിന്റെ ഉത്തേജകങ്ങളാണ്. ദൈവകൃപയ്ക്ക്, മറ്റൊന്നിനും കഴിയാത്ത രീതിയില്‍ നമ്മെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ജീവിതത്തിലെ ഇരുണ്ട ഋതുക്കളില്പ്പോലും ആ ബന്ധത്തില്‍നിന്നു ലഭിക്കുന്ന സന്തോഷം നിലനില്ക്കും.
നിങ്ങളുടെ ചുറ്റുമുള്ള സുഹൃത്തുക്കള്‍ ആരാണ്? നിങ്ങളുടെ ബന്ധങ്ങളുടെ സത്ത എന്താണ്? നിങ്ങള്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന രീതിയെ ദൈവകൃപ എങ്ങനെയാണു രൂപപ്പെടുത്തിയത്?
പ്രിയ ദൈവമേ, സൗഹൃദത്തിന്റെ ദാനത്തിന് അങ്ങേയ്ക്കു നന്ദി പറയുന്നു! എന്നോടു വിശ്വസ്തരായിരിക്കുന്ന കൂട്ടാളികളോടു നന്ദി പറയാന്‍ എന്നെ സഹായിക്കണമേ. അവരെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും എനിക്കു കൃപ നല്കണമേ.