എന്റെ കുടുംബം, ഏകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ളതും ധാരാളം സവിശേഷതകളുള്ളതുമായ ഒരു വീട്ടിലാണ് താമസിക്കുന്നത്. മനോഹരമായ ചിത്രപ്പണികളുള്ള ഭിത്തികളാണതിനുള്ളത്. ഇത്തരം ഭിത്തികളില്‍ ഒരു ചിത്രം തൂക്കണമെന്നുണ്ടെങ്കില്‍, ഒരു മരക്കഷണം ഭിത്തിയില്‍ ഉറപ്പിച്ചിട്ടുവേണം അതില്‍ ആണിയടിച്ച് ചിത്രം തൂക്കിയിടാന്‍ എന്ന് വീടുകള്‍ നിര്‍മ്മിക്കുന്ന ഒരാള്‍ എനിക്കു മുന്നറിയിപ്പു നല്‍കി. അല്ലെങ്കില്‍, ഒരു കൊളുത്ത് സിമന്റിട്ടുറപ്പിക്കണം. അല്ലാത്തപക്ഷം ആണി ഭിത്തിയില്‍നിന്നിളകുകയും താഴെ വീണു തകര്‍ന്നുപോകയും ചെയ്യും, ഭിത്തിയില്‍ ഒരു വികൃതമായ ദ്വാരമുണ്ടാകുകയും ചെയ്യും.

എല്യാക്കീം എന്ന ഒരു അപ്രധാന ബൈബിള്‍ കഥാപാത്രത്തെ വിവരിക്കാന്‍, ഒരു ഭിത്തിയില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു ആണിയുടെ സാദൃശ്യം യെശയ്യാപ്രവാചകന്‍ ഉപയോഗിച്ചു. അഴിമതിക്കാരനായ രാജധാനി വിചാരകന്‍ ശെബ്‌നയില്‍ നിന്നും (യെശയ്യാവ് 22:15-19) സ്വന്ത ശക്തിയില്‍ ആശ്രയിക്കുന്ന യിസ്രായേല്‍ ജനത്തില്‍നിന്നും (വാ. 8-11), വ്യത്യസ്തമായി, എല്യാക്കീം ദൈവത്തില്‍ ആശ്രയിച്ചു. ഹിസ്‌കീയാരാജാവിന്റെ രാജധാനി വിചാരകനായുള്ള എല്യാക്കീമിന്റെ സ്ഥാനക്കയറ്റം പ്രവചിച്ചുകൊണ്ട്, ‘ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാന്‍ അവനെ തറയ്ക്കും’ എന്ന് യെശയ്യാവ് എഴുതി (വാ. 23). ദൈവത്തിന്റെ സത്യത്തിലും കൃപയിലും സുരക്ഷിതമായി നങ്കൂരമുറപ്പിക്കുന്നത്, തന്റെ കുടുംബത്തിനും ജനത്തിനും പിന്തുണ നല്‍കുന്ന ഒരുവനാക്കി എല്യാക്കീമിനെ മാറ്റും (വാ. 22-24).

എന്നിട്ടും, യെശയ്യാവ് ഈ പ്രവചനം അവസാനിപ്പിച്ചത്, ഒരു വ്യക്തിക്കും തന്റെ സ്‌നേഹിതരുടെയോ കുടുംബാംഗങ്ങളുടെയോ ആത്യന്തികസുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന ഗൗരവമായ ഓര്‍മ്മപ്പെടുത്തലോടെയാണ് – കാരണം, നാമെല്ലാവരും പരാജയപ്പെടുന്നു (വാ. 25). നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും വിശ്വസനീയമായ ഏക നങ്കൂരം യേശു മാത്രമാണ് (സങ്കീര്‍ത്തനം 62:5-6; മത്തായി 7:24). നാം മറ്റുള്ളവരെ കരുതുകയും അവരുടെ ഭാരം പങ്കിടുകയും ചെയ്യുമ്പോള്‍, ഒരിക്കലും പരാജയപ്പെടാത്ത നങ്കൂരമായ യേശുവിലേക്ക് അവരെ നമുക്കു നയിക്കുകയും ചെയ്യാം.