എന്റെ പിതാവിനു പഴയ ഗാനങ്ങള്‍ ആലപിക്കാന്‍ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിലൊന്ന് ‘ഉദ്യാനത്തില്‍’ ആയിരുന്നു. ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയില്‍ ഞങ്ങള്‍ അതു പാടി. കോറസ് വളരെ ലളിതമാണ്: ‘അവന്‍ എന്നോടൊപ്പം നടക്കുന്നു, അവന്‍ എന്നോടു സംസാരിക്കുന്നു, ഞാന്‍ അവന്റേതാണെന്ന് അവന്‍ എന്നോടു പറയുന്നു, ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന സന്തോഷം മറ്റാരും അറിഞ്ഞിട്ടില്ലാത്തതാണ്.’ ആ ഗാനം എന്റെ പിതാവിനു സന്തോഷം നല്‍കി – അത് എനിക്കും അങ്ങനെയായിരുന്നു.

1912 വസന്തകാലത്ത് ഈ ഗാനം രചിച്ച സി. ഓസ്റ്റിന്‍ മൈല്‍സ് പറഞ്ഞത്, യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം വായിച്ചതിനുശേഷമാണു താന്‍ ഈ ഗാനം രചിച്ചതെന്നാണ്. ‘അന്നു ഞാന്‍ അതു വായിക്കുമ്പോള്‍, ഞാന്‍ ആ രംഗത്തിന്റെ ഭാഗമാണെന്ന് തോന്നി. മറിയ കര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്തി ‘റബ്ബൂനീ (ഗുരോ)” എന്നു വിളിച്ച ആ നാടകീയ നിമിഷത്തിനു ഞാന്‍ ഒരു നിശ്ശബ്ദസാക്ഷിയായി മാറി.’

യോഹന്നാന്‍ 20-ല്‍, മഗ്ദലനക്കാരി മറിയ യേശുവിന്റെ ശൂന്യമായ കല്ലറയ്ക്കടുത്തു നിന്നു കരയുന്നതു നാം കാണുന്നു. അവള്‍ എന്തിനാണു കരയുന്നതെന്ന് അവളോടു ചോദിച്ച ഒരാളെ അവള്‍ അവിടെ കണ്ടു. അതു തോട്ടക്കാരനാണെന്നു കരുതിയ അവള്‍, ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനോടു – യേശുവിനോട് – സംസാരിച്ചു! അവളുടെ ദുഃഖം സന്തോഷമായി മാറി, ‘ഞാന്‍ കര്‍ത്താവിനെ കണ്ടു’ എന്നു പറയാന്‍ അവള്‍ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി (വാ. 18).

യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഉറപ്പു നമുക്കും ഉണ്ട്! അവിടുന്ന് ഇപ്പോള്‍ പിതാവിനോടൊപ്പം സ്വര്‍ഗ്ഗത്തിലാണ്, പക്ഷേ അവിടുന്നു നമ്മെ തനിയെ വിട്ടിട്ടില്ല. ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്ക് അവിടുത്തെ ആത്മാവ് ഉള്ളില്‍ ഉണ്ട്, അവനിലൂടെ കര്‍ത്താവു നമ്മോടൊപ്പമുണ്ടെന്നും നാം അവിടുത്തെ വകയാണെന്നും അറിയുന്നതിലുള്ള ഉറപ്പും സന്തോഷവും നമുക്കുണ്ട്!