എന്റെ ഭര്‍ത്താവ് ചക്രവാളത്തിന്റെ ഫോട്ടോയെടുത്തുകൊണ്ട് പാറക്കെട്ടു നിറഞ്ഞ കടല്‍ത്തീരത്തുകൂടി മുന്നോട്ടു പോകുമ്പോള്‍, മറ്റൊരു മെഡിക്കല്‍ പ്രശ്‌നത്തെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ടു ഞാന്‍ ഒരു വലിയ പാറയില്‍ ഇരുന്നു. വീട്ടില്‍ പ്രശ്‌നങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും, ആ നിമിഷത്തില്‍ എനിക്കു സമാധാനം ആവശ്യമായിരുന്നു. കറുത്ത, പരുക്കന്‍ പാറക്കെട്ടുകള്‍ക്കു നേരെ ആഞ്ഞടിക്കുന്ന തിരമാലകളെ ഞാന്‍ ഉറ്റുനോക്കി. തിരമാലയുടെ വളവിലെ ഇരുണ്ട നിഴല്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എന്റെ ക്യാമറയിലെ സൂം ഉപയോഗിച്ച്, തിരമാലകളുടെമേല്‍ ശാന്തമായി സഞ്ചരിക്കുന്ന കടലാമയാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ചിറകു സമാനമായ അതിന്റെ കൈകള്‍ ശാന്തമായി വിരിച്ചിരുന്നു. ഉപ്പുകാറ്റിലേക്കു മുഖം തിരിച്ചു ഞാന്‍ പുഞ്ചിരിച്ചു.

‘യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെ…സ്തുതിക്കും’ (സങ്കീര്‍ത്തനം 89:5). നമ്മുടെ അതുല്യനായ ദൈവം ‘സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ അവയെ അമര്‍ത്തുന്നു’ (വാ. 9). അവിടുന്ന് ‘ഭൂതലവും അതിന്റെ പൂര്‍ണ്ണതയും സ്ഥാപിച്ചിരിക്കുന്നു” (വാ. 11). അവിടുന്ന് എല്ലാം ഉണ്ടാക്കി, എല്ലാം അവിടുത്തെ സ്വന്തമാണ്, എല്ലാം അവിടുന്നു കൈകാര്യം ചെയ്യുന്നു, എല്ലാം അവിടുത്തെ മഹത്വത്തിനും നമ്മുടെ ആസ്വാദനത്തിനുമായി നിര്‍മ്മിച്ചിരിക്കുന്നു.

നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയില്‍ – നമ്മുടെ മാറ്റമില്ലാത്ത പിതാവിന്റെ സ്‌നേഹത്തില്‍ – നിന്നുകൊണ്ട്, നമുക്ക് അവിടുത്തെ ‘മുഖപ്രകാശത്തില്‍ നടക്കാന്‍ കഴിയും’ (വാ. 15). ദൈവം ശക്തിയില്‍ ഭയങ്കരനും നമ്മോടുള്ള ഇടപാടുകളില്‍ കരുണയുള്ളവനുമായി നിലകൊള്ളുന്നു. ദിവസം മുഴുവന്‍ നമുക്ക് അവിടുത്തെ നാമത്തില്‍ സന്തോഷിക്കാം (വാ. 16). എന്തു തടസ്സങ്ങള്‍ നാം നേരിട്ടാലും, എത്ര തിരിച്ചടികള്‍ സഹിക്കേണ്ടിവന്നാലും തിരമാലകള്‍ ഉയര്‍ന്നുവരുമ്പോള്‍ ദൈവം നമ്മുടെ കരത്തില്‍ പിടിക്കുന്നു.